• HOME
  • »
  • NEWS
  • »
  • explained
  • »
  • ഇന്ത്യയിൽ റേഡിയോ മിണ്ടി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട്; ചരിത്രയാത്രയിലെ ഏഴ് സുപ്രധാന സംഭവങ്ങള്‍

ഇന്ത്യയിൽ റേഡിയോ മിണ്ടി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട്; ചരിത്രയാത്രയിലെ ഏഴ് സുപ്രധാന സംഭവങ്ങള്‍

1923 ജൂണ്‍ മാസത്തിലാണ് ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബ് ആരംഭിച്ചത്

  • Share this:

    നൂറ് വര്‍ഷം മുമ്പാണ് മുംബൈ നഗരത്തില്‍ ഇന്ത്യയുടെ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത്. 1923 ജൂണ്‍ മാസത്തിലാണ് ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബ് ആരംഭിച്ചത്. അധികം താമസിയാതെ ആ വർഷം തന്നെ നവംബറിൽ കൽക്കട്ട റേഡിയോ ക്ലബ് വന്നു. 1924-ൽ മദ്രാസ് റേഡിയോ ക്ലബ് ആരംഭിച്ചു. ചെറിയ രീതിയിൽ വാർത്തകൾ സംപ്രേക്ഷണം ചെയ്തും ആഴ്ചയിൽ കുറച്ചു സമയം മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഗീതകച്ചേരികൾ കേൾപ്പിച്ചുമൊക്കെയായിരുന്നു തുടക്കകാലത്തെ റേഡിയോ പ്രക്ഷേപണം. പിന്നീട് രാജ്യത്തെ പ്രധാന വാര്‍ത്താവിനിമയോപാധിയായി റേഡിയോ മാറുകയായിരുന്നു.

    സാമ്പത്തിക പ്രതിസന്ധികള്‍ ആദ്യകാല റേഡിയോ ക്ലബ്ബുകളെ വികസനത്തില്‍ പിന്നോട്ടടിച്ചപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു സുപ്രധാന തീരുമാനം കൈകൊണ്ടു. അതിനായി അവര്‍ ആരംഭിച്ചതാണ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ്. 1930ല്‍ ആരംഭിച്ച ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ്, പിന്നീട് ആള്‍ ഇന്ത്യ റേഡിയോയായി മാറുകയായിരുന്നു. 1936ലായിരുന്നു ആള്‍ ഇന്ത്യ റേഡിയോ സ്ഥാപിതമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും യുദ്ധകാലത്തും ദേശീയ ദുരന്ത സമയങ്ങളിലും ആളുകളെ വിവരങ്ങൾ അറിയിക്കുന്നതിൽ റേഡിയോ പ്രധാന പങ്കുവഹിച്ചിരുന്നു. സാംസ്കാരികവും പ്രായോഗികവുമായ അറിവുകൾ രാജ്യത്തുടനീളം പ്രചരിപ്പിക്കാനും റേഡിയോയ്ക്ക് കഴിഞ്ഞിരുന്നു.
    Also Read- ആരാണ് അദാനി വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച ജോർജ് സോറോസ്?

    ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നാണ് ഓള്‍ ഇന്ത്യ റേഡിയോ. ഏകദേശം 23 ഭാഷകളിലുള്ള പ്രക്ഷേപണം, 479 റേഡിയോ സ്റ്റേഷനുകള്‍, എന്നിങ്ങനെ വലിയ വളർച്ചയാണ് ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ 99 ശതമാനം ജനങ്ങളിലേക്കും വിവരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യയിലെ റേഡിയോ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ത്യയുടെ 100 വര്‍ഷത്തെ റേഡിയോ ചരിത്രത്തിലെ ചില സുപ്രധാന സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.

    1. ആകാശവാണി ജിംഗിള്‍

    ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്ന ഒന്നാണ് ആകാശവാണിയുടെ ജിംഗിള്‍. ശിവരഞ്ജിനി രാഗത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ജിംഗിള്‍. നാസികളെ ഭയന്ന് പരാഗ്വേയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു ജൂത അഭയാര്‍ത്ഥിയായ വാള്‍ട്ടര്‍ കൗഫ്മാന്‍ ആണ് ഈ ജിംഗിളിന്റെ സംഗീത സംവിധാനം ചെയ്തത്. 1937ലാണ് ഇദ്ദേഹം ആള്‍ ഇന്ത്യാ റേഡിയോയുടെ മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നത്. ഒമ്പത് വർഷത്തിനിടയിൽ, അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോയ്ക്ക് നിരവധി സംഭാവനകൾ നൽകി. ആദ്യ റേഡിയോ നാടകമായ അനസൂയ അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒന്നാണ്. എന്നാൽ ഇവയിൽ എക്കാലത്തും മികച്ച് നിൽക്കുന്നത് ആകാശവാണിയുടെ ആ ജിംഗിൽ തന്നെയാണ്.

    2. കോണ്‍ഗ്രസ് റേഡിയോ

    1942 ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. അന്ന് മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് വെച്ച് “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ജനങ്ങള്‍ മനസ്സു കൊണ്ട് സ്വീകരിച്ച സമയമായിരുന്നു. അന്ന് ആ പരിപാടിയില്‍ പങ്കെടുത്ത ഉഷ മേഹ്ത എന്ന 22കാരി ഈ മുദ്രാവാക്യം മനസ്സ് കൊണ്ട് ഏറ്റെടുത്തു. പിന്നീട് കോണ്‍ഗ്രസ് റേഡിയോ എന്ന ആശയം കൊണ്ടുവന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉഷ റേഡിയോ ഉപയോഗിച്ചു. ബഹിഷ്കരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും അറസ്റ്റുകളുടെയും വാർത്തകളാണ് അവർ സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഇവര്‍ക്കായില്ല. ബ്രിട്ടീഷ് പൊലീസ് ഈ റേഡിയോ പ്രക്ഷേപണം പിന്നീട് നിര്‍ത്തിവയ്പ്പിച്ചു.

    3. ”വിധിയുമായി ഒരു കൂടിക്കാഴ്ച്ച”

    ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടൻ അർധരാത്രി ജവഹര്‍ലാല്‍ നെഹ്‌റു ആകാശവാണിയിലൂടെ നല്‍കിയ പ്രസംഗമാണ് “വിധിയുമായി ഒരു കൂടിക്കാഴ്ച്ച” എന്ന പേരിലറിയപ്പെടുന്നത്. അന്ന് റേഡിയോയിലൂടെയാണ് രാജ്യം സ്വതന്ത്രമായ വാര്‍ത്ത ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞത്. അക്കാലത്ത് രാജ്യത്ത് ഒരു ടെലിവിഷൻ ട്രാൻസ്മിറ്റർ പോലും ഉണ്ടായിരുന്നില്ല. നിരവധി ആളുകൾ സ്വാതന്ത്രലബ്ദി എന്ന ആ ചരിത്ര നിമിഷം റേഡിയോയിലൂടെയാണ് അറിഞ്ഞത്.

    4. ”പ്രകാശം നമ്മെ വിട്ടു പോയി”

    രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ നിര്യാണവും ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞത് റേഡിയോയിലൂടെയാണ്. 1948ൽ ഗാന്ധിജി കൊല്ലപ്പട്ട വിവരം ആള്‍ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടു പോയി, എങ്ങും ഇരുട്ട് മാത്രം’ എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍.

    5. വാദ്യ വൃന്ദ

    വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് മാത്രമല്ല കലകളുടെ പ്രോത്സാഹനവും റേഡിയോയുടെ ഉത്തരവാദിത്തമാണെന്ന് തെളിയിച്ച പരിപാടിയായിരുന്നു വാദ്യ വൃന്ദ. 1952ല്‍ അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന ബിവി കേസ്‌കര്‍ ആണ് ഈ ആശയം കൊണ്ടുവന്നത്. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കറിന് കീഴില്‍ വാദ്യ വൃന്ദത്തിന്റെ ഒരു യൂണിറ്റ് അദ്ദേഹം ഡല്‍ഹിയില്‍ സ്ഥാപിച്ചു. നിരവധി വാദ്യകലാകാരന്‍മാര്‍ക്ക് അവസരം നല്‍കിയ പരിപാടിയായിരുന്നു ഇത്. പിടി പന്ന ലാൽ ഘോഷ്, അനിൽ ബിശ്വാസ്, എച്ച്എൽ സെഹ്ഗാൾ, ടി കെ ജയറാം അയ്യർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ ശാസ്ത്രീയ സംഗീതരംഗത്തെ പല പ്രമുഖരും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ ആലാപനം ആയിരുന്നു ഇതിൽ ഏറ്റവും മികച്ച പ്രക്ഷേപണങ്ങളിലൊന്ന്.

    6. വിവിധ് ഭാരതി

    വിനോദപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ആള്‍ ഇന്ത്യ റേഡിയോ പദ്ധതിയാണ് വിവിധ് ഭാരതി. 1957ലാണ് ഇതാരംഭിക്കുന്നത്. ചലച്ചിത്രഗാനങ്ങള്‍, സ്‌കിറ്റുകള്‍, ചെറിയ നാടകങ്ങള്‍, തുടങ്ങിയവ വിവിധ് ഭാരതിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. 2008 വരെ വിവിധ് ഭാരതി പരിപാടികള്‍ ഡിടിഎച്ച് വഴി ലഭ്യമായിരുന്നു.

    7. യുവവാണി

    യുവജനങ്ങള്‍ക്കായി 1969 ജൂലൈയില്‍ ആരംഭിച്ചതാണ് യുവവാണി. സമകാലിക സംഭവങ്ങളോടുള്ള യുവാക്കളുടെ നിലപാട്, അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു വേദി എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി നിലവില്‍ വന്നത്. പാശ്ചാത്യ സംഗീതം പ്രോത്സാഹിപ്പിക്കുക, സമകാലിക സംഭവങ്ങളോടുള്ള യുവാക്കളുടെ അഭിപ്രായം അറിയുക, എന്നിവയെല്ലാം ഈ പരിപാടിയുടെ ലക്ഷ്യങ്ങളായിരുന്നു. രാജ്യത്തെ നിരവധി പ്രതിഭകളുടെ ഉദയത്തിന് ഈ പരിപാടി കാരണമായി. ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ബസു, രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരി, എഴുത്തുകാരന്‍ അമിതാവ് ഘോഷ് എന്നിവരെല്ലാം യുവവാണി പരിപാടിയില്‍ പങ്കെടുത്തിരുന്നു. 1990 കളില്‍ സ്വകാര്യ റേഡിയോ എഫ്എം സ്റ്റേഷനുകള്‍ വ്യാപകമാകുന്നത് വരെ യുവവാണി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2014 ഓടെ യുവവാണി പരിപാടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

    Published by:Naseeba TC
    First published: