Home movie review | ഹോം: വീട്ടിലേക്ക് പോന്നോളൂ, സകുടുംബം

Last Updated:

Read home movie review | ഇന്ദ്രൻസിന്റെ മിഴിവുറ്റ പ്രകടനം 'ഹോം' എന്ന സിനിമയിൽ നിർണ്ണായകമാണ്

ഹോം
ഹോം
നിങ്ങൾ നിങ്ങളുടെ വീട്ടിൽ എങ്ങനെയാണ്? സ്വന്തം വീടിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച് എപ്പോഴെങ്കിലും സ്വയം ആത്മപരിശോധന നടത്തിയിട്ടുണ്ടോ? ഓരോ വീടും അതിലെ താമസക്കാരും, അതിനുള്ളിലെ കഥകളും ബന്ധങ്ങളുമെല്ലാം മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ കഴിയുന്നവയാവില്ല.
ഒലിവർ ട്വിസ്റ്റിന്റെയും, ഭാര്യ കുട്ടിയമ്മയുടെയും വീട്ടിലെ അല്ലെങ്കിൽ വീടിന്റെ കഥയാണ് 'ഹോം'. സാഹിത്യലോകത്തോട് കമ്പമുള്ള അച്ഛൻ മകന് നൽകിയ പേരാണ് ഒലിവർ ട്വിസ്റ്റ്. ഒലിവറും ഭാര്യയും കൂടാതെ ഗൃഹനാഥന്റെ വൃദ്ധനായ പിതാവും, തന്റെ രണ്ടു മക്കളുമാണ് ഈ വീട്ടിലെ താമസക്കാർ.
ജീവിതം 'എക്സ്ട്രാ-ഓർഡിനറി' ഒന്നുമല്ലാതെ, തന്റെ കടമകൾ നിർവഹിക്കുന്ന ഒലിവർ എന്ന 'ടെക്നോളജി-ചലൻജ്ഡ്' മധ്യവയസ്കനായി ഇന്ദ്രൻസും, സ്വന്തം പരിഭവങ്ങൾ ഇടയ്ക്കിടെ പിറുപിറുത്ത് തന്റെ ചുമതലകൾ കൃത്യമായി നിറവേറ്റുന്ന കുട്ടിയമ്മയായി മഞ്ജു പിള്ളയും വേഷമിടുന്നു.
advertisement
പുതിയ തിരക്കഥ പൂർത്തിയാക്കിയെടുക്കുന്നതും, സ്വന്തം വിവാഹക്കാര്യവും തമ്മിലെ വേലിയേറ്റത്തിൽ തല പുണ്ണാക്കി ജീവിക്കുന്ന മൂത്ത മകൻ ആന്റണി (ശ്രീനാഥ് ഭാസി). പുതുതലമുറയുടെ പ്രതിനിധിയായ ഇളയമകൻ ചാൾസിന്റെ (നസ്‌ലൻ) ലോകത്തിൽ ജീവിതം എങ്ങനെ ഇൻസ്റ്റഗ്രാം സ്റ്റോറികളാക്കി നാട്ടുകാരെ അറിയിക്കാം എന്നതിൽ കവിഞ്ഞ് ലക്ഷ്യങ്ങളൊന്നും തൽക്കാലമില്ല. അൽപ്പം മറവി രോഗമുള്ള മൂകസാക്ഷിയായി ഒലിവറിന്റെ പിതാവ് (കൈനകരി തങ്കരാജ്) കൂടിയായാൽ ഈ വീട് പൂർണ്ണം.
മക്കളുടെ കാഴ്ചപ്പാടിന്റെ കോണുകളിൽ നിന്നും വീക്ഷിച്ചാൽ, കാലത്തിനൊത്ത് സഞ്ചരിക്കാത്ത ഗൃഹനാഥനാണ് ഒലിവർ. അദ്ദേഹമാണ് കഥാനായകൻ. ദൂരെ താമസിക്കുന്ന മൂത്ത മകൻ പുതിയ തിരക്കഥാ രചന ലക്ഷ്യമിട്ട് വീട്ടിൽ എത്തുന്നതോടു കൂടി നടക്കുന്ന തീർത്തും കുടുംബപരമായ വിഷയങ്ങളും മുതിർന്നവരുടെ മനോവ്യാപാരങ്ങളും സിനിമയിൽ ശ്രദ്ധാകേന്ദ്രമാവുന്നു.
advertisement
തന്റെ അമ്മായിയച്ഛനാവാൻ പോകുന്ന 'സക്സസ്ഫുൾ ഡാഡിയുമായി' തട്ടിച്ചുനോക്കിയാൽ, ഒരു സ്മാർട്ട്ഫോൺ പോലും കയ്യിലില്ലാത്ത, അല്ലെങ്കിൽ അതെന്ത് അത്ഭുതമാണെന്ന് മനസ്സിലായിട്ടുപോലുമില്ലാത്ത, പൂട്ടിപ്പോയ പഴയ കാസറ്റ്‌ കടയുടെ ഉടമയായിരുന്ന, വീടിനു മുകളിലെ പച്ചക്കറിത്തോട്ടം നട്ടുനനച്ചു വളർത്തുന്ന സ്വന്തം അച്ഛൻ, ആന്റണിക്ക് തീർത്തും പഴഞ്ചനാണ്. ജീവിതത്തിൽ ഒന്നും 'എക്സ്ട്രാ-ഓർഡിനറിയായി' ഇല്ലാത്ത അച്ഛൻ ഈ മകന് 'പഴഞ്ചനാണ്'. ആ 'പഴഞ്ചൻറെ' വാക്കുകൾ കേൾക്കാൻ പോലുമുള്ള ക്ഷമ അയാൾക്കില്ല.
കർത്തവ്യബോധമുള്ള മകനായ, മറ്റൊരു തലമുറയുടെ പ്രതിനിധിയായ ഒലിവർ ട്വിസ്റ്റിന് സ്വന്തം മകൻ തന്നിൽ നിന്നകലുന്ന, പരിഗണിക്കപ്പെടാതെയിരിക്കുന്ന അവസ്ഥ നൽകുന്ന വേദന അത്ര നിസാരമല്ല. അത് തന്റെ വാക്കിലോ പ്രവർത്തിയിലോ നിഴലിക്കാതിരിക്കാൻ ഒലിവർ അത്യന്തം ശ്രമിക്കുന്നുണ്ട്. ഭാര്യപോലും അത് അറിയരുതെന്ന് നിർബന്ധം ഉള്ളതുപോലെ.
advertisement
പുറമെ നിന്ന് നോക്കുന്നവർക്കും വലിയ അത്ഭുതങ്ങളൊന്നും തോന്നാത്ത ഒലിവർ എന്ന സാധാരണക്കാരായ പിതാവ്, മകനിൽ നിന്നുമുള്ള ചോദ്യം ഉറക്കം കെടുത്തുന്നതും, തന്റെ ജീവിതത്തിലെ 'എക്സ്ട്രാ-ഓർഡിനറി' കണ്ടെത്താനുള്ള ശ്രമം നടത്താൻ തീരുമാനിക്കുന്നു. അവിടെ മുതൽ കഥ വഴിത്തിരിവുകൾ തേടി സഞ്ചരിക്കുകയായി.
ഹാസ്യനടനായി പ്രേക്ഷകർ കണ്ടുപരിചയിച്ച ഇന്ദ്രൻസ്, അടുത്തിടെയായി അവതരിപ്പിച്ച അത്യുജ്വല ക്യാരക്‌ടർ വേഷങ്ങളിൽ ഒലിവർ ട്വിസ്റ്റിനെ മുൻനിരയിൽ ഇരുത്താം. ഇരുത്തം വന്ന നടന് ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാതെ ജീവിച്ചു കാണിക്കാൻ ലഭിച്ച ഓരോ അവസരത്തെയും ഇന്ദ്രൻസ് മിഴിവുറ്റതാക്കി. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ സിനിമയുടെ അളവുകോലാകാൻ പ്രാപ്തിയുള്ളവയാണ്. മിഡിൽ ക്‌ളാസ് കുടുംബങ്ങളിലെ ദമ്പതികളുടെ പ്രതിനിധികളായി ഇന്ദ്രൻസും മഞ്ജു പിള്ളയും സ്‌ക്രീനിൽ നിറയുന്നു.
advertisement
ഒലിവറിന്റെ കൂട്ടുകാരൻ സൂര്യനായി ജോണി ആന്റണി നൽകുന്ന നർമ്മമുഹൂർത്തങ്ങൾ രസകരമാണ്. സ്മാർട്ട്ഫോൺ പോലുമില്ലാത്ത ആളാണ് ഒലിവർ എങ്കിൽ, അത് ഉണ്ടായിപ്പോയതിന്റെ വയ്യാവേലികളുമായാണ് സൂര്യന്റെ ജീവിതം.
ഇഷ്‌ടികയും, സിമെന്റും, കമ്പികളും കൊണ്ട് തീർത്ത, ചായം പൂശിയ, വീട്ടുപകരണങ്ങൾ നിറച്ച കെട്ടിടം വീടാകുന്നതെങ്ങനെ എന്ന അതിമനോഹര കാഴ്ചയാണ് 'ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ' സിനിമയുടെ സ്രഷ്‌ടാവ്‌ റോജിൻ തോമസ് തന്റെ മൂന്നാമത്തെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
ഈ വീടിന്റെ ഉള്ളിലെ ഇണക്കങ്ങളും, പിണക്കങ്ങളും, ഊർജ്ജവും, അലസതയും, നിരാശയും, നെടുവീർപ്പും ഒരു മനോഹര ക്യാൻവാസിലെന്ന പോലെ പകർത്തുന്ന ക്യാമറ ടെക്നിക്കൽ വിഭാഗത്തിന്റെ നെടുംതൂണാണ്. നീൽ ഡി. കുഞ്ഞ ഛായാഗ്രാഹകന്റെയും ക്രിയേറ്റീവ് ഡയറക്ടറുടെയും ചുമതല നിർവഹിച്ചതിന്റെ ആകെത്തുക ഇവിടെ തെളിഞ്ഞു കാണാം.
advertisement
സംഗീതം പോലും ഈ വീടിന്റെ ചലനങ്ങൾക്ക് കാതോർത്തെന്ന മട്ടിലാണ് ഒരുക്കിയിട്ടുള്ളത്.
പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ മലയാളസിനിമാ ലോകത്ത് കുടുംബ ചിത്രത്തെ അന്വേഷിക്കുന്നവർക്ക് ഓണക്കാലത്ത് ഈ വീട്ടിൽ വിഭവസമ്പുഷ്ടമായ ഒരു ഫീൽ ഗുഡ്ഡ് സദ്യ ആസ്വദിക്കാം.
'ഹോം' ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Home movie review | ഹോം: വീട്ടിലേക്ക് പോന്നോളൂ, സകുടുംബം
Next Article
advertisement
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
  • കെപിസിസി പുനഃസംഘടനയിൽ സഭയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

  • പുനഃസംഘടനയിൽ എല്ലാവർക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

View All
advertisement