• HOME
 • »
 • NEWS
 • »
 • crime
 • »
 • Kottayam Murder| മർദനമേറ്റ 38 പാടുകൾ; കണ്ണുകളിലൊന്ന് കുത്തേറ്റ് പൊട്ടി; 19 കാരൻ കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിൽ

Kottayam Murder| മർദനമേറ്റ 38 പാടുകൾ; കണ്ണുകളിലൊന്ന് കുത്തേറ്റ് പൊട്ടി; 19 കാരൻ കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിൽ

കണ്ണില്‍ വിരല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങള്‍ മൃതദേഹത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

 • Share this:
  കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കൊലപാതകമാണ് കോട്ടയത്തെ ഷാൻ ബാബുവിന്റേത്. 19കാരനെ അതിക്രൂരമായാണ് കുപ്രസിദ്ധ ഗുണ്ട കൊലപ്പെടുത്തിയത്. കാപ്പ ചുമത്തി നാട് കടത്തിയ ഗുണ്ടയാണ് നഗരമധ്യത്തിൽ വെച്ച് ക്രൂരകൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയും ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റെസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ ജോസാണ് (കെ ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

  ​കൊലയ്ക്ക് പിന്നിൽ?

  ഷാൻ ബാബുവിനെ ഗുണ്ടാ നേതാവ് ജോമോൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പൊലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത് രാജാണ് മറ്റൊരു കൊലപാതക കേസില്‍ പൊലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു. ഷാന്‍ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതും പ്രകാപനത്തിന് കാരണമായി.

  കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊടൈക്കനാൽ യാത്രക്കിടയിലെടുത്ത ചിത്രം 3 ദിവസം മുമ്പ് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇതിന് ലൈക്കടിച്ചതോടെയാണ് ഷാൻ ജോമോന്റെ നോട്ടപ്പുള്ളിയായത്. ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മര്‍ദിച്ചതും.

  നഗ്നനാക്കി മർദനം

  ഞായറാഴ്ച ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ ഷാനിനെ ജോമോനും സംഘവും മൂന്നുമണിക്കൂറോളം അതിക്രൂരമായി മർദിച്ചു. നഗ്നനാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് കാപ്പി വടികൊണ്ടായിരുന്നു മർദനം. ഷാൻ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ കൂട്ടാളികൾ ജോമോനെ മൃതദേഹത്തോടൊപ്പം വഴിയിൽ ഇറക്കിവിട്ടു. പൊലീസ് ക്ലബ്ബിന് മുന്നിൽ ഇറങ്ങിയ ജോമോൻ 300 മീറ്റർ അകലെയുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മൃതദേഹം ചുമലിലിട്ടാണ് എത്തിച്ചത്.

  ശരീരത്തിൽ മർദനമേറ്റ 38 പാടുകൾ

  കണ്ണില്‍ വിരല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങള്‍ മൃതദേഹത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഷാനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമാണ്. തലയോട്ടിക്ക് പൊട്ടലില്ല. എന്നാല്‍, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകളുണ്ട്. രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിന്‍ഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്.

  കൊല നടത്തിയത് അഞ്ചുപേർ ചേർന്ന്

  കൊലപാതകത്തിൽ അഞ്ച് പേർ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേര്‍ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
  Published by:Rajesh V
  First published: