• HOME
 • »
 • NEWS
 • »
 • explained
 • »
 • അമേരിക്കയിൽ പൊതു സ്ഥലത്ത് വെടിവെയ്പ് പെരുകുന്നു; വെള്ളക്കാരുടെ തോക്ക് സംസ്ക്കാരത്തിന് പിന്നിൽ

അമേരിക്കയിൽ പൊതു സ്ഥലത്ത് വെടിവെയ്പ് പെരുകുന്നു; വെള്ളക്കാരുടെ തോക്ക് സംസ്ക്കാരത്തിന് പിന്നിൽ

വെടിവെപ്പുകള്‍ ഒരു പകര്‍ച്ചാവ്യാധിയായി അമേരിക്കയെ പിന്തുടരുകയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനെ സാധൂകരിക്കുന്നവയാണ് യു.എസില്‍ ഇപ്പോള്‍ നടക്കുന്ന അക്രമപരമ്പരകള്‍.

 • Share this:

  ചൊവ്വാഴ്ച രാത്രി അമേരിക്കയിലെ വിര്‍ജീനിയിൽ വാള്‍മാര്‍ട്ട് സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയയാളും സംഘര്‍ഷത്തിനിടെ സ്വയം വെടിവെച്ച് മരിച്ചു. രാജ്യത്ത് ഇതാദ്യത്തെ സംഭവമല്ല. ശനിയാഴ്ച കൊളറാഡോയിലെ ഒരു നിശാ ക്ലബ്ബിലും സമാനമായ രീതിയില്‍ ഒരു വെടിവെപ്പ് നടന്നിരുന്നു. 22 വയസ്സുള്ള ചെറുപ്പക്കാരനാണ് സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് ആക്രമണത്തിന് തുടക്കമിട്ടത്. സംഭവത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 25 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെടിവെപ്പിന് നേതൃത്വം നല്‍കിയ ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  അമേരിക്കയില്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന നിരവധി വെടിവെപ്പുകളില്‍ ഒന്ന് മാത്രമാണിത്. ഫുട്‌ബോള്‍ കളിക്കാരെ ലക്ഷ്യമിട്ട് വിര്‍ജീനിയ സര്‍വകലാശാലയില്‍ നടന്ന ആക്രമണം, ഹൈലാന്റ് പാര്‍ക്കിലെ ജൂലൈ 4 പരേഡിനിടയിലെ വെടിവെപ്പ്, ടെക്‌സാസിലെ പ്രൈമറി സ്‌കൂള്‍ ആക്രമണം എന്നിവയാണ് ഈ വര്‍ഷം മാത്രം അമേരിക്കയില്‍ നടന്ന പ്രധാന വെടിവെപ്പുകള്‍.

  എന്തുകൊണ്ടാണ് അമേരിക്കയില്‍ ഇത്രയധികം വെടിവെപ്പുകള്‍ നടക്കുന്നത്?

  വെടിവെപ്പുകള്‍ ഒരു പകര്‍ച്ചാവ്യാധിയായി അമേരിക്കയെ പിന്തുടരുകയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനെ സാധൂകരിക്കുന്നവയാണ് യു.എസില്‍ ഇപ്പോള്‍ നടക്കുന്ന അക്രമപരമ്പരകള്‍.

  വോക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന വരുമാനമുള്ള മറ്റൊരു വികസിത രാജ്യങ്ങളിലും ഇത്രയധികം ആളുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടില്ല. ആത്മഹത്യ, കൊലപാതകം ഉള്‍പ്പെടെ ഓരോ ദിവസവും വെടിയേറ്റ് കൊല്ലപ്പെടുന്ന അമേരിക്കക്കാരുടെ ശരാശരി എണ്ണം 110 ആണ്. അതായത് പ്രതിവര്‍ഷം 40,620 മരണങ്ങള്‍. 2009 മുതലാണ് തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ ഇത്രയധികം വര്‍ധിച്ചത്. അവിടന്നിങ്ങോട്ട് പ്രതിവര്‍ഷം ശരാശരി 19 കൂട്ടക്കൊലകള്‍ക്കാണ് അമേരിക്ക വേദിയായത്. ഇതിലൂടെ ശരാശരി നാലുപേരാണ് ഓരോ മിനിറ്റിലും കൊല്ലപ്പെടുന്നത്.
  മറ്റ് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 26 ഇരട്ടിയാണ് യുഎസിലെ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളുടെ നിരക്ക്. ഇനി തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യ നിരക്കിലും രാജ്യം തന്നെയാണ് മുന്നില്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏകദേശം 12 മടങ്ങാണ് യുഎസിലെ ആത്മഹത്യാ നിരക്ക്.

  അമേരിക്കയിലെ ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രശ്നം എന്ന നിലയ്ക്കാണ് പലരും ഇത്തരം സംഭവങ്ങളെ കാണുന്നത്. എന്നാല്‍ ഈ പ്രശ്‌നം യുഎസില്‍ മാത്രമുള്ളതല്ല താനും. തോക്കുകള്‍ക്ക് അനായാസം ലൈസന്‍സ് ലഭിക്കുന്ന സംവിധാനമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. എല്ലാ വികസിത രാജ്യങ്ങളിലും ഈ പ്രതിസന്ധിയുണ്ട്.

  Also Read-LGBT നിശാക്ലബിലെ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു; അക്രമി കസ്റ്റഡിയിലെന്ന് സൂചന

  തോക്കുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള കൃത്യമായ ഡാറ്റാബേസ് യുഎസില്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാദമിക് ഗവേഷകര്‍ നടത്തുന്ന ചില സര്‍വേഫലങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഡേറ്റ എന്നിവ മാത്രമാണ് ആകെയുള്ളത്. എന്നാല്‍ ഇതുപയോഗിച്ച് തോക്കിന്റെ ഉടമസ്ഥരെ കണ്ടെത്തുക എന്നു പറയുന്നത് വളരെ ശ്രമകരവുമാണ്.

  സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ സ്‌മോള്‍ ആംസ് സര്‍വേയുടെ കണക്കനുസരിച്ച്, 2018-ല്‍ മാത്രം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഏകദേശം 390 ദശലക്ഷം തോക്കുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. അതായത് 100 പേര്‍ക്ക് ഏകദേശം 120.5 ലധികം തോക്കുകള്‍ കൈവശം വെയ്ക്കാന്‍ കഴിയുന്ന സ്ഥിതി. എന്നാല്‍ കൊവിഡ് 19 സാഹചര്യത്തില്‍ ചില മാറ്റങ്ങൾ വരുത്തു. അപ്പോഴേക്കും ഓരോ 5 കുടുംബങ്ങള്‍ എടുത്താല്‍ അതില്‍ ഒരു കുടുംബത്തിന് തോക്ക് ലൈസന്‍സ് ഉണ്ടായിരിക്കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  ഏറ്റവും കൂടുതല്‍ തോക്ക് ഉപയോഗിക്കുന്നത് വെള്ളക്കാര്‍

  2017ലെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസില്‍ പ്രായപൂര്‍ത്തിയായവരില്‍ പത്തില്‍ മൂന്ന് പേര്‍ക്കും തോക്കുണ്ട്. കൂടാതെ പത്തില്‍ നാല് പേരുടെയും വീട്ടിൽ ആർക്കെങ്കിലും തോക്ക് ലൈസന്‍സ് ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്ക് ലൈസന്‍സുള്ളവരില്‍ അധികം പേരും വെള്ളക്കാരാണ്. മാത്രമല്ല തോക്ക് കൈവശം വെയ്ക്കുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരുമാണ്.

  സാംസ്‌കാരിക യുദ്ധം

  അമേരിക്കയുടെ തോക്ക് സംസ്‌കാരത്തിന് തടയിടാന്‍ പാര്‍ലമെന്റ് നിയനിര്‍മ്മാണത്തിന് ഒരുങ്ങിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ യുഎസില്‍ ആഴത്തില്‍ വേരുകളുള്ള ഒരു സംസ്‌കാരത്തിന്റെ ബാക്കിയാണ് തോക്കുകള്‍. അവ അത്ര പെട്ടെന്ന് പിഴുതെറിയാന്‍ കഴിയില്ലെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. നിരവധി കാരണങ്ങള്‍ കാണിച്ചാണ് ആളുകള്‍ തോക്ക് ലൈസന്‍സ് നേടുന്നത്. അത്ര പെട്ടെന്ന് ഇവ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

  സുരക്ഷ മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും തോക്കുകള്‍ സ്വന്തമാക്കുന്നത്. 2021 ഒക്ടോബറില്‍ നടത്തിയ സര്‍വ്വെ പ്രകാരം, തോക്ക് ഉടമകളില്‍ 88% പേരും തോക്ക് കൈവശം വെയ്ക്കുന്നത് മൂലം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നുവെന്നാണ് പറയുന്നത്. അതില്‍ തന്നെ 70% പേര്‍ സ്‌പോര്‍ട്‌സ് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കും 56% പേര്‍ വേട്ടയാടലിനുമായി തോക്ക് ഉപയോഗിക്കുന്നു.

  ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയിലെ പോള്‍ എച്ച് ഒ നീല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ അഫയേഴ്സിലെ സീനിയര്‍ ലക്ചററായ പിയറി എം അറ്റ്ലസിന്റെ അഭിപ്രായത്തില്‍, തോക്കുകളുടെ ഉപയോഗം രാജ്യത്ത നിയമലംഘനങ്ങള്‍, അതിക്രമം എന്നിവയെ കാല്‍പ്പനികവല്‍ക്കരിക്കുന്ന ഒരു സംസ്‌കാരത്തെയാണ് സൃഷ്ടിക്കുന്നതെന്നാണ്.

  കൊളോണിയല്‍ കാലം മുതല്‍ അമേരിക്കക്കാര്‍ സ്വന്തമായി തോക്കുകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധരായിരുന്നു. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തോക്കുകള്‍ ഉപയോഗിച്ച് നിയമത്തെ തന്നെ കീഴ്‌പ്പെടുത്തുന്ന രീതിയിലേക്ക് ജനം നീങ്ങിത്തുടങ്ങിയത്. 19-ാം നുറ്റാണ്ടിലെ പല ചിത്രങ്ങളിലും ആക്രമണത്തെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. ഇന്നും ഈ പ്രവണത തുടരുന്നുണ്ട്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോഴും തുടരുന്ന യെല്ലോ സ്റ്റോണ്‍, വാക്കര്‍ എന്നീ പാശ്ചാത്യ ഷോകളിലൂടെയാണ് ഈ പ്രത്യേയശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നത്.

  രാജ്യത്തെ തോക്ക് സംസ്‌കാരത്തെപ്പറ്റി ചരിത്രകാരിയായ പമേല ഹാഗും വിശദമാക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ അമേരിക്കന്‍ സമൂഹത്തില്‍ തോക്കുകള്‍ ഉപയോഗിക്കുമായിരുന്നു.എന്നാല്‍ പിന്നീട് തോക്ക് നിര്‍മ്മാതാക്കളായ കോള്‍ട്ടും വിന്‍ചെസ്റ്ററും അവര്‍ നിര്‍മ്മിച്ച തോക്കുകള്‍ വ്യാപകമായി വിപണിയിലെത്തിക്കാന്‍ തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളോടുള്ള ജനങ്ങളുടെ പ്രണയത്തേയും സാഹസികതയേയും മുതലെടുത്തായിരുന്നു ഈ വിപണനം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് തോക്കുകളുമായി ബന്ധപ്പെട്ട് പാശ്ചാത്യ മേഖലയില്‍ നിന്നും പരസ്യങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയത്.

  തോക്ക് ലൈസന്‍സും തോക്കുപയോഗിച്ചുള്ള ആക്രമണവും

  തോക്ക് ഉപയോഗിക്കാന്‍ നേടുന്ന ലൈസന്‍സും അവയുപയോഗിച്ചുള്ള ആക്രമണവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. 2013ലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒരു പഠനമനുസരിച്ച്, ആഭ്യന്തര തലത്തില്‍ തോക്ക് ഉടമസ്ഥതയിലുള്ളവര്‍ നടത്തുന്ന കുറ്റങ്ങളില്‍ ഒരു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത് എങ്കില്‍ ദേശീയ തലത്തില്‍ അവ 0.9 ശതമാനം ആയാണ് ഉയര്‍ന്നത്. ലൈസന്‍സ് നിയമങ്ങള്‍ ദുര്‍ബലമായ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ തോക്കുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ആത്മഹത്യകളും കൂടിയ നിരക്കിലാണ് രേഖപ്പെടുത്തുന്നത്.

  അതേസമയം തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കും അമേരിക്കയിലെ ജനങ്ങളുടെ മാനസികാരോഗ്യവും തമ്മിലും അഭേദ്യമായ ഒരു ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെഫ്രി സ്വാന്‍സണ്‍ നടത്തിയ പഠനമനുസരിച്ച്, അമേരിക്കയിലെ സ്‌കീസോഫ്രീനിയ, ബൈപോളാര്‍, ഡിപ്രസീവ് ഡിസോര്‍ഡേഴ്‌സ് എന്നിവ അനുഭവിക്കുന്നവരെ സുഖപ്പെടുത്താന്‍ കഴിഞ്ഞാൽ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ 4% വരെ കുറയ്ക്കാന്‍ കഴിയുമത്രേ.

  തോക്കിന് നിയന്ത്രണം

  ഫെഡറല്‍ നിയമങ്ങളാണ് യുഎസിലെ തോക്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്തുടര്‍ന്ന് പോരുന്നത്. തോക്കുകള്‍, വെടിമരുന്ന്, തോക്കുകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അവയുടെ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍, കൈമാറ്റം, റെക്കോര്‍ഡ് സൂക്ഷിക്കല്‍, നീക്കം ചെയ്യല്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നതും ഫെഡറല്‍ നിയമങ്ങള്‍ വഴിയാണ്. ഫെഡറല്‍ നിയമങ്ങള്‍ക്ക് പുറമേ എല്ലാ സംസ്ഥാനങ്ങള്‍ക്കും, പ്രാദേശിക സര്‍ക്കാരുകള്‍ക്കും തോക്കുകളെ നിയന്ത്രിക്കുന്നതിനായുള്ള സ്വന്തം നിയമങ്ങള്‍ വേറെയുമുണ്ട്.

  അതേസമയം ഭൂരിഭാഗം അമേരിക്കന്‍ വംശജരും തോക്ക് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഗണ്‍ ലോബിയുടെ പിന്‍ബലമുള്ളവരും എന്‍ആര്‍ഐ വിഭാഗത്തില്‍പ്പെടുന്നവരുമായ ഈ ന്യൂനപക്ഷം തോക്ക് നിയന്ത്രണത്തെ ഒരു ഗൗരവ പ്രശ്‌നമായിട്ടാണ് കണക്കാക്കുന്നത്.

  ഈ തര്‍ക്കത്തില്‍ ഗണ്‍ മാഫിയ നേടുന്ന നേട്ടങ്ങള്‍ ചെറുതൊന്നുമല്ല. തോക്ക് നിയന്ത്രണത്തെ എതിര്‍ക്കുന്ന അമേരിക്കാര്‍ അക്കാര്യം രാജ്യത്തെ ഉദ്യോഗസ്ഥരെ അറിയിക്കുകയും കൃത്യമായ വോട്ട് രേഖപ്പെടുത്തി തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

  1990കള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് അമേരിക്കന്‍ കോണ്‍ഗ്രസ് തോക്ക് നിയന്ത്രണ സുരക്ഷ ബില്‍ ഉഭയകക്ഷി സമ്മതപ്രകാരം പാസാക്കിയത്. ഇതുപ്രകാരം 21 വയസ്സിന് താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് തോക്ക് വാങ്ങാനുള്ള അനുമതി നിഷേധിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ബില്ലിന്റെ ഘടന. എന്നാല്‍ ഇതൊന്നും കൂട്ട വെടിവെപ്പുകള്‍ തടയാന്‍ പര്യാപ്തമല്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

  Published by:Arun krishna
  First published: