• HOME
  • »
  • NEWS
  • »
  • crime
  • »
  • ഈരാറ്റുപേട്ട നഗരസഭ ഓഫീസിലെ അതിക്രമങ്ങൾ;മൂന്നുപേർ പോലീസ് പിടിയിൽ

ഈരാറ്റുപേട്ട നഗരസഭ ഓഫീസിലെ അതിക്രമങ്ങൾ;മൂന്നുപേർ പോലീസ് പിടിയിൽ

ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്

  • Share this:
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ കാര്യാലയത്തിൽ കഴിഞ്ഞദിവസം ഉണ്ടായ അതിക്രമ സംഭവങ്ങളിൽ  മൂന്നു പ്രതികളെ പോലീസ് പിടികൂടി. നടയ്ക്കൽ ഈലക്കയം ഭാഗത്ത് മറ്റക്കൊമ്പനാല്‍ വീട്ടിൽ അബ്ദുൽ കരീം, മകൻ നജീബ് പി.എ (56), ഇയാളുടെ മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ സക്കീർ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടുകൂടി ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.

പൊതുജനപ്രക്ഷോഭം എന്ന നിലയിലാണ് പ്രതികൾ ഓഫീസിൽ എത്തിയത്. തുടർന്ന് സീനിയർ ക്ലർക്കിനെതിരെ അക്രമം അഴിച്ചുവിട്ടു. ഇതുകൂടാതെ ഓഫീസിൽ ചെളി ചവിട്ടി തേയ്ക്കുകയും, ചെളിവെള്ളം ബക്കറ്റിൽ കോരി ഒഴിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും , ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽ ഒരാളായ നജീബിന്  ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും, അൻസാറിന്  ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിനിടെ കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ  ജോർജ്  മകൻ ജിജോ ജോർജ് (37) എന്നയാളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മേലുകാവ്, മുട്ടം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്  എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം, വധശ്രമം, അടിപിടി, കഞ്ചാവ് വില്പന, സംഘം ചേർന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കൂടാതെ മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും, തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസ്സിൽ പാലാ സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമപ്രകാരം  വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ  നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അതിനിടെ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ വീട്ടിൽ പ്രദീപ് മകൻ പ്രണവ് എന്ന് വിളിക്കുന്ന ശ്രീദേവ് (24) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ബന്ധുവും കൂടി കഴിഞ്ഞ ആഴ്ച  മൂഴിപ്പാറ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ ബിബിന്‍ എന്നയാളെയാണ് ആക്രമിച്ചത്. ശ്രീദേവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള  ബസ്സിലെ ഡ്രൈവറെ ബിബിന്റെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചിരുന്നു. ഇതുമൂലമുള്ള വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ്  ഇയാളും ബന്ധുവും കൂടി രേവതിപ്പടി ഭാഗത്ത് വച്ച്  മറ്റൊരു വാഹനത്തിൽ എത്തി ബിബിന്‍ ഓടിച്ചിരുന്ന ബസ്സിൽ ഇടിപ്പിക്കുകയും, ഇതിനെ തുടർന്ന് ബസിന് കേടുപാടു പറ്റി ട്രിപ്പ് മുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ബസ്സ്  സദനം എൻ.എസ്.എസ്  സ്കൂളിന് സമീപം നിർത്തിയിട്ട സമയത്താണ് ശ്രീദേവും ബന്ധവും കൂടി സ്കൂട്ടറിൽ എത്തി ബിബിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ശ്രീദേവിനെ മണിപ്പുഴയിൽ നിന്നും   പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, എസ്.ഐ അനീഷ് കുമാർ എം, ജസ്റ്റിന്‍ ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Anuraj GR
First published: