കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയുടെ ജീവിതം സിനിമയാകുന്നു;അക്ഷയ് കുമാർ ചിത്രം മാർച്ചിൽ തീയറ്ററിൽ
- Published by:Sarika N
- news18-malayalam
Last Updated:
ചേറ്റൂർ ശങ്കരൻ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് 2019 ൽ എഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ’ എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്
മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്‌ത അഭിഭാഷകനും ജഡ്ജിയും 1897ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ (C. Sankaran Nair ) ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക.ചേറ്റൂർ ശങ്കരൻ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് 2019 ൽ എഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ’ എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്.
advertisement
ഇപ്പോൾ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സ്. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എഴുത്തുകാരനായ കരൺ സിങ് ത്യാഗിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസും കുമാറിൻ്റെ കേപ് ഓഫ് ഗുഡ് ഫിലിംസും ലിയോ മീഡിയ കളക്ടീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഡൽഹിയിലും ഹരിയാനയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. 2019 ൽ ബ്ലൂംസ്ബറി ഇന്ത്യയാണ് 'ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ' എന്ന കൃതി പ്രസിദ്ധീകരിച്ചത്.
ആരാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ?
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ മന്മയിൽ രാമുണ്ണിപ്പണിക്കരുടെയും ചേറ്റൂർ പാർവ്വതിയമ്മയുടെയും മകനായി 1857 ജൂലായ് 15-ന് ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912-ൽ സർ പദവിയും നൽകി.
advertisement
1897-ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും, ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവിയോടെ സ്വയംഭരണം വേണമെന്നും ആവശ്യപ്പെട്ട് സി ശങ്കരൻ നായർ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു സി ശങ്കരൻ നായർ രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ സി ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു.
advertisement
ഗാന്ധിജിയുടെ നിലപാടുകളോട് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സി ശങ്കരൻ നായർ കോൺഗ്രസിൽനിന്ന് അകലുകയായിരുന്നു. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനങ്ങളെ അദ്ദേഹം ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
ചരിത്രത്തിൽ ഇടംനേടിയ കോടതിമുറി യുദ്ധം
ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെ സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു. ലണ്ടനിലെ കിംഗ്സ് ബെഞ്ചിന് മുമ്പുള്ള വിചാരണ അഞ്ചര ആഴ്ച നീണ്ടു. അക്കാലത്ത് വാദത്തിനായി ഏറ്റവും കൂടുതൽ സമയമെടുത്ത കേസായിരുന്നു ഇത്. വിചാരണയുടെ തുടക്കം മുതൽ തന്നെ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. ബിക്കാനീർ മഹാരാജാവ് ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ കോടതി നടപടികൾക്ക് സാക്ഷ്യം വഹിക്കും. 12 അംഗ ജൂറിയിൽ അദ്ധ്യക്ഷത വഹിച്ചത് ജസ്റ്റിസ് ഹെൻറി മക്കാർഡി ആയിരുന്നു.
advertisement
വിചാരണ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, പ്രതിയുടെ സാക്ഷികളെ വിളിക്കാൻ അനുവദിക്കുന്നതിനുപകരം, മക്കാർഡി അദ്ദേഹത്തെ ചോദ്യം ചെയ്തു. ജാലിയൻവാലയിലെ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതിൽ ജനറൽ ഡയർ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ നായർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മക്കാർഡി പരിഹാസ രൂപേണ ചോദിച്ചു. വിചാരണയിലുടനീളം മക്കാർഡിയുടെ ഭാഗത്തുനിന്നും സമാനമായ ഇടപെടലുകൾ ഉണ്ടായി. ഒന്നിനെതിരെ 11 ഭൂരിപക്ഷത്തോടെ കേസ് ഡയർ വിജയിച്ചു. ഹരോൾഡ് ലസ്കി മാത്രമാണ് വിയോജിപ്പ് അറിയിച്ച ജഡ്ജി. ഡയറിനെ അപകീർത്തിപ്പെടുത്തിയതിന് 500 ഡോളറും വിചാരണയുടെ ചെലവും നായർ വാദിക്ക് നൽകേണ്ടി വന്നു. നായർ ക്ഷമാപണം നടത്തിയാൽ, പിഴ ഒഴിവാക്കാൻ തയ്യാറാണെന്ന് ഡയർ വ്യക്തമാക്കിയിരുന്നു. എന്നാൽ നായർ ക്ഷമ ചോദിക്കാൻ തയ്യാറായില്ല.
advertisement
വിധി ഏകകണ്ഠമായ തീരുമാനമല്ലാത്തതിനാൽ, നായർക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാൽ വാദം മുന്നോട്ട് കൊണ്ടുപോകാൻ നായർ വിസമ്മതിച്ചു. അടുത്ത വിചാരണയിലും 12 ഇംഗ്ലീഷുകാർ തന്നെയാകും കേസ് കേൾക്കുക എന്ന് നായർക്ക് ഉറപ്പായിരുന്നു. നായർ കേസിൽ തോറ്റെങ്കിലും വിചാരണ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു. ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വ്യക്തമായ പക്ഷപാതവും സ്വന്തം ജനതയ്‌ക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കാനുള്ള ശ്രമവും ഇന്ത്യക്കാർ വിധിന്യായത്തിലൂടെ മനസ്സിലാക്കി. സ്വാതന്ത്രത്തിനായി പോരാടാൻ ദേശീയവാദികളെ കൂടുതൽ ശക്തപ്പെടുത്താൻ ഈ വിധി സുപ്രധാന കാരണമായി മാറി.
1934ൽ 77-ാം വയസ്സിൽ നായർ മരണമടഞ്ഞു. ഒൻപത് മക്കളും പേരക്കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ വലിയ കുടുംബം അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ഇന്നും ഒട്ടും പിന്നിലല്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 18, 2024 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയുടെ ജീവിതം സിനിമയാകുന്നു;അക്ഷയ് കുമാർ ചിത്രം മാർച്ചിൽ തീയറ്ററിൽ