കഥാപാത്രത്തിന്റെ മാനസിക സംഘർഷം പ്രേക്ഷകരിലേക്ക് പരകായ പ്രവേശം നടത്തിയ ശേഷം മാത്രം അവരെ തിയേറ്ററിന് പുറത്തേക്കു പറഞ്ഞു വിടുക. ആ അവസ്ഥയുടെ മരവിപ്പ് മാറാൻ ചിലപ്പോൾ പിന്നെയും സമയം എടുത്തേക്കാം. ഹെലൻ കണ്ടിറങ്ങിയവർക്ക് ഈ മരവിപ്പ് അവരുടെ ഞരമ്പുകളെ ഏതളവിൽ ബാധിച്ചു എന്ന് പറഞ്ഞു തരാൻ വാക്കുകൾ കൊണ്ട് സാധിച്ചേക്കില്ല. ആഴത്തിലിറങ്ങി, പ്രേക്ഷകനെ വരിഞ്ഞു, മുറുക്കികെട്ടി രണ്ടു മണിക്കൂറോളം തിയേറ്ററിനുള്ളിലെ തണുപ്പിൽ പിടിച്ചിരുത്താമെങ്കിൽ ഹെലൻ ഒരു നവ്യാനുഭവമെന്നുറപ്പ്.
വിദേശത്തു പോയി ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവ നേഴ്സ്മാരുടെ പ്രതിനിധിയാണ് ഹെലൻ. വീട്ടിൽ അച്ഛൻ മാത്രം. പ്രാരാബ്ധങ്ങൾ താണ്ടാൻ അച്ഛനെ സഹായിക്കാൻ വിദേശ ജോലിക്കുള്ള പടിയായ ഐ.ഇ.എൽ.ടി.എസ്. പഠനത്തിനൊപ്പം ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ വൈകുന്നേരങ്ങളിൽ പാർട്ട്-ടൈം ജോലി നോക്കുകയാണ് ഹെലൻ. എന്നാൽ തീർത്തും അപ്രതീക്ഷിതമായി, ഒരു രാത്രി, ഹെലൻ ഇവിടുത്തെ ഇറച്ചി സൂക്ഷിക്കുന്ന ഫ്രീസറിൽ കുടുങ്ങുന്നു.
ഫ്രീസർ മുറിയിൽ കുടുങ്ങി പോയ നായകന്റെ കഥ പറയുന്ന 'ഫ്രീസർ' എന്ന വിദേശ ചിത്രം കണ്ടവർ ഒരുപക്ഷെ ആ വികാരത്തിലൂടെ മുൻപ് കടന്നു പോയിട്ടുണ്ടാവാം. എന്നാൽ ക്രൈം ത്രില്ലർ ആയ 'ഫ്രീസറും', ത്രില്ലറായ ഹെലനും തമ്മിൽ താരതമ്യം ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം മലയാള സിനിമ നടത്തുന്ന പുത്തൻ പരീക്ഷണങ്ങൾ എവിടെവരെ എത്തി എന്നതും.
ഇവിടെ നായകന് പകരം ഫ്രീസറിനുള്ളിൽ നായിക അകപ്പെടുന്നു. ഭീഷണിപ്പെടുത്താനായെങ്കിലും 'ഫ്രീസറിലെ' മരവിപ്പിന് മുന്നിൽ നായകന് മുന്നിൽ മനുഷ്യർ എത്തുമ്പോൾ മറ്റൊരു ജീവിയായി ഹെലന് മുൻപിൽ ഒരു ചെറിയ എലി കുഞ്ഞുമാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ജീവൻ നിലനിർത്താനുള്ള തത്രപ്പാടിൽ ഹെലന് ഭീതിയും, പ്രതീക്ഷയും, വെല്ലുവിളിയും നൽകി കടന്നെത്തുന്നത് ആ എലിക്കുഞ്ഞു മാത്രം. അഞ്ചു മണിക്കൂറിൽ, സാധാരണ മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറം തണുപ്പിൽ, ജീവിതവും മരണവുമായി മല്ലിടുന്ന ഹെലന് തുല്യം ഹെലൻ മാത്രം.
ഓരോ അണുവിലും ഇത്രമാത്രം ശ്രദ്ധയോടെ ഒരു സിനിമയെടുക്കാമോ എന്ന് ചിന്തിച്ചു പോകും വിധമാണ് ഹെലന്റെ നിർമ്മാണം. അത്രയേറെ പഴുതടച്ച അഭിനയവും, തിരക്കഥയും (നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുരിയൻ ജോസഫ്), നിർമ്മാണ, സംവിധാന ശൈലിയും (മാത്തുക്കുട്ടി സേവ്യർ) ഇവിടെ ദൃശ്യം.
പക്ഷെ ഒരു കാര്യം തറപ്പിച്ചു പറയാം, ഇനിമുതൽ മലയാള സിനിമയിൽ അന്ന ബെൻ എന്ന നായിക അറിയപ്പെടുക ഹെലൻ എന്നാവും. ആവണം എന്ന് തന്നെയാവും പ്രേക്ഷകരും ആഗ്രഹിക്കുക. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ ഇനി ഒരിക്കലും 'ബേബി'യായി കാണാനാവില്ല. ഫ്രീസറിനുള്ളിൽ അകപ്പെടുന്ന നിമിഷങ്ങൾ സംഭാഷണമില്ലാതെ, വൈകാരിക തലങ്ങളിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ അന്ന നടത്തിയ പ്രയത്നം സിനിമ കാണുന്ന ആർ്യും അത്ഭുതപ്പെടുത്തും.
ഒന്ന് മിന്നിമാഞ്ഞു പോകുന്ന കഥാപാത്രത്തിന് പോലും സിനിമയെ അതിന്റെ വഴിത്തിരിവുകളിൽ, മുന്നോട്ടുള്ള പ്രയാണത്തിനായി നയിക്കാനുള്ള കരുത്തുണ്ട്. മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ലാൽ, അജു വർഗീസ്, ബിനു പപ്പു, അതിഥി വേഷത്തിൽ വരുന്ന നിർമ്മാതാവ് കൂടിയായ വിനീത് ശ്രീനിവാസൻ എന്നിവരെ കൂടാതെ തോളോട് തോൾ നിന്ന് ഈ സിനിമയെ അതർഹിക്കുന്ന കൊടുമുടിയിലെത്തിക്കാൻ പ്രതിഭാശാലികളായ ഒരു പറ്റം അഭിനേതാക്കളെ അണിനിരത്തിയ കാസ്റ്റിംഗ് മികവിന് വലിയ കയ്യടി നൽകാം.
ഫേസ്ബുക്കും, വാട്സാപ്പും തീർക്കുന്ന തരംഗത്തിൽ വഴുതി വീഴുന്നതിനും മുൻപ്, നിലത്ത് നോക്കാതെ മുഖത്ത് നോക്കി നടക്കാനുള്ള കഴിവ് ഒരിക്കലും മറന്നു പോകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു ഹെലന്റെ മുഖം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.