കൊച്ചി: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥത അനുഭവപ്പെട്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ച യുവതി ഹണിട്രാപ്പ് (Honey Trap) നടത്താൻ ശമം. ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവതിയെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി റിന്‍സിനയെയാണ് പൊലീസ് പിടികൂടിയത്. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയില്‍ ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റിൻസിനയും സുഹൃത്തും പരാതിക്കാരനായ ഹോട്ടൽ ഉടമയുടെ റെസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ് യുവതി കുഴഞ്ഞു വീണു. ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് കൂടുതൽ പണം വേണമെന്ന് പറഞ്ഞു യുവതി ഹോട്ടൽ ഉടമയെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. യുവതി ചികിത്സയിൽ കഴിഞ്ഞ മുറിയിലേക്കാണ് ഹോട്ടൽ ഉടമയെ വിളിപ്പിച്ചത്. ഹോട്ടൽ ഉടമ ഇവിടെ എത്തുമ്പോൾ യുവതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
എന്നാൽ അവർ സംസാരിച്ചിരിക്കുമ്പോൾ രണ്ടു പേർ മുറിയിലേക്ക് വരുകയും ഹോട്ടൽ ഉടമയെ റിൻസിനയുമായി ചേർത്ത് ഇരുത്തി മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പക്കാതിരിക്കാൻ പണം നൽകണമെന്നതായിരുന്നു സംഘത്തിന്റെ ആവശ്യം. ഇതോടെ ഹോട്ടൽ ഉടമ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിൻസിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹണി ട്രാപ്പ് നടത്തിയതിന് കഴിഞ്ഞ മാസം റിൻസിനയ്ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പണം തട്ടാൻ ശ്രമിച്ചതിന് നേരത്തെ റിൻസിനയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ഒരു മാസത്തിനു ശേഷം താൻ ഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽനിന്ന് റിൻസിന പണം തട്ടിയിരുന്നു. ഈ കേസിൽ റിൻസിന അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. റിൻസിനയുടെ കാമുകനെയും മറ്റൊരു സുഹൃത്തിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റിൻസിനെയും വിശദമായി ചോദ്യം ചെയ്യുമെന്നും, മുമ്പ് നടത്തിയ ഹണി ട്രാപ്പ് തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ പരാതിക്കാർ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
News Summary- Honey Trap Kerala Police have arrested a woman for allegedly trying to extort money from a hotel owner by calling her to a hospital room.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Honey trap, Kerala police, Kochi