സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം
- Published by:Rajesh V
- news18-malayalam
Last Updated:
വേലായുധന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് കെ വി അബ്ദുള്‍ ഖാദര്‍
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭവനസഹായത്തിനുള്ള നിവേദനം സ്വീകരിക്കാതെ അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോധികനിൽ നിന്ന് നിവേദനമടങ്ങിയ കവർ വാങ്ങിവായിക്കാൻ പോലും മിനക്കെടാതെ മടക്കിയ സുരേഷ് ഗോപിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഭവന നിർമാണം സംസ്ഥാനത്തിന്റെ പരിഗണനയിൽ വരുന്ന വിഷയമാണെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ലെന്നും വ്യക്തമാക്കി സുരേഷ് ഗോപിയും രംഗത്തുവന്നിരുന്നു.
കെ വി അബ്ദുൾ ഖാദറിന്റെ കുറിപ്പിന്റെ പൂർണരൂപം
കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എം പിയുടെ പണി' എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഎം നിർമ്മിച്ചു നൽകും. പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പാർടിക്കു വേണ്ടി ഈ ഉറപ്പു നൽകി.
കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങി വായിക്കാൻ പോലും മിനക്കെടാതെ വീട് നിർമ്മാണ പ്രശ്നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. വേലായുധന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കും.
advertisement
ഇതും വായിക്കുക: 'പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല': വയോധികന്റെ ഭവനസഹായ അപേക്ഷ നിരസിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി
ജനകീയ വിഷയങ്ങളിൽ ഇടപെടാനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ 'കലുങ്ക് സൗഹാര്‍ദ വികസന സംവാദം' നടത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സംവാദം നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്പോഴാണ് ഒരു വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, 'ഇതൊന്നും എം പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 15, 2025 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം