ദൈവത്തിനും ശാസ്ത്രത്തിനും മനുഷ്യർക്കും നന്ദി പറഞ്ഞുകൊണ്ട് ആരംഭം കുറിക്കുന്ന സിനിമകൾ വന്നുപോയിക്കഴിഞ്ഞു. പക്ഷെ ഏതെങ്കിലുമൊരു വർഷത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ചിത്രം ഇറങ്ങണമെങ്കിൽ, എന്തുകൊണ്ടും അനുയോജ്യമായ വർഷം 2020 തന്നെയാണ്.
ദേശമെന്നോ, ജനവിഭാഗമെന്നോ വേർതിരിവില്ലാതെ ലോകജനതയെ ആകമാനം പിടിച്ചുലച്ച കോവിഡ് 19 വൈറസ്, ആരോഗ്യപരമായും, മാനസികമായും സാമ്പത്തികമായും ഒട്ടനവധിപ്പേരിലേക്ക് കടന്നെത്തിയ വർഷമാണിത്. ഇനിയും പിടിവിട്ടിട്ടില്ലാത്ത മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിലൂടെ കടന്നുപോകേണ്ടി വന്ന സണ്ണി എന്ന യുവാവിന്റെ ദിനങ്ങളാണ് 'സണ്ണി' സിനിമയിലെ കാഴ്ച.
സിനിമയുടെ തുടക്കത്തിൽ എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് ടാക്സിയിൽ വരവേ, ഡ്രൈവറുടെ കയ്യിൽ നിന്നും ലൈറ്റർ വാങ്ങി പാസ്സ്‌പോർട്ട് കത്തിച്ചെറിയുന്ന സണ്ണി, ജീവിതപ്രക്ഷുബ്ധങ്ങളുടെ നടുവിലാണെന്നതിന്റെ ആദ്യ സൂചന നൽകുന്നു.
വിദേശത്തു നിന്നും നാട്ടിലെത്തി, സ്വന്തം സമ്പാദ്യം മുടക്കി, മുന്തിയ ഹോട്ടലുകളിൽ റൂം എടുത്ത്, ക്വറന്റീൻ തേടേണ്ടിവന്ന അനവധി പ്രവാസികളുടെ പ്രതിനിധിയാണ് ഈ സിനിമയുടെ നായകൻ. എല്ലാ പ്രവാസികളും സുരക്ഷിത താവളങ്ങളിൽ നിന്നോ താവളങ്ങളിലേക്കോ അല്ല തിരികെ മടങ്ങിയത് എന്ന് സണ്ണി ഓർമ്മപ്പെടുത്തുന്നു.
'മതിലുകൾ' സിനിമയിലെ ബഷീറിന് മുന്നിൽ ജയിലിനുള്ളിൽ ഉയർന്നുപൊങ്ങിയ മതിൽ തടസ്സം സൃഷ്‌ടിച്ചുവെങ്കിൽ കാണാൻ കഴിയാത്ത ഒട്ടനവധി വേലിക്കെട്ടുകൾക്കുള്ളിലാണ്, സംഗീതത്തിൽ കമ്പമുള്ള, ജീവിത പ്രതിസന്ധികളും, അതിനുപുറമേ, കോവിഡ് തീർത്ത മാർഗ്ഗതടസ്സങ്ങളും ചേർന്ന സണ്ണിയുടെ ജീവിതം. ബഷീറിന് നാരായണിയുടെ ശബ്ദം എന്ന പോലെ ഇവിടെ സണ്ണിയുടെ ഭ്രാന്തൻ ചിന്തകൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഒരു സ്ത്രീശബ്ദം ശബ്ദം കടന്നുവരുന്നുണ്ട്. അവിടെ പനിനീർപ്പൂ ചെടിയെങ്കിൽ, ഇവിടെ പറന്നുവീണ ദുപ്പട്ടയും സിഗരറ്റു കൂടും ഫോൺ വിളികളും പകരം വയ്ക്കാം. പക്ഷെ പ്രണയം ഉണ്ടെന്ന് പറയാനാവില്ല.
കോവിഡ് യുദ്ധമുഖത്ത് അപ്രതീക്ഷിതമായ ഒറ്റപ്പെടൽ ഏൽപ്പിച്ച ആഘാതം തരണം ചെയ്യുകയെന്നത് പലർക്കും അത്ര നിസാരകാര്യമല്ല. അതുവരെ ഉണ്ടായിരുന്ന ജോലിയും യാത്രകളും ശീലങ്ങളും ജീവിത സാഹചര്യങ്ങളും ഒന്ന് നേരം പുലർന്നതും മാറിമറിയുക എന്ന കാര്യം ചെറുതായി കാണാനാവില്ലെന്നും 'സണ്ണി' ഓർമ്മപ്പെടുത്തുന്നു.
ഒന്നര മണിക്കൂറിൽ, ഒരാളെ കേന്ദ്രീകരിച്ച്, ആ വ്യക്തി നേരിടുന്ന വിരസതയേയും പ്രശ്നങ്ങളേയും പ്രമേയമാക്കി ഒരു സിനിമ എത്തുമ്പോൾ, അയാളിലെ ആലസ്യവും അവസ്ഥാന്തരങ്ങളും കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് വന്നുചേരാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നായകനിലും സംവിധായകനിലും നിക്ഷിപ്തമാണ്. അവർ ആ കർത്തവ്യം ഭംഗിയായി നിർവഹിച്ചു എന്ന് സണ്ണിയെ കണ്ടുകഴിഞ്ഞാൽ മനസ്സിലാക്കാം.
ജീവിതത്തിൽ ആരും മറ്റൊരു സണ്ണി ആവരുതേ എന്ന ചിന്ത കാണികളിലേക്കെത്തിക്കാൻ ജയസൂര്യ പരിശ്രമിച്ചു വിജയിക്കുന്നുണ്ട്. ശരീരഭാഷയിലും എക്സ്പ്രെഷനുകളിലും ജയസൂര്യ പൂർണ്ണമായും സണ്ണിയായി മാറിയിട്ടുണ്ട്.
മറ്റു മുഖങ്ങൾ ഒന്നും സ്‌ക്രീനിൽ തെളിയില്ലെങ്കിലും, സണ്ണി നേരിടുന്ന മാനസിക വ്യഥകൾക്കു മുറുക്കം കൂടുമ്പോൾ, അവിടേക്ക് കടന്നു വരുന്ന ഫോൺ സന്ദേശങ്ങളിൽ പരിചിത സ്വരങ്ങളാണ്. വോയിസ് ആർട്ടിസ്റ്റുമാരായി ശ്രിത ശിവദാസ്, ഇന്നസെന്റ്, വിജയരാഘവൻ, അജു വർഗീസ്, സിദ്ധിഖ്, ശിവദ, വിജയ് ബാബു, മംമ്ത മോഹൻദാസ് തുടങ്ങിയവർ അണിനിരക്കുന്നു.
സംഗീതപ്രിയൻ ആണെന്ന് പറഞ്ഞിട്ടുകൂടി ഒറ്റപ്പെടൽ വേളകളിൽ അയാൾക്കതു പുറത്തെടുത്ത് പിരിമുറുക്കത്തിന് അയവുവരുത്തിക്കൂടേ എന്ന് പ്രേക്ഷകർ ചോദിച്ചേക്കാം. എന്നാൽ അത്രയേറെ ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്നയാൾ ഏറെപ്രിയപ്പെട്ടത് കയ്യെത്തും ദൂരത്തുണ്ടായിട്ട്, അതുപോലും പ്രയോജനപ്പെടുത്താൻ സാധ്യമാവില്ല എന്ന നിലയിലാണ്.
ഒറ്റപ്പെടലിന്റെ വേളയിൽ മാനസികാരോഗ്യവും ശുഭാപ്തിവിശ്വാസവും അനിവാര്യമായിരിക്കെ, ഓവർ-കോൺഫിഡൻസോ പോസിറ്റിവിറ്റിയുടെ അതിപ്രസരമോ പ്രതിഫലിപ്പിക്കാതെ, തീർത്തും സ്വാഭാവികമായി തന്നെ അവയെല്ലാം സണ്ണിയിലേക്ക് എത്തിക്കാൻ സ്ക്രിപ്റ്റിൽ പ്രത്യേകം ശ്രദ്ധയുണ്ട്.
ഒന്നരമണിക്കൂറിനുള്ളിൽ, ഒരാളുടെ മനസ്സിന്റെ ഉള്ളിൽ നിലകൊള്ളുന്ന സ്വന്തം ചിന്തകളാകുന്ന ശത്രുക്കളോടു അയാൾ സ്വയം പടവെട്ടി പുറത്തെത്തുന്ന കാഴ്ചയാണ് സണ്ണി. ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടായ്മയുടെ ഏറ്റവും പുതിയ ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.