കല്യാണവീട്ടിൽ നിന്ന് 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു; കേസായതോടെ പാതിരാത്രിയെത്തി സ്വർണം ഉപേക്ഷിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മേയ് ഒന്നിനായിരുന്നു വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങൾ നഷ്ടമായിരുന്നു. പൊലീസില്‍ പരാതിയും നൽകിയിരുന്നു
കണ്ണൂർ പലിയേരിയിലെ കല്യാണ വീട്ടിൽ നിന്ന് നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ബന്ധുവായ സ്ത്രീ പൊലീസ് പിടിയിൽ. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ കെ വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ കെ അർജുന്റെ ഭാര്യ ആർച്ച എസ് സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങൾ നഷ്ടമായിരുന്നു. പൊലീസില്‍ പരാതിയും നൽകിയിരുന്നു.
ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങൾ ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പിൽനിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്ഐ പി യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ കേസ് അന്വേഷിച്ചത്.
സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും ഫോൺ കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. വിവാഹപ്പിറ്റേന്ന് ബന്ധുക്കളെ കാണിക്കാനായി ഷെൽഫ് തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽനിന്ന് ആറുപേരുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ പിടിയിലായ പ്രതിയുടെ വിരലടയാളവും ഉൾപ്പെടും.
advertisement
കൂടുതൽ പരിശോധനയ്ക്കായി പ്രതിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോഴും സംശയം ഇരട്ടിച്ചു. കല്യാണദിവസം എപ്പോഴാണ് മടങ്ങിയത് എന്ന ചോദ്യത്തിന് വൈകിട്ട് എന്നാണ് പ്രതി മറുപടി പറഞ്ഞത്. എന്നാൽ രാത്രി ഒമ്പതുവരെ ഇവർ വിവാഹവീട്ടിലുണ്ടായിരുന്നു.
Location :
Kannur,Kannur,Kerala
First Published :
May 10, 2025 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കല്യാണവീട്ടിൽ നിന്ന് 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു; കേസായതോടെ പാതിരാത്രിയെത്തി സ്വർണം ഉപേക്ഷിച്ചു