വെറും 90 മിനിറ്റ് വിമാനയാത്ര കൊണ്ട് ബിസിനസുകാരനും ബഹിരാകാശ യാത്രികനുമായ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശ യാത്രയ്ക്ക് പുതിയ ജാലകം തന്നെയാണ് തുറന്നിരിക്കുന്നത്. റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്‌റ്റിക് എന്ന കമ്പനി ബഹിരാകാശ യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ബഹിരാകാശ യാത്ര ലളിതവും സുരക്ഷിതവുമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് ബ്രാൻസൺ ചെയ്തിരിക്കുന്നത്. ഒരു പുതിയ ബഹിരാകാശ യുഗത്തിനാണ് ബ്രാൻസൺ തിരി തെളിച്ചിരിക്കുന്നത്.
ആരാണ് റിച്ചാർഡ് ബ്രാൻസൺ?
വിർജിൻ ഗ്രൂപ്പിന്റെ ഉടമയും 5.5 ബില്യൺ ഡോളർ വിലമതിക്കുന്ന സീരിയൽ സംരംഭകനുമായ ബ്രിട്ടീഷ് വംശജനാണ് റിച്ചാർഡ് ബ്രാൻസൺ. ആശയങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്നതിൽ വിശ്വസിക്കുന്ന സാഹസികനും മനുഷ്യസ്‌നേഹിയുമാണ് ഇദ്ദേഹം. ഒപ്പം ആഡംബരത്തിനും പേരുകേട്ട വ്യക്തിയാണ് ബ്രാൻസൺ. 50 വർഷത്തിലേറെയായി ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ആദ്യസംരംഭം ‘സ്റ്റുഡന്റ്’ എന്ന മാസികയായിരുന്നു. അതിന്റെ ആദ്യപതിപ്പ് 1966ൽ യുകെയിലാണ് ആരംഭിച്ചത്. ബ്രാൻസൺ എയർലൈൻസ് മുതൽ സൗന്ദര്യവർദ്ധകവസ്തുക്കൾ വരെയുള്ള എല്ലാ ബിസിനസ് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ബിസിനസ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളാണ് ഇദ്ദേഹം എങ്കിലും പവർബോട്ട് റേസിംഗ്, ഹോട്ട്-എയർ ബലൂണിംഗ് എന്നിവയിൽ റെക്കോർഡുകൾ സൃഷ്ടിച്ച വ്യക്തി കൂടിയാണ് ബ്രാൻസൺ.
ബഹിരാകാശത്തേക്കുള്ള ദൂരം?
ജൂലൈ 11ന് ബ്രാൻസണും മറ്റ് അഞ്ച് സഹയാത്രികരും ചേർന്ന് ബഹിരാകാശ യാത്ര പുറപ്പെട്ടത്. ബ്രാൻസണും രണ്ട് പൈലറ്റുമാരും ക്യാബിനിലെ നാല് മിഷൻ സ്പെഷ്യലിസ്റ്റുകളും അടങ്ങുന്നതാണ് സംഘം. യൂണിറ്റി 22 മിഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആറ് ക്രൂ അംഗങ്ങളെ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 90 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷം അവസാനിക്കുകയും ബഹിരാകാശം ആരംഭിക്കുകയും ചെയ്യുന്ന സാങ്കൽപ്പിക രേഖയിലേക്കാണ് കൊണ്ടു പോകുന്നത്. ഗുരുത്വാകർഷണം അനുഭവിക്കാൻ യാത്രക്കാർക്ക് കഴിയുന്ന സ്ഥലമാണിത്.
ബ്രാൻസൺ ബഹിരാകാശത്തേക്ക് പോകുന്ന വാഹനം ഏതാണ്?
വിർജിൻ ഗാലക്റ്റിക് റിപ്പോർട്ട് അനുസരിച്ച്, ഈ ബഹിരാകാശ യാത്രാ സംവിധാനത്തിൽ യഥാർത്ഥത്തിൽ രണ്ട് വാഹനങ്ങൾ ഉൾപ്പെടുന്നു. ബ്രാൻസന്റെ അമ്മയുടെ പേരിലുള്ള കാരിയർ വിമാനമായ വിഎസ്എസ് ഈവ്, സ്പേസ്ഷിപ്പ് ടു (എസ്എസ് 2) എന്നിയാണ് യൂണിറ്റി ബഹിരാകാശ വിമാനത്തിന്റെ രണ്ട് ഭാഗങ്ങൾ. വിഎസ്‌എസ് ഈവ് ആണ് റൺവേയിൽ നിന്ന് 50,000 അടി ഉയരം വരെ പറക്കുന്നത്. ആവശ്യമുള്ള ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ, വിഎസ്‌എസ് ഈവ് ബഹിരാകാശ വിമാനം പുറത്തിറക്കും. ഈ ബഹിരാകാശ വാഹനം 300,000 അടി അല്ലെങ്കിൽ ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ എത്തും. “ഫ്ലൈറ്റിന്റെ ആകെ യാത്രാ സമയം ഏകദേശം 90 മിനിറ്റാണ്.
ഒപ്പമുള്ള യാത്രക്കാർ
ഒരു സമ്പൂർണ്ണ ക്രൂവുമൊത്തുള്ള ആദ്യ ബഹിരാകാശ യാത്രയാണ് യൂണിറ്റി 22 മിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'ക്യാബിൻ, ഉപഭോക്തൃ അനുഭവ ലക്ഷ്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്' ഈ യാത്ര ലക്ഷ്യമിടുന്നത്. ക്യാബിൻ, ഇരിപ്പിട സൗകര്യം, ഭാരമില്ലായ്മയുടെ അനുഭവം, ഭൂമിയുടെ കാഴ്ചകൾ എന്നിവ എങ്ങനെയുണ്ടെന്നാണ് ഈ യാത്രയിലൂടെ വിലയിരുത്തുക. ഈ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചു കൊണ്ടാകും വിർജിൻ ഗാലക്സിയിലെ പ്രധാന ഉദ്യോഗസ്ഥർ വിമാനത്തിലെ സീറ്റുകൾ ഇനി നിറക്കുക. ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്‌ല ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഗവേഷണ അനുഭവം വിലയിരുത്തും. യു എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന്റെ ഭാഗമായ കൽപ്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ബന്ദ്‌ല.
ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും
വിർജിൻ ഗാലക്‌ടിക്കിന്റെ മുഖ്യ ബഹിരാകാശ പരിശീലകനായ ബെത്ത് മോസസ്, കമ്പനിയുടെ ലീഡ് ഓപ്പറേഷൻസ് എഞ്ചിനീയർ കോളിൻ ബെന്നറ്റ് എന്നിവരാണ് ക്യാബിനിൽ ബ്രാൻസണെയും ബന്ദ് ലയെയും അനുഗമിക്കുന്ന മറ്റ് ക്രൂ അംഗങ്ങൾ. കാരിയർ വിമാനത്തിന് രണ്ട് പൈലറ്റുമാരാണുള്ളത്. ബഹിരാകാശ വിമാനം കൈകാര്യം ചെയ്യുന്നത് ഡേവ് മക്കെ, മൈക്കൽ മസൂച്ചി എന്നീ പൈലറ്റുമാരാണ്. കമ്പനിയുടെ എട്ട് പൈലറ്റുമാരുടെ ടീമിന്റെ ഭാഗമാണിത്.
ടിക്കറ്റുകൾ എങ്ങനെ ലഭ്യമാകും?
വിർജിൻ ഗാലക്റ്റിക് ഫ്ലൈറ്റിനായി റിസർവേഷൻ ഉള്ള 60 രാജ്യങ്ങളിൽ നിന്നുള്ള 600ഓളം ഭാവി ബഹിരാകാശയാത്രികരുണ്ടെന്ന് വിർജിൻ ഗാലക്റ്റിക് പ്രസ്താവനയിൽ പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കായി ഇതുവരെ ആയിരത്തോളം ആളുകൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സീറ്റ് റിസർവേഷനിൽ ഇവർക്കായിരിക്കും മുൻഗണനയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 2022ൽ വാണിജ്യ ബഹിരാകാശ യാത്രകൾ ആരംഭിക്കുമെന്നും വിർജിൻ ഗാലക്റ്റിക് പറഞ്ഞു. അതിനുമുമ്പ് വരും മാസങ്ങളിൽ രണ്ട് ടെസ്റ്റ് ഫ്ലൈറ്റുകൾ കൂടി ഉണ്ടായിരിക്കും.
ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ
ബഹിരാകാശത്തിന്റെ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ബ്രാൻസന്റെ കമ്പനി മാത്രമല്ല സൗകര്യമൊരുക്കുക. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഈ മാസം അവസാനം ബഹിരാകാശ യാത്ര നടത്തുന്നുണ്ട്. ബ്ലൂ ഒറിജിന്റെ ലക്ഷ്യവും വാണിജ്യ ബഹിരാകാശ യാത്രകൾ തന്നെയാണ്. ബഹിരാകാശത്തെ കാഴ്ചകൾ കുട്ടിക്കാലം മുതൽ ബെസോസിന്റെ സ്വപ്നമായിരുന്നു. അഞ്ചാം വയസ്സിൽ താൻ കണ്ട സ്വപ്നമായിരുന്നു ഇതെന്ന് ജെഫ് ബെസോസ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ മുമ്പ് കുറിച്ചിരുന്നു.
ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിച്ച ന്യൂ ഷെപ്പേർഡ് എന്ന ബഹിരാകാശ വാഹനത്തിലാണ് ബെസോസ് പറക്കുക. ഇന്ന് ആരംഭിക്കുന്ന ബെസോസിന്റെ ബഹിരാകാശ യാത്രയിൽ, ബെസോസിനൊപ്പം സഹോദരൻ മാർക്കും വിമാനത്തിലെ സീറ്റിനായുള്ള ലേലത്തിൽ വിജയിച്ച മറ്റൊരു വ്യക്തിയുമാണുള്ളത്. ബെസോസും കമ്പനിയും ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ന്യൂ ഷെപ്പേർഡ് ക്രാഫ്റ്റ് ഒരു റോക്കറ്റ് ആൻഡ് ക്യാപ്‌സ്യൂൾ കോംബോ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.