‘ഭൂകമ്പങ്ങള്‍ ആളുകളെ കൊല്ലുന്നില്ല, പക്ഷേ കെട്ടിടങ്ങളാണ് കൊല്ലുന്നത്’ എന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതാണ് തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത്. ഈ രണ്ട് രാജ്യങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 5,000-ത്തിലധികം പേര്‍ മരിക്കുകയും 5,700-ലധികം കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാകുകയും, അനാഥരാകുകയും ചെയ്തു. പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യയിൽ ഭൂകമ്പം ഉണ്ടായാൽ ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്നതാണെങ്കില്‍, തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചതുപോലെ സ്ഥിതിഗതികള്‍ അത്ര വിനാശകരമായി മാറില്ല. എന്നാൽ ഡൽഹിയിലെ ഭൂകമ്പ സാധ്യതയെത്രയെന്ന് പരിശോധിക്കാം?
ഡല്‍ഹിയിലെ ഭൂകമ്പ സാധ്യത
രാജ്യത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ ഒന്നാണ് ഡല്‍ഹി. ‘സാധാരണയായി റിക്ടര്‍ സ്‌കെയിലില്‍ 5-6 തീവ്രതയുള്ള ഭൂചലനങ്ങളും, 6-7 തീവ്രതയുള്ളതും ഇടയ്ക്ക്7-8 തീവ്രതയുള്ളതുമായ ഭൂകമ്പസാധ്യത കൂടുതലുള്ള സോണ്‍ IV ലാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നതെന്ന്,’ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA) പറയുന്നു. ഹിമാലയത്തിലുണ്ടാകുന്ന വലിയ ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ശക്തമായ കുലുക്കം ഉണ്ടായേക്കുമെന്നാണ് വിവരം.
‘റിക്ടര്‍ സ്‌കെയിലില്‍ 7 ഉം അതിനു മുകളിലും ഉള്ള ഭൂകമ്പം ഉണ്ടായാല്‍, തുര്‍ക്കിയില്‍ സംഭവിച്ച നാശം നമുക്ക് ഇവിടെയും സംഭവിച്ചേക്കാമെന്ന്’വിദഗ്ധര്‍ പറയുന്നതായി നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പ്രോജക്ട് മാനേജ്മെന്റ് സര്‍വീസസ് മേധാവി, സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡെബെന്‍ മോസ പറയുന്നു.
ഇന്ത്യയിലെ പ്രദേശങ്ങളെ നാല് ഭൂകമ്പ മേഖലകളായാണ് തിരിച്ചിരിക്കുന്നത്. സോണ്‍ V ഭൂകമ്പം ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ്, അതേസമയം സോണ്‍ II ഏറ്റവും കുറവ് ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ്.
‘രാജ്യത്തിന്റെ ഏകദേശം 11 ശതമാനം പ്രദേശങ്ങളും സോണ്‍ V-ലും,18 ശതമാനം സോണ്‍ IV-ലും, ഏകദേശം 30 ശതമാനം സോണ്‍ IIIലും, ബാക്കി സോണ്‍ IIലുമാണ് ഉൾപ്പെടുന്നത്. ‘2022 -ല്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
ശക്തമായ ഭൂകമ്പങ്ങളെ നേരിടാന്‍ ഡല്‍ഹിയ്ക്ക് കഴിയുമോ?
ഡല്‍ഹിയിൽ ഭൂകമ്പമുണ്ടായാൽ മരണങ്ങളും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലസ്ഥാനത്തെ ഇത്തരം ദുരന്തങ്ങള്‍ വലിയ സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് ഡല്‍ഹി സ്വദേശികളെ മാത്രമല്ല, രാജ്യത്തെയാകെ ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്?
ശക്തമായ ഭൂകമ്പമുണ്ടായാൽ ഡല്‍ഹിയിലെ ഏകദേശം 90 ശതമാനം കെട്ടിടങ്ങളും അപകടത്തിലാണെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും (എംസിഡി) ചില ഗവേഷകരും പറയുന്നതായി 2019-ല്‍ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡല്‍ഹിയിലെ മിക്ക കെട്ടിടങ്ങളും ഭൂകമ്പ പ്രതിരോധം സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ഡിഡിഎംഎ പറയുന്നു. 1930കളില്‍ തന്നെ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഡിസൈന്റെ ആദ്യ പ്രാക്ടീസ് കോഡ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ 1935-ലെ ക്വറ്റ ഭൂകമ്പത്തിന് ശേഷം 1962-ല്‍ ഭൂകമ്പത്തിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഡിസൈനിനുള്ള കോഡ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, പുതിയ നിര്‍മ്മാണങ്ങളെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതാണെന്ന് അധികൃതർ ഉറപ്പാക്കിയാലും പ്രശ്‌നങ്ങൾ നിലനില്‍ക്കുമെന്ന് വിദഗ്ധർ പറയുന്നു.
Also Read- യുഎസ് സൈന്യം വെടിവെച്ചിടുന്ന അജ്ഞാത വസ്തുക്കൾ എന്താണ്? ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ?
ഇന്ത്യയില്‍ നേരത്തെ അവതരിപ്പിച്ച ചില കോഡുകള്‍
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും ‘നാഷണല്‍ ബില്‍ഡിംഗ് കോഡ് ഓഫ് 2016’ ൽ ഇന്ത്യയിലെ കെട്ടിടങ്ങളെ ഭൂകമ്പത്തിൽ നിന്ന് സുരക്ഷിതനാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുണ്ട്.
‘രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ്, ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ സോണ്‍ IV കോഡുകള്‍ അനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന തീവ്രതയുള്ള ഭൂകമ്പങ്ങളെ നേരിടുന്ന സോണ്‍ V കോഡുകള്‍ അനുസരിച്ചാണ് രൂപകല്‍പ്പന ചെയ്യുന്നത്,” മോസ CNBCTV18.comനോട് പറഞ്ഞു.
ഡല്‍ഹിയിലെ കെട്ടിടങ്ങളെ ദുര്‍ബലമാക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍
കോഡ് അനുസരിച്ചാണ് നിര്‍മ്മാണം നടക്കുന്നതെങ്കിൽ പോലും, പല കെട്ടിടങ്ങളിലും ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികളും വെള്ളവും കെട്ടിടത്തിന്റെ ശക്തി അനുദിനം ദുര്‍ബലമാക്കുന്നു. സാധാരണ ഗതിയില്‍, ഒരു കെട്ടിടത്തിന്റെ ആയുസ്സ് 50 വര്‍ഷമാണ്, എന്നാല്‍ വെള്ളത്തിന്റെ ഗുണനിലവാരവും മോശം നിര്‍മ്മാണ സാമഗ്രികളും ഉപയോഗിക്കുന്നതിനാല്‍ ഇത് പകുതിയായി കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭൂകമ്പ മേഖലകള്‍
സോണ്‍ V: ജമ്മു കശ്മീരിന്റെ ഭാഗങ്ങള്‍ (കാശ്മീര്‍ താഴ്വര), ഹിമാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗം, ഉത്തരാഖണ്ഡിന്റെ കിഴക്കന്‍ ഭാഗം, ഗുജറാത്തിലെ റാണ്‍ ഓഫ് കച്ച്, വടക്കന്‍ ബീഹാറിന്റെ ഭാഗം, ഇന്ത്യയിലെ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളും ഇതില്‍ ഉള്‍പ്പെടുന്നു.
സോണ്‍ IV: ജമ്മു & കശ്മീരിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുടെ ബാക്കി ഭാഗങ്ങള്‍, ഹരിയാനയുടെ ചില ഭാഗങ്ങള്‍, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, ഡല്‍ഹി, സിക്കിം, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗം, ബീഹാറിന്റെയും പശ്ചിമ ബംഗാളിന്റെയും ചെറിയ ഭാഗങ്ങള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ തീരത്തിനടുത്തുള്ള മഹാരാഷ്ട്രയുടെ ചെറിയ ഭാഗങ്ങള്‍ പടിഞ്ഞാറന്‍ രാജസ്ഥാന്റെ ചെറിയ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സോണ്‍ III: കേരളം, ഗോവ, ലക്ഷദ്വീപ് ദ്വീപുകള്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവയുടെ ചില ഭാഗങ്ങള്‍, ഗുജറാത്തിന്റെയും പഞ്ചാബിന്റെയും ബാക്കി ഭാഗങ്ങള്‍, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ രാജസ്ഥാന്റെ ഒരു ഭാഗം, മധ്യപ്രദേശിന്റെ ഭാഗം, ബീഹാറിന്റെ ബാക്കി ഭാഗം, ജാര്‍ഖണ്ഡിന്റെ വടക്കന്‍ ഭാഗങ്ങള്‍ കൂടാതെ ഛത്തീസ്ഗഡ്, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, ഒഡീഷയുടെ ചില ഭാഗങ്ങള്‍, ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സോണ്‍ II: രാജസ്ഥാന്റെയും ഹരിയാനയുടെയും ശേഷിക്കുന്ന ഭാഗങ്ങള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുടെ ബാക്കി ഭാഗങ്ങള്‍, ഒഡീഷയുടെയും ആന്ധ്രാപ്രദേശിന്റെയും ബാക്കി ഭാഗങ്ങള്‍, തെലങ്കാനയുടെയും കര്‍ണാടകയുടെയും ബാക്കി ഭാഗങ്ങള്‍, തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങൾ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.