കൊല്ലം: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം(27) ആണ് അറസ്റ്റിലായത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയിൽ ഒരു ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലിൽ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.
യുവതി ഗർഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എല്ലാ ദിവസവും മർദ്ദനം തുടർന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതോടെ രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് യുവതിയുടെ വീട്ടുകാർ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇൻസ്പെക്ടർ എ അൽ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
ഭാര്യ കാമുകനൊപ്പം നാടുവിട്ടു; ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ
കാസർകോട്: ഭാര്യ കാമുകനൊപ്പം നാടുവിട്ടതിന് പിന്നാലെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിലാണ് വിനോദിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി കാണാതായിരുന്നു. ഈ സംഭവത്തിൽ ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ വിനോദ് പരാതി നല്കി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനെ ഫോണിൽ വിളിച്ച നളിനികാമുകനോടൊപ്പം കഴിയാനാണ് താല്പര്യമെന്ന് അറിയിച്ചു. ഇതേത്തുടർന്ന് സ്റ്റേഷനിൽനിന്ന് മടങ്ങിയെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
Also Read-
'എന്റെ തലയിൽ വൃഷ്ണം മുളച്ചതാണോയെന്ന് അവർ ചോദിച്ചു'; ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനെക്കുറിച്ച് ഹർഭജൻ സിങ്
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇരുപതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ
പാലക്കാട്: ഇരുപതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയിലാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യൻ - ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാൻ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്. ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞുപോയതിനാൽ സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.