ഗോവയിലെ മോപയിൽ മുൻ മുഖ്യമന്ത്രി മോനഹർ പരീക്കറുടെ പേരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവർഷം 40 ലക്ഷം യാത്രക്കാർ മോപ വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നും ക്രമേണ ഈ ശേഷി 3.5 കോടി യാത്രക്കാരായി ഉയരുമെന്നും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ”ഒരു കാർഗോ ഹബ് എന്ന നിലക്ക്, ഗോവയ്ക്ക് പുതിയ വിമാനത്താവളം കൂടുതൽ അവസരങ്ങൾ നൽകും. പഴങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്കും പുതിയ വിമാനത്താവളം ഉത്തേജനമാകും”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിമാനത്താവളം ഗോവയുടെ ടൂറിസം മേഖലയെ വളർത്തുമെന്നും ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ”ഗോവയിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ കേന്ദ്ര സർക്കാരിന് നന്ദി പറയുന്നു. ഗോവയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എല്ലാ പിന്തുണയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകിയിട്ടുണ്ട്”, അദ്ദേഹം ട്വീറ്റ് ചെയ്തു.
മോപ വിമാനത്താവളത്തെക്കുറിച്ച് പത്ത് കാര്യങ്ങൾ:
1. 2,870 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പേരാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തേക്കുള്ള ഗതാഗതം സുഗമമാക്കുകയാണ് പുതിയ വിമാനത്താവളത്തിന്റെ പ്രധാന ലക്ഷ്യം.
2. 2016 നവംബറിലാണ്, ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന്റെ അനുബന്ധ സ്ഥാപനമായ ജിഎംആർ എയർപോർട്ട്സ് ലിമിറ്റഡ് (GAL), മോപ ഇന്റർനാഷണൽ എയർപോർട്ട് പ്രോജക്റ്റിനായി ഗോവ സർക്കാരുമായി കരാർ ഒപ്പിട്ടത്.
3. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 4.4 ദശലക്ഷം യാത്രക്കാർക്ക് ഈ വിമാനത്താവളത്തിലൂടെ സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷ. ക്രമേണ, ഈ കപ്പാസിറ്റി വർദ്ധിപ്പിക്കാനും കഴിയും.
4. നാല് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക യാത്രാ ശേഷി രണ്ടാം ഘട്ടത്തിൽ 5.8 ദശലക്ഷമായി ഉയർത്തും. മൂന്നാം ഘട്ടം പ്രതിവർഷം 9.4 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനും സാധിക്കും. നാലാം ഘട്ടം കൂടി പൂർത്തിയായാൽ വിമാനത്താവളത്തിന്റെ മൊത്തം ശേഷി പ്രതിവർഷം 13.1 ദശലക്ഷം യാത്രക്കാരിലേക്കെത്തും.
5. സുസ്ഥിര ഇൻഫ്രാസ്ട്രക്ചർ എന്ന ആശയം അടിസ്ഥാനമാക്കിയാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. സോളാർ പവർ പ്ലാന്റ്, ഹരിത കെട്ടിടങ്ങൾ, റൺവേയിൽ എൽഇഡി ലൈറ്റുകൾ, മഴവെള്ള സംഭരണം, റീസൈക്ലിംഗ് സൗകര്യങ്ങളോടു കൂടിയ അത്യാധുനിക മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങി നിരവധി സവിശേഷതകൾ ഈ വിമാനത്താവളത്തിനുണ്ട്.
6. 3-ഡി മോണോലിത്തിക്ക് പ്രീകാസ്റ്റ് ബിൽഡിംഗുകൾ, സ്റ്റെബിൽറോഡ്, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികൾ, 5ജി തുടങ്ങിയ സാങ്കേതിക വിദ്യകളും വിമാനത്താവളത്തിനുണ്ട്.
7. ലോകത്തിലെ ഏറ്റവും വലിയ വിമാനമിറക്കാൻ ശേഷിയുള്ള റൺവേ, 14 പാർക്കിംഗ് ബേകൾ, വിമാനങ്ങൾ രാത്രി പാർക്ക് ചെയ്യാനുള്ള സൗകര്യം, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ തുടങ്ങിയവ മറ്റു സവിശേഷതകൾ.
8. ഗോവൻ നിർമിത അസുലെജോസ് ടൈലുകളും വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഫുഡ് കോർട്ട് ഗോവൻ കഫേകളുടെ തനത് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടുത്തെ ക്യുറേറ്റഡ് ഫ്ലീ മാർക്കറ്റിൽ പ്രാദേശിക കരകൗശല വിദഗ്ധർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും സാധിക്കും.
9. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.
10. 2023 ജനുവരി 5 മുതൽ മോപ വിമാനത്താവളം പ്രവർത്തനമാരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.