ബംഗളൂരുവിലെ ടോമിയും ഷൈനിയും വെട്ടിച്ചത് 100 കോടിയിലധികം; കാനഡയിലെ മകന്റെ അടുത്തേക്ക് സേഫ് ആയെന്ന് സൂചന
- Published by:ASHLI
- news18-malayalam
Last Updated:
കഴിഞ്ഞ 25 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുന്ന ടോമിയും ഭാര്യ ഷൈനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ ലാഭമാണ് ചിട്ടിയിലൂടെ വാഗ്ദാനം ചെയ്തത്
കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു.
ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 25 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുന്ന ടോമിയും ഭാര്യ ഷൈനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ ലാഭമാണ് ചിട്ടിയിലൂടെ വാഗ്ദാനം ചെയ്തത്.
രണ്ടുപതിറ്റാണ്ടായി ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറിലായിരുന്നു ചിട്ടി കമ്പനിയുടെ പ്രവർത്തനം. പല നിക്ഷേപകരും തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചു.
advertisement
സ്ഥലം വിറ്റും മറ്റുമാണ് പലരും പണം നിക്ഷേപിച്ചത്. വര്‍ഷങ്ങളായി ചിട്ടി കമ്പനി നടത്തി വരുന്ന ദമ്പതികള്‍ ആദ്യകാലത്ത് ചെറിയ നിക്ഷേപങ്ങളാണ് സ്വീകരിച്ചിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍.
ചെറിയ തുകയുടെ പരിധിയായത് കൊണ്ട് തന്നെ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍, കാലം മാറിയതോടെ ചിട്ടി കമ്പനി നടത്തിപ്പിന്റെ തന്ത്രങ്ങളും മാറ്റി. സ്ഥിര നിക്ഷേപത്തില്‍ അസാധാരണമായ റിട്ടേണുകളാണ് ഇവര്‍ വാഗ്ദാനം ചെയ്തത്.
വന്‍തുകകള്‍ വാഗ്ദാനം ചെയ്തതോടെ വലിയ തോതിലുള്ള നിക്ഷേപങ്ങളും കുമിഞ്ഞുകൂടിയ ചില നിക്ഷേപകര്‍ ഒന്നര കോടി വരെ നിക്ഷേപിച്ചതായാണ് വിവരം.
advertisement
വളരെ വേഗത്തില്‍ ലാഭം കിട്ടുമെന്നതാണ് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായത്. എന്നാല്‍, സമീപകാലത്ത് പണം വരവ് നിലയ്ക്കുകയും ദമ്പതികളെ ഫോണില്‍ കിട്ടാതാകുകയും ചെയ്തു.
ഏകദേശം 300 ഓളം നിക്ഷേപകരാണ് പൊലീസിന് പരാതി നല്‍കിയത്. ഇവരെല്ലാം വന്‍തുകകള്‍ നിക്ഷേപിച്ചതായാണ് വിവരം. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ സാവിയോ നല്‍കിയ പരാതിയില്‍ 70 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുത്തതായി പറയുന്നു.
ഇങ്ങനെ ഒരു ലക്ഷം മുതല്‍ 4.5 കോടി രൂപ വരെ എ ആന്‍ഡ് എ ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചവര്‍ ഉണ്ട്. നിക്ഷേപകരെ കബളിപ്പിച്ച് 100 കോടിയോളം രൂപയുമായി മലയാളി ദമ്പതികൾ മുങ്ങിയിരിക്കുകയാണ്.
advertisement
ബെംഗളൂരു ആസ്ഥാനമായുള്ള മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ടോമി. ദമ്പതികള്‍ കെആര്‍ പുരത്തെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ആ അപ്പാര്‍ട്ട്മെന്റും വില്‍പ്പന നടത്തി.
ദമ്പതികളുടെ മകള്‍ ബെംഗളൂരുവില്‍ തന്നെയാണ് താമസിക്കുന്നത്. ഒരു മകന്‍ ഗോവയിലും മറ്റൊരാള്‍ കാനഡയിലുമാണെന്നാണ് സൂചന. കാനഡയിലെ മകന്റെ അടുത്തേക്ക് ഇവര്‍ പോയെന്നാണ് സൂചന.
ജൂലൈ 3 മുതലാണ് ദമ്പതികളെ കാണാതായത്. കേസെടുത്ത പൊലീസ് ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇവരെ കുറിച്ച് വിവരം നല്‍കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
advertisement
ടോമിയെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇയാളുടെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. അതേസമയം കാനഡയിലുള്ള മകളുടെ അടുത്തേക്ക് മുങ്ങാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
25 വര്‍ഷം മുന്‍പാണ് ടോമിയുടെ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയിയത്. ആലപ്പുഴ രാമങ്കരി സ്വദേശിയായ ടോമി വളരെ അപൂര്‍വമായി മാത്രമേ നാട്ടിൽ വരാറുള്ളൂ.
ടോമിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ എസി റോഡിനോട് ചേര്‍ന്ന് വീടുണ്ടെങ്കിലും അത് ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണ്. ഇടയ്ക്കു നാട്ടില്‍ വരുന്നത് ഒഴിച്ചാല്‍ നാട്ടുകാരുമായി ടോമി ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
advertisement
ചെറുപ്പത്തില്‍ ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ടോമി. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ടോമിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നെന്നും കഥകളുണ്ട്.
Location :
Bangalore,Karnataka
First Published :
July 09, 2025 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബംഗളൂരുവിലെ ടോമിയും ഷൈനിയും വെട്ടിച്ചത് 100 കോടിയിലധികം; കാനഡയിലെ മകന്റെ അടുത്തേക്ക് സേഫ് ആയെന്ന് സൂചന