Trance movie review: ഏഴുവർഷത്തിന്റെ പ്രതീക്ഷ അമിത ഭാരമല്ല; നിറഞ്ഞാടി ഫഹദ്, ഞെട്ടിച്ച് അൻവർ റഷീദ്
- Published by:meera
- news18-malayalam
Last Updated:
Read Trance movie review | അപ്പോഴും പ്രേക്ഷകർക്കറിയേണ്ടത് ഒരിക്കൽക്കൂടി സ്‌ക്രീനിലെത്തിയ ഫഹദിനെയും നസ്രിയയെയും പറ്റിയാവുമല്ലേ?
ട്രാൻസ് എന്ന വാക്കിന്റെ അർഥം എന്തെന്ന് പരിശോധിച്ച് തുടങ്ങാം. മയക്കം, സമാധി, മോഹനിദ്ര, തപോനിദ്ര എന്നെല്ലാം മലയാളത്തിൽ വിളിക്കുന്ന, തലച്ചോറിലും ഞരമ്പുകളിലേക്കും ഇരച്ചിറങ്ങുന്ന അനുഭൂതി. അത്തരം അനുഭൂതിയിലേക്ക് മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന സമ്പ്രദായം, അതിന്റെ പിന്നിലേക്ക് ഒട്ടനവധി ആക്റ്റീവ് ന്യൂറോണുകളിലൂടെ സഞ്ചരിച്ചെത്തുന്ന വൻ വ്യവസായവും കച്ചവടതന്ത്രങ്ങളും 'ട്രാൻസ്' എന്ന സിനിമയിലേക്ക് വാതിൽ തുറക്കുന്നു.
മറ്റുള്ളവരെ ജീവിത വിജയത്തിലേക്ക് നടത്തുന്ന ടിപ്പുകളുമായി ജീവിക്കുന്ന കന്യാകുമാരിക്കാരനായ മോട്ടിവേഷണൽ ട്രെയ്നർ വിജു പ്രസാദ്. ജീർണിച്ച വാടക വീടും, മനോനില തെറ്റിയ അനുജനും, എന്നെങ്കിലും നടക്കും എന്ന പ്രത്യാശയോടെ ഒപ്പം കൊണ്ട് നടക്കുന്ന സ്വപ്നങ്ങളുമാണ് വിജുവിന്റെ ലോകം. ചെറിയ ക്ലാസ്റൂമുകളിൽ നിന്നും ആയിരക്കണക്കിന് ശ്രോതാക്കൾ തിങ്ങി നിറഞ്ഞ വേദിയിലേക്ക് തന്റെ ശബ്ദം എത്തുന്നത് സ്വപ്നം കണ്ട് 20കളുടെ അവസാനത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ.
advertisement
സ്വന്തമെന്ന് പറയുന്ന അവസാന തരിയും നഷ്‌ടപ്പെട്ട് മുംബൈ നഗരത്തിൽ ലക്ഷ്യമേതുമില്ലാതെ അലയുന്ന വിജുവിന് രണ്ടാം ജന്മമെന്നോ, ജീവിത വിജയമെന്നോ വിളിക്കാവുന്ന ഒരു വഴിത്തിരിവ് സംഭവിക്കുന്നു. ജനസഹസ്രങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള അന്താരാഷ്ട്ര സംഘത്തിന്റെ ഇൻക്യൂബേറ്ററിൽ നിന്നും പുറത്തിറങ്ങുന്ന വിജുവിന് പുതിയ രൂപവും, ഭാവവും, സ്വഭാവവും, പേരും സൃഷ്‌ടിക്കപ്പെടുന്നു. ഇനി അയാൾ കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുന്ന, ലോകമെമ്പാടും വേരുകളുള്ള സുവിശേഷ പ്രാസംഗികൻ ജോഷ്വാ കാൾട്ടണാണ്.
ഈ നൂറ്റാണ്ടിലും ഈശ്വരൻ സങ്കൽപ്പമാണോ ശക്തിയാണോ എന്ന വാദപ്രതിവാദങ്ങളുമായി ഭക്തരും യുക്തിവാദികളും ഒരു വടത്തിന്റെ രണ്ടറ്റത്തു നിന്നും ബലം മുറുക്കുമ്പോൾ, വ്യത്യസ്ത മതങ്ങളിൽ ദൈവത്തിന്റെ പേരിൽ തട്ടിപ്പുകളും കച്ചവടങ്ങളും തകൃതിയായി നടക്കുന്നു എന്നത് മറ്റൊരു വശം. ആരെങ്കിലുമൊക്കെ സ്വാർത്ഥ താത്പ്പര്യത്തിനായി അത്തരം വളച്ചൊടിക്കൽ നടത്തുമ്പോൾ ബലിയാടാവേണ്ടിവരുന്ന മനുഷ്യരുടെ അവസ്ഥക്ക് തെളിവായി നമ്മളെ തേടിയെത്തുന്ന ദൈനംദിന വാർത്തകൾ തന്നെ ധാരാളം.
advertisement
ചുളുവിന് പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന അയ്മനം സിദ്ധാർത്ഥനും (ഒരു ഇന്ത്യൻ പ്രണയകഥ), പ്രകാശനും (ഞാൻ പ്രകാശൻ) ശേഷം വീണ്ടും അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഫഹദ് ഫാസിലെന്ന നായകന് മുന്നിലുള്ള മലകയറ്റം ചെറുതല്ല. തന്നെത്തന്നെ അനുകരിക്കാതെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അതവതരിപ്പിക്കേണ്ട ഭാരിച്ച ചുമതല ഫഹദിൽ നിക്ഷിപ്തം. പലകുറി റിലീസ് തിയതി മാറ്റിയും ചിന്തേരിട്ടും മുറുക്കിയ ചിത്രം ഒടുവിൽ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോൾ അവരെ നിരാശപ്പെടുത്താൻ പാടില്ലെന്ന കർത്തവ്യവും കൂടി ചേർത്താണ് ഫഹദ് സ്‌ക്രീനിൽ നിറയുന്നത്.
advertisement
കൃഷ്ണമണിയുടെ ചലനത്തിലും ശ്വാസത്തിലും പോലും ഫഹദ് കർത്തവ്യബോധത്തോടുകൂടി പെരുമാറുന്നത് പ്രേക്ഷകരെ ആവേശഭരിതരാക്കിയേക്കും. തന്റേതായ റിസർച്ചും നിരീക്ഷണവും ഡെഡിക്കേഷനും ഈ നടന്റെ ഭാഗത്തു നിന്നും ഉണ്ടായതിന്റെ ഫലമാണ് ഇടയ്ക്കിടെ ഉയർന്ന് കേട്ട്, ഒടുവിൽ മൂർധന്യാവസ്ഥയിലെത്തുന്ന കയ്യടികൾ.
താഴ്ചയിൽ നിന്നും ഉയർച്ചയിലേക്കുള്ള വിജുവെന്ന ജോഷ്വായുടെ പോക്കാണ് ആദ്യ പകുതിയെങ്കിൽ, അവിടെനിന്നും പതനത്തിലേക്കും തിരിച്ചറിവിലേക്കുമുള്ള യാത്രയാണ് ഇടവേളയ്ക്കു ശേഷം പ്രേക്ഷകരെ കാത്തിരിക്കുന്നത്.
advertisement
വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുമ്പോൾ എന്തായി എന്ന ചോദ്യത്തിനുള്ള ഉത്തരമാവും ഇവരുടെ ആരാധകർ കാത്തിരിക്കുക. എക്സിക്യൂട്ടീവ് പേർസണൽ അസിസ്റ്റന്റ് എന്ന നിലയിൽ ആരംഭിച്ച് കാമുകിയെന്നോ, പങ്കാളിയെന്നോ കൃത്യമായി പേരെടുത്ത് വിളിക്കാനാവാതെ പാസ്റ്റർ ജോഷ്വായുമായി ബന്ധം സ്ഥാപിക്കുന്ന എസ്തർ ലോപസ് എല്ലാ രംഗങ്ങളിലും ഒരു മികച്ച കെമിസ്ട്രി സ്‌ക്രീനിൽ വർക്ക് ഔട്ട് ആക്കിയിട്ടുണ്ട്. അഭിനയത്തിൽ രണ്ടാം വരവ് നടത്തിയെങ്കിലും നസ്രിയയുടെ പഴയ കുറുമ്പുകൾ എവിടെ പോയി എന്ന് പരിഭവിക്കുന്ന ആരാധകർക്കും ആശ്വാസത്തിന് വകയുണ്ട്.
advertisement
ഫഹദ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ക്രീൻ സമയം ലഭിച്ചിരിക്കുന്നത് അവറാച്ചനായെത്തിയ ദിലീഷ് പോത്തനാണ്. എന്തും ബ്രില്യന്റായി കൈകാര്യം 'പോത്തേട്ടൻ' ശരീരഭാഷയിലും ലുക്കിലും പ്രവർത്തിയിലുമെല്ലാം കുടിലതന്ത്രജ്ഞനായി എത്തുമ്പോൾ പ്രേക്ഷകർ കാണുന്നത് ആ ബ്രില്യൻസിന്റെ ഏറ്റവും പുതിയ പതിപ്പാണ്.
അധികം നേരത്തെ പെര്ഫോമന്സിനുള്ളത് സ്ക്രിപ്റ്റിൽ ഇല്ലെങ്കിലും പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, വിനായകൻ എന്നിങ്ങനെയുള്ള പ്രേക്ഷകരുടെ പ്രിയ താരനിര ഈ സിനിമയെ മികവുറ്റതാക്കാൻ മത്സരിച്ചഭിനയിച്ചിട്ടുണ്ട്.
advertisement
ആറ്റിക്കുറുക്കിയ സ്ക്രിപ്റ്റ് എഴുതിയ വിൻസെന്റ് വടക്കൻ തിരക്കഥാകൃത്തിന്റെ പേര് ടൈറ്റിൽ സ്ക്രോളിൽ തെളിയുന്നതിന് മുൻപേ പ്രേക്ഷകന്റെ പൾസ് അളന്നെടുത്തുകഴിയും. വടക്കന്റെ പേന ചലിക്കുന്ന മുറക്ക് ആ ഹൃദയമിടിപ്പുകളുടെ വേഗത നിയന്ത്രിക്കപ്പെടുന്നതും ശ്രദ്ധേയം. സംവിധായകന്റെ മേലങ്കി അണിഞ്ഞ കാലം മുതലേ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ പ്രേക്ഷകർക്കായി അത് നിറവേറ്റാനും കൂടി തനിക്കറിയാം എന്ന് തെളിയിച്ച അൻവർ റഷീദിന് ഇനിയൊരു ആമുഖത്തിന്റെ ആവശ്യമേയില്ല.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഒരിക്കൽക്കൂടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുമ്പോൾ സ്‌ക്രീനിൽ എന്തെത്തുമെന്ന് പറഞ്ഞു രസം കളയുന്നതിനേക്കാളും കണ്ടറിയുന്നതാവും നല്ലത്. സുഷിനും ജാക്സണും ചേർന്ന് സിനിമയുടെ മൂഡിനൊപ്പം ഒഴുകാൻ മികച്ച സംഗീത സങ്കേതങ്ങളെ അവതരിപ്പിക്കുമ്പോൾ മുറിക്കലുകളും തുന്നിച്ചേർക്കലുകളും പ്രവീൺ പ്രഭാകറിന്റെ കത്രിക ഭംഗിയായി കൈകാര്യം ചെയ്‌തു.
ആൾദൈവങ്ങളുടെ മൂടുപടം വലിച്ചെറിഞ്ഞ ഏതാനും മലയാള ചിത്രങ്ങൾക്ക് ശേഷം തീവ്രവും ശക്തവുമായ മറ്റൊരു പൊളിച്ചടുക്കലുമായി ട്രാൻസ് ജൈത്രയാത്ര ആരംഭിക്കുകയായി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2020 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Trance movie review: ഏഴുവർഷത്തിന്റെ പ്രതീക്ഷ അമിത ഭാരമല്ല; നിറഞ്ഞാടി ഫഹദ്, ഞെട്ടിച്ച് അൻവർ റഷീദ്