വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- Published by:user_57
- news18-malayalam
Last Updated:
സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്
കൊല്ലത്ത് വിസ്മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകുന്നതിനെ നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്.
സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ വിസ്മയ ഭർത്തൃ ഗൃഹത്തിൽ കൊടിയ മർദ്ദനം നേരിട്ടിരുന്നു
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് കീഴ്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
advertisement
അഡ്വ. ബി.എ. ആളൂർ വഴിയാണ് കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തുടർന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.
കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി. എ. ആളൂർ നേരത്തെ കോടതിയിൽ വാദിച്ചത്. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂർ വാദിച്ചിരുന്നു.
advertisement
എന്നാൽ, ആളൂരിന്റെ വാദം അസി. പബ്ളിക് പ്രോസിക്യൂട്ടർ (എ.പി.പി.) കാവ്യനായർ എതിർത്തു. നിലവിൽ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കേസല്ലെന്നും മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവർ വാദിച്ചു. കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാൽ വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യ റിമാൻഡ് കാലാവധി പൂർത്തിയായതിനാൽ ഇനി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി വേണം. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഇരു കോടതികളിലും പ്രോസിക്യൂട്ടർമാർ ജാമ്യം നൽകരുതെന്ന വാദം ഉയർത്തുന്നത്.
advertisement
സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചിരുന്നു.
ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 65 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
advertisement
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
Location :
First Published :
July 26, 2021 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്