മലയാള സിനിമയിൽ അരനൂറ്റാണ്ട് തികച്ച നടൻ മമ്മൂട്ടിക്ക് ആദരമർപ്പിച്ച് വലിയ രീതിയിൽ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം നിരസിച്ച് താരം. നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷ ഇക്കാര്യം വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
"ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്.
മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബന്ധിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കോവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു.
മമ്മുക്കയ്ക്ക് സല്യൂട്ട്."
1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓർമ്മയുടെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ അലയടിച്ചിരുന്നു. നടൻ ബഹദൂറിനൊപ്പം ഒരു ഷോട്ടിൽ നിൽക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകർ അറിഞ്ഞിരുന്നില്ല.
1971ല്‍ സിനിമയില്‍ വന്നുവെങ്കിലും 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്' മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.