തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പറമ്പിൽ ഉപേക്ഷിച്ചത് സ്വർണമാലയ്ക്ക് വേണ്ടിയെന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം
തൃശൂര്‍: മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്നാണ് പൊലീസ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്.
വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതും വായിക്കുക: കെഎസ്ആർടിസി ബസിൽ യുവതിക്കു മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ
സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ട്.
advertisement
കൊല സ്വർണമാലക്കുവേണ്ടി
പിതാവിനെ കൊലപ്പെടുത്തിയത് സ്വർണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. നേരത്തെയും സുമേഷ് പിതാവ് സുന്ദരനോട് പണമൊക്കെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും വീട്ടിലെത്തിയ സുമേഷ് പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണമില്ല എന്ന് പറഞ്ഞതോടുകൂടി കഴുത്തിലുണ്ടായിരുന്ന മാല നൽകണം എന്നാവശ്യപ്പെട്ടു. ഇതിന് സുന്ദരൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പട്ടികകൊണ്ട് സുന്ദരന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുമേഷ് പറയുന്നത്. കൊലപാതകത്തിന് ശേഷം സ്വർണമാല പണയം വെച്ചു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊല്ലപ്പെട്ട സുന്ദരന്റെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഇന്ന് നടക്കും.
Location :
Thrissur,Thrissur,Kerala
First Published :
July 30, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പറമ്പിൽ ഉപേക്ഷിച്ചത് സ്വർണമാലയ്ക്ക് വേണ്ടിയെന്ന്