Lumpy Skin Disease | ചർമ മുഴ; ഇന്ത്യയിൽ 57,000 കന്നുകാലികള്‍ ചത്തെന്ന് കേന്ദ്രം; മനുഷ്യരിലേക്ക് പകരുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
രാജസ്ഥാനിലും ഗുജറാത്തിലും അണുബാധ അതിവേഗമാണ് പടരുന്നത്.
കന്നുകാലികളെ ( cattle) ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് ചർമ മുഴ അഥവാ ലംപി സ്‌കിന്‍ ഡിസീസ് (Lumpy Skin Disease). ഈ രോഗത്തെ തുടര്‍ന്ന് രാജ്യത്തുടനീളം 57,000 കന്നുകാലികള്‍ ചത്തതായാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതുവരെ 15.21 ലക്ഷം കന്നുകാലികളെയാണ് രോഗം ബാധിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലും ഗുജറാത്തിലും അണുബാധ അതിവേഗമാണ് പടരുന്നത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ആഗസ്റ്റില്‍ മാത്രം ഈ രണ്ട് സംസ്ഥാനങ്ങളിലായി 3000-ലധികം കന്നുകാലികളാണ് വൈറസ് ബാധിച്ച് ചത്തത്.
കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനെ തുടര്‍ന്ന് ഈ രോഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട 14 ജില്ലകളില്‍ കന്നുകാലികളെ കൊണ്ടുപോകുന്നത് ഗുജറാത്ത് നിരോധിക്കുകയും ചെയ്തു.
advertisement
എന്താണ് കന്നുകാലികളിലെ ചർമ മുഴ അഥവാ ലംപി സ്‌കിന്‍ ഡിസീസ്?
കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് ചർമ മുഴ എന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി (ഇഎഫ്എസ്എ) പറയുന്നു. ഇത് ഈച്ചകള്‍, കൊതുകുകള്‍, ചെള്ള് പോലുള്ള പ്രാണികള്‍ വഴിയാണ് പകരുന്നത്. കാപ്രിപോക്സ് വൈറസ് ജനുസ്സില്‍ പെട്ട പോക്സ്വിറിഡേ കുടുംബത്തില്‍ നിന്നുള്ള ഒരു വൈറസായ ലംപി ത്വക്ക് രോഗ വൈറസാണ് എല്‍എസ്ഡിക്ക് കാരണമാകുന്നതെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (WOAH) പറയുന്നു.
advertisement
രോഗം പടരുന്നത് എങ്ങനെ?
ഈ രോഗം അതിവേഗം പടരുന്നതാണ്. ഈച്ചകള്‍, കൊതുകുകള്‍, ചെള്ള് പോലുള്ള പ്രാണികള്‍ തുടങ്ങിയ ആര്‍ത്രോപോഡ് വെക്ടറുകളാണ് വഴിയാണ് രോഗം പകരുന്നതെന്ന് ഡബ്ല്യൂഒഎഎച്ച്) പറയുന്നു. രോഗം ബാധിച്ച മൃഗവുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പകരാന്‍ കാരണമാകുന്നുണ്ട്. അതേസമയം, രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ കലര്‍ന്ന തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.
Also Read- മേഘത്തെ ചുറ്റിയ സ്കാർഫ് പോലെ; ചൈനയിൽ കണ്ട 'പിലിയസ് മേഘങ്ങൾ' എന്ന അപൂർവ മഴവില്ലിനെ കുറിച്ച് അറിയാം
advertisement
ഒരു മൃഗം അണുബാധയില്‍ നിന്ന് പൂര്‍ണമായും മുക്തമായാല്‍ പിന്നീട് ഈ മൃഗത്തില്‍ നിന്ന് രോഗം പകരില്ല. എന്നാല്‍ രോഗ മുക്തി നേടിയ ശേഷവും ഏതാനും ആഴ്ചകള്‍ കൂടി രോഗബാധിതരായ മൃഗങ്ങളുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം കാണുമെന്നും പിന്നീട് പൂര്‍ണ്ണമായും ഇല്ലാതാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
പനി, ത്വക്കില്‍ കുരുക്കള്‍ ഉണ്ടാകുക, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവങ്ങള്‍ വരുക, പാല്‍ ഉത്പാദനം കുറയുക, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, വൈറസ് അണുബാധ മാരകമായേക്കാം, പ്രത്യേകിച്ച് മുമ്പ് വൈറസ് ബാധിച്ചിട്ടില്ലാത്ത മൃഗങ്ങളില്‍. രോഗം മൂലം പലപ്പോഴും പശുക്കള്‍ക്കും എരുമകള്‍ക്കും ഗര്‍ഭഛിദ്രം ഉണ്ടാകാറുണ്ട്.
advertisement
മനുഷ്യനെ ബാധിക്കുമോ?
ഡബ്ല്യൂഎച്ച്ഒ പറയുന്നതനുസരിച്ച് ഈ രോഗം സൂനോട്ടിക് അല്ല. അതായത് ഈ രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല.
രോഗം ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടത് എപ്പോള്‍?
നിലവിലെ തരംഗത്തിന് മുമ്പ്, 2020 സെപ്റ്റംബറില്‍ മഹാരാഷ്ട്രയില്‍ എല്‍എസ്ഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുജറാത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും കണ്ടുവരുന്ന ഒരു പ്രാദേശിക രോഗമായിരുന്നു എല്‍എസ്ഡി എന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്.
advertisement
എന്നാല്‍ 2012 മുതല്‍ ഇത് മിഡില്‍ ഈസ്റ്റ്, തെക്ക്-കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു. 2019 മുതല്‍, ഏഷ്യയിലെ പല രാജ്യങ്ങളിലും എല്‍എസ്ഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ 29,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ, പഞ്ചാബില്‍ മാത്രം 765 കന്നുകാലികല്‍ രോഗം ബാധിച്ച് ചത്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതൊക്കെ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്?
രാജസ്ഥാനില്‍ എട്ട് ലക്ഷത്തോളം പശുക്കള്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നും അതില്‍ 7.40 ലക്ഷം മൃഗങ്ങള്‍ ചികിത്സയിലാണെന്നും സംസ്ഥാന കൃഷി, മൃഗസംരക്ഷണ മന്ത്രി ലാല്‍ചന്ദ് കതാരിയ പറഞ്ഞു. അതേസമയം, പടിഞ്ഞാറന്‍ രാജസ്ഥാനില്‍ അണുബാധയുടെ നിരക്ക് അതിവേഗം കുറയുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും കതാരിയ പറഞ്ഞു.
advertisement
മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 34,243 കന്നുകാലികള്‍ രോഗം ബാധിച്ച് ചത്തു. അണുബാധ പടരാതിരിക്കാന്‍ ചത്ത മൃഗങ്ങളെ ശാസ്ത്രീയമായ രീതിയിലാണ് സംസ്‌കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ 2,331 ഗ്രാമങ്ങളില്‍ നിന്നായി 200 ഓളം കന്നുകാലികളാണ് രോഗം ബാധിച്ച് ചത്ത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി 300 കിലോമീറ്റര്‍ നീളമുള്ള ''ഇമ്യൂണ്‍ ബെല്‍റ്റ്'' സൃഷ്ടിക്കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തയ്യാറെടുക്കുകയാണ്. ഇതുവരെ സംസ്ഥാനത്തെ 23 ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അലിഗഡ്, മുസാഫര്‍നഗര്‍, സഹറന്‍പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്.
രോഗം തടയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നീക്കം?
രോഗം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകളുടെ ലഭ്യതയും പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ക്രമീകരണങ്ങളും പരിശോധിക്കുന്നതിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ഓഗസ്റ്റില്‍ അവലോകന യോഗം നടത്തിയിരുന്നു. ലംപി ത്വക്ക് രോഗം കൂടതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ റിംഗ് അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രോഗബാധിതരായ മൃഗങ്ങളെ ഐസൊലേറ്റ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ബയോസെക്യൂരിറ്റി, മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കല്‍, റിംഗ് വാക്‌സിനേഷന്‍ എന്നിവയിലൂടെ രോഗം പടരുന്നത് തടയാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രോഗബാധിതരായ മൃഗങ്ങള്‍ക്ക് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുകയും ഹെര്‍ബല്‍, ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വാക്‌സിനേഷന്‍?
ഇതുവരെ, ലംപി ത്വക്ക് രോഗത്തിനെതിരെ 97 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. എട്ട് ലക്ഷം കന്നുകാലികള്‍ വൈറസ് ബാധയില്‍ നിന്ന് മുക്തമായെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന ആട് പോക്സ് വാക്സിന്‍ 100 ശതമാനം ഫലപ്രദമാണെന്ന് രൂപാല പറഞ്ഞു. കന്നുകാലികളെ മേയ്ക്കുന്നവരെയുടെയും ക്ഷീരകര്‍ഷകരുടെയും ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതിനായി ഒരു ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ (1962) രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2022 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Lumpy Skin Disease | ചർമ മുഴ; ഇന്ത്യയിൽ 57,000 കന്നുകാലികള്‍ ചത്തെന്ന് കേന്ദ്രം; മനുഷ്യരിലേക്ക് പകരുമോ?