മലേഷ്യയിൽ നിന്നെത്തിയ കുട്ടൻ; 100 വയസുകാരനിലൂടെ കോട്ടയത്തേക്ക് ദേശീയ പുരസ്‍കാരവിജയവുമായി വിജയരാഘവൻ

Last Updated:

സിനിമാ അഭിനയത്തിന് അരനൂറ്റാണ്ട് തികയുന്ന കൊല്ലം ഇറങ്ങിയ ചിത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും

News18
News18
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയരാഘവൻ നൂറ് വയസുകാരനായി എത്തുന്നുവെന്നതായിരുന്നു പൂക്കാലത്തിന്റെ പ്രത്യേകത. തന്റെ യഥാർത്ഥ പ്രായത്തേക്കാൾ മുപ്പതു വയസ് കൂടുതൽ ഉള്ള കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിച്ചതിനാണ് ദേശീയ പുരസ്‌കാരം കോട്ടയം ഒളശ്ശയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നത്.
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിലാണ് കുട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന വിജയരാഘവൻ ജനിച്ചത്. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. ക്രോസ്ബെൽറ്റ് മണി എൻ.എൻ. പിള്ളയുടെ കാപാലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1973ൽ 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ നായകനായി. ഈ ചിത്രം വിജയിച്ചില്ല. പിന്നീട് ന്യൂഡൽഹി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1989ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ റാംജി റാവ് ആയ വിജയരാഘവൻ രണ്ടാം ഭാഗമായ മാന്നാർ മത്തായി സ്പീക്കിങ്ങിലും റാംജി റാവ് ആയി.
advertisement
1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഞെട്ടിക്കുന്ന അഭിനയം കാഴ്ച്ചവെച്ചു. രഞ്ജി പണിക്കർ എഴുതിയ ചേറാടി കറിയ ആയി ആറാടിയപ്പോൾ വിജയരാഘവൻ എന്ന നടൻ മലയാള സിനിമയിൽ ഉറച്ചു. അതെ വർഷം മേലേപ്പറമ്പിൽ ആൺവീട്ടിൽ ഗോപീകൃഷ്ണൻ എന്ന പരമ സാധുവായ നാട്ടിൻപുറത്തുകാരനായി.1995 ൽ വിനയൻ സംവിധാനം ചെയ്ത ശിപായിലഹളയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച അദ്ദേഹം ഏതാണ്ട് നാലുകൊല്ലം കേന്ദ്ര കഥാ പാത്രമായി കുറേ ചിത്രങ്ങളിൽ എത്തി. ഏറെ പുരസ്‌കാരങ്ങൾ നേടിയ ദേശാടനത്തിലെ കഥകളി നടൻ ബഹളങ്ങളില്ലാതെ പ്രേക്ഷകരിലേക്ക് പകർന്നു.
advertisement
2000-ത്തിനു ശേഷം കൂടുതൽ സജീവമായി. രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്ത രൗദ്രത്തിലെ അപ്പിച്ചായി വന്നത് 2008 ൽ.2016ൽ രഞ്ജിത്ത് നിർമ്മിച്ചു സംവിധാനം ചെയ്ത ലീല യിലെ പിള്ളേച്ചൻ എന്ന കഥാപാത്രം മറ്റൊരു വിജയരാഘവനെയാണ് നൽകിയത്.
2023 ലാണ് എൺപത് വർഷത്തോളം കാലമായി ഒരുമിച്ചു കഴിയുന്ന നൂറു വയസുള്ള ഇട്ടൂപ്പിന്റെയും ഭാര്യ കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ഒക്കെ കഥ പറഞ്ഞ പൂക്കാലം വന്നത് . കെ.പി.എ.സി ലീല കൊച്ചുത്രേസ്യാമ്മയായി വേഷമിട്ടു.യുവതാരങ്ങളെ അണിനിരത്തിക്കൊണ്ട് 'ആനന്ദം' എന്ന ഹിറ്റ് ചിത്രമൊരുക്കിയ ​ഗണേഷ് രാജാണ് പൂക്കാലത്തിന്റെ രചനയും സംവിധാനവും.
advertisement
സന്തുഷ്ട ദാമ്പത്യത്തിനിടയിൽ നൂറാം വയസിൽ വിവാഹ മോചനത്തിന് ഒരുങ്ങുന്ന ഇട്ടൂപ്പ് ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കൽ പോലും അനുകരണമോ അതിഭാവുകത്വമോ ആകുന്നില്ല അഭിനയം എന്നതാണ് എടുത്തു പറയേണ്ടത്.
2024ൽ കിഷ്കിന്ദാ കാണ്ഡം എന്ന ചിത്രത്തിലെ ദുരൂഹതകൾ നിറഞ്ഞ അപ്പു പിള്ള ആയും റൈഫിൾ ക്ലബ്ബിലെ കുഴുവേലി ലോനപ്പൻ ആയും വീണ്ടും വീണ്ടും ഞെട്ടിച്ച വിജയരാഘവന് അവാർഡുകളുടെ പൂക്കാലവും തുടങ്ങി. അക്കൊല്ലം പൂക്കാലത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. സിനിമയിൽ അഭിനയം തുടങ്ങി അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആദ്യ സംസ്ഥാന പുരസ്‌കാരം. ദേശീയ അവാർഡ് പ്രഖ്യാപനത്തിന് സംസ്ഥാന അവാർഡ് പ്രഖ്യാപനവുമായി ഒരു വർഷത്തെ അകലമുള്ളതിനാൽ ആദ്യ സംസ്ഥാന പുരസ്‌കാരം നൽകിയ അതെ വേഷം തന്നെ ആദ്യദേശീയ പുരസ്കാരവും നൽകിയത് 2025 ൽ.
advertisement
സുമയാണ് വിജയരാഘവന്റെ ഭാര്യ. ജിനദേവൻ, ദേവദേവൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലേഷ്യയിൽ നിന്നെത്തിയ കുട്ടൻ; 100 വയസുകാരനിലൂടെ കോട്ടയത്തേക്ക് ദേശീയ പുരസ്‍കാരവിജയവുമായി വിജയരാഘവൻ
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement