ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർത്ഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽനിന്ന് ജ്യൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു
കൊച്ചി: ബേക്കറിയിൽനിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ചെന്ന കേസിൽ 11 വർഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പിൽ വീട്ടിൽ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംശയകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി പരാതി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിർദേശിച്ചത്.
2011 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽനിന്ന് ജ്യൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജ്യൂസ് കുടിച്ച സഹപാഠികൾക്ക് ആർക്കും കുഴപ്പം ഉണ്ടായില്ല.
advertisement
എന്നാൽ പോസ്റ്റുമോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോർമിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ എങ്ങനെ ആസിഡ് അംശം എത്തിയെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വന്നതോടെയാണ് കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്.
2017 നവംബർ 20ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തിൽ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല.
advertisement
സഹപാഠികൾക്ക് നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതോടെ മറ്റൊരു മകൻ ഛത്രപതി ശിവജിയെ കേസിൽ കക്ഷി ചേർത്താണ് ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Location :
First Published :
December 24, 2022 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർത്ഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്


