• HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali review | ഒരു തനിനാടൻ സൂപ്പർഹീറോ, മെയ്ഡ് ഇൻ കുറുക്കൻമൂല

Minnal Murali review | ഒരു തനിനാടൻ സൂപ്പർഹീറോ, മെയ്ഡ് ഇൻ കുറുക്കൻമൂല

Minnal Murali review | അമാനുഷികനായ, തനി മലയാളിയായ ഒരു സൂപ്പർഹീറോ, അതാണ് മിന്നൽ മുരളി. റിവ്യൂ

മിന്നൽ മുരളി

മിന്നൽ മുരളി

  • Last Updated :
  • Share this:
പണ്ടേക്കു പണ്ടേ, അമാനുഷികതയുടെ പല തലങ്ങൾ കണ്ടു പരിചയിച്ച പാരമ്പര്യമുണ്ട് മലയാള സിനിമയ്ക്ക്. അതിഭാവുകത്വം നിറഞ്ഞ ഹൊറർ, ഫാന്റസി ചിത്രങ്ങൾ വിവിധ കഥാപാത്രങ്ങളിലൂടെ വെവ്വേറെ തലമുറകളെ ത്രസിപ്പിച്ചിരിക്കുന്നു. പക്ഷെ അമാനുഷികനായ, തനി മലയാളിയായ ഒരു സൂപ്പർഹീറോ അപ്പോഴൊന്നും ഉണ്ടായില്ല. ഹോളിവുഡിലും, ഇന്ത്യൻ നിർമ്മിതികളിലുമായി അവർ സ്വീകരണമുറി വരെ കടന്നെത്തിയപ്പോഴും, ഏറിയാൽ ഒരു 'കുട്ടിച്ചാത്തൻ' അല്ലെങ്കിൽ 'അതിശയൻ' എന്നതിനപ്പുറം ചൂണ്ടിക്കാട്ടാൻ കേരളത്തിന് ഒരു മാതൃകയില്ലാതെ പോയി. അതിനുള്ള മറുപടിയെന്നോണം ഏറെ നാളത്തെ പ്രതീക്ഷകൾക്ക് ശേഷം 'മിന്നൽ മുരളി' (Minnal Murali) ഡിജിറ്റൽ സ്‌ക്രീനുകളിലൂടെ ഇതാ പ്രേക്ഷകരുടെ മുന്നിൽ.

മിന്നലേറ്റാൽ മനുഷ്യശരീരത്തിൽ കടന്നെത്തി ജീവൻ ഹനിച്ചേക്കാവുന്ന ഊർജ്ജം എന്ന് സിനിമയിലെ സ്കൂൾ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന പാഠത്തിൽ പറയുമ്പോൾ, ജെയ്സൺ (ടൊവിനോ തോമസ്) എന്ന യുവാവിന്റെ കാര്യത്തിൽ ആ ഊർജ്ജം അയാളെ മനുഷ്യന് അചിന്തനീയമായ തലത്തിൽ മാറ്റിമറിക്കുന്നു.

കുറുക്കൻമൂല എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സൂപ്പർഹീറോ ഉണ്ടായാൽ എങ്ങനെയുണ്ടാവും? മറ്റൊരു മാർവെൽ സൂപ്പർഹീറോ അല്ലെങ്കിൽ സൂപ്പർമാൻ, ശക്തിമാൻമാരുടെ വേഷപ്പകർച്ചയും വി.എഫ്.എക്സ്. അതിപ്രസരവും പ്രതീക്ഷയിൽ നിന്നും മാറ്റിവച്ച ശേഷം മാത്രം മിന്നൽ മുരളിയെ കാണാൻ ഇരിക്കാം.

നമ്മുടെ തനിനാടൻ സൂപ്പർ ഹീറോയ്ക്ക് വേഷം ലുങ്കിയും മുണ്ടും ടി ഷർട്ടും, യാത്ര സാധാരണ ബസിലും, ഉറക്കം ഇഷ്‌ടികയ്ക്കു പുറത്ത് വെള്ളപൂശിയ വീട്ടിലും, നടപ്പ് നാട്ടുവഴികളിലൂടെയും ഒക്കെയാണ്. ഉരുണ്ടു പൊന്തുന്ന മസിലോ, ആക്രോശമോ, അട്ടഹാസമോ തെല്ലുമില്ലാതെ അപകടങ്ങളിൽ നിന്നും കുറുക്കൻമൂലക്കാരുടെ രക്ഷകനായ, വെറുമൊരു തുണിക്കഷ്ണം കൊണ്ട് മുഖം മറച്ച, സാധാരണക്കാരനായ മുരളി.

തീർത്തും പതിഞ്ഞ താളത്തിൽ കൊട്ടിക്കയറുന്ന രീതിയിലെ കഥാപശ്ചാത്തലം സിനിമയുടെ ആദ്യ പകുതിയിൽ ജെയ്സൺ (മിന്നൽ മുരളി) എന്ന ടൊവിനോ തോമസ് കഥാപാത്രത്തിന്റെയും നാട്ടുകാരുടെയും ചുറ്റുപാടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം തന്നെ വില്ലൻ ഷിബുവിന്റെ (ഗുരു സോമസുന്ദരം) കഥാപാത്ര പശ്ചാത്തലവും ഈ പകുതിയിൽ വരച്ചിടുന്നു. ഉപകഥകൾ നിറയുന്ന ഈ ഭാഗത്തിന്റെ ദൈർഘ്യം ഒരുപക്ഷെ സൂപ്പർഹീറോയുടെ മാസ്മരിക പ്രകടനം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രേക്ഷരുടെ ക്ഷമ പരീക്ഷിക്കാൻ ഇടയുണ്ട്.

നാല് വർഷങ്ങൾക്കിപ്പുറം 'ഗോദ' സംവിധായകൻ ബേസിൽ ജോസഫും നായകനും രണ്ടാം വട്ടം ഒന്നിക്കുന്ന സിനിമയിൽ എവിടെയെല്ലാമോ, പഴയ ഗാട്ടാഗുസ്തി ഗ്രാമത്തിന്റെ തെളിമ അനുഭവിച്ചറിയാം. അവിടെ ഇടിക്കൂട്ടിലെ സുന്ദരിയാണ് നായികയെങ്കിൽ, ഇവിടെ കരാട്ടെക്കാരിയായ 'ബ്രൂസ്ലീ ബിജി' (ഫെമിന ജോർജ്) നായകന്റെ കൂട്ടുകാരിയാവുന്നു. നായകന്റെ അച്ഛൻ കഥാപാത്രത്തിനുള്ള പ്രാധാന്യവും രണ്ടിടത്തും കാണാം.ക്ളൈമാക്സ് രംഗത്തിൽ സൂപ്പർമാന് സമാനമായ വേഷത്തിൽ മിന്നൽമുരളിയെ അവതരിപ്പിക്കുന്നതൊഴിച്ചാൽ, മനുഷ്യനായി നിലനിർത്തിക്കൊണ്ടു തന്നെ അമാനുഷികത പ്രകടിപ്പിക്കുന്ന തരത്തിലേ ഇവിടെ നായകനെ കാണാൻ കഴിയൂ. അക്കാരണത്താൽ തന്നെ ഈ നാടൻ സൂപ്പർഹീറോ വേറിട്ട് നിൽക്കുന്നു.

ടൊവിനോ തോമസിനെ കുടുംബ പ്രേക്ഷകരുടെ ഹീറോ ഇമേജിൽ പ്രതിഷ്‌ഠിച്ച പാത്രസൃഷ്‌ടിക്കുള്ളിൽ നിന്നുള്ള കഥാപാത്രമാണ് ജെയ്സൺ എന്ന മിന്നൽ മുരളി. 'മിന്നൽ മുരളി' എന്ന നാമധേയത്തിൽ മറ്റൊരാൾ ഗ്രാമത്തിൽ അനിഷ്‌ടസംഭവങ്ങൾ സൃഷ്‌ടിക്കുന്ന വേളയിൽ, അതിന്റെ ഉത്തരവാദി താനല്ലെന്ന് തെളിയിക്കുകയും, പരിഹാരം കാണുകയും ചെയ്യുന്ന ലക്ഷ്യമാണ് ജെയ്സന്റേത്. അതിൽ അയാൾ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് മിന്നൽ മുരളി. റിലീസിന് മുൻപെങ്ങും പറയാത്ത ഡബിൾ റോളും ടൊവിനോ ഇവിടെ കൈകാര്യം ചെയ്യുന്നു.

ഡിജിറ്റൽ റിലീസ് ചിത്രങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച 'ജയ് ഭീം' സിനിമയിലെ പബ്ലിക് പ്രോസിക്യൂട്ടർ ചെല്ലപാണ്ടിയനായ ഗുരു സോമസുന്ദരം തന്നെ ഏൽപ്പിച്ച ക്യാരക്ടർ വേഷത്തോട് നൂറു ശതമാനം നീതിപുലർത്തിയിട്ടുണ്ട്. ഷിബു എന്ന ഈ വേഷം സിനിമയുടെ പ്രധാന കഥാതന്തുവിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

മറ്റു പ്രധാന വേഷങ്ങൾ ചെയ്ത ബൈജു, ഹരിശ്രീ അശോകൻ, പി. ബാലചന്ദ്രൻ, അജു വർഗീസ്, ജൂഡ് ആന്തണി ജോസഫ്, ഷെല്ലി കിഷോർ എന്നിവരുടെ പ്രകടനം ശ്രദ്ധക്ഷണിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമയുടെ നിർമ്മാണം. മലയാളത്തിലെ സൂപ്പർഹീറോ ഫോർമാറ്റിന് തുടക്കമെന്നോണം എത്തിയ 'മിന്നൽ മുരളി', വരുംകാലങ്ങളിൽ ഈ മേഖലയിൽ കൂടുതൽ സൃഷിക്കുള്ള പ്രചോദനമാവാം.

'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published: