'പാലത്തായി കേസ് പോക്സോ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ അവസാനത്തെ ഉദാഹരണം'; റിട്ടേർഡ് DYSP റഹീം
- Published by:Sneha Reghu
- news18-malayalam
Last Updated:
രാഷ്ട്രീയ എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ സാധിക്കുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കണ്ണൂർ: പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസെന്ന് റിട്ടേർഡ് ഡിവൈഎസ്പി റഹിം.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എസ്ഐടിയും അന്വേഷിച്ചിട്ടും കേസിൽ പോക്സോ കുറ്റം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം തന്നോട് പറഞ്ഞതായും റഹീം പോസ്റ്റിൽ പറയുന്നു. പാലത്തായി കേസിൽ വിധി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് (നവംബർ 16) ഇദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, ഇപ്പോഴാണ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയായത്.
പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പോക്സോ ആക്ട് നിലനിൽക്കില്ല എന്നാണ് നൽകിയത്. അതുതന്നെയാണ് ശരി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാൻ സാധിച്ചതെന്നും റഹീം പറയുന്നു.
advertisement
രാഷ്ട്രീയ എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ സാധിക്കുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിക്ക പോക്സോ കേസുകളും കോടതിയിൽ വിചാരണയ്ക്ക് എത്തുമ്പോൾ ശിക്ഷിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത്തരം കേസുകളിൽ ഇര കോടതി മുമ്പാകെ പ്രതി തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട് 2012 നിലവിൽ വന്ന പോക്സോ ആക്റ്റ് ( Protection of Children from Sexual Offences Act) ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന സെക്ഷ്വൽ ഹറാസ്മെൻ്റ്, സെക്ഷ്വൽ അസാൾട്ട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന നിയമമാണ് ഇത്. പോലീസ് സംവിധാനത്തെ ചൈൽഡ് ഫ്രണ്ട്ലി ആക്കുന്നതോടൊപ്പം അതിൻറെ പ്രാവർത്തിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നിയമം. കുട്ടികൾ ഒരിക്കലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൂടാ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നിയമം നടപ്പാക്കിയിട്ടുള്ളത്. എന്നിരുന്നാലും ആ നിയമം കൊണ്ടുവന്ന ഉദ്ദേശ ലക്ഷ്യങ്ങൾ അത് നേടിയെടുത്തിട്ടുണ്ടോ എന്നത് ഗൗരവമായ ചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
advertisement
ഞാൻ കാസർകോട് ഡിസി ആർ ബി ഡിവൈഎസ്പി ആയിരിക്കേ കാസർകോട് ജില്ലയിൽ തന്നെ ഒരു പോലീസ് സ്റ്റേഷനിൽ ഒരച്ഛന്റെ പ്രതികാരം തീർക്കുന്നതിനു വേണ്ടി മകളെക്കൊണ്ട് അയാളുടെ ശത്രുക്കൾക്കെതിരെ പോക്സോ കേസ് നൽകി ജയിലിൽ അടപ്പിച്ച സംഭവവും പിന്നീട് ആ കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിയെ പണം വാങ്ങി കേസിൽ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ മുസ്ലിം സമുദായത്തിനിടയിലെ സംഘടനകൾ തമ്മിലുള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ മദ്രസകളിലെ ഉസ്താദുമാർക്കെതിരെ എതിർ വിഭാഗം ഉസ്താദുമാർ കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
advertisement
പോക്സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാൻ പലപ്പോഴും പോലീസ് മടിക്കാറുണ്ട്.
ഇതെവിടെ കുറിക്കാൻ കാരണം ഈയടുത്ത് ഓൺലൈനായും ഓഫ് ലൈൻ ആയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പാലത്തായി കേസിൻ്റെ വിധിയാണ്. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നത്. ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അതിനുശേഷം എസ് ഐ .ടി (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും) യുമാണ് പാലത്തായി കേസ് അന്വേഷിച്ചത്. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പോക്സോ ആക്ട് നിലനിൽക്കില്ല എന്നാണ് കോടതിയിൽ നൽകിയത് എന്നാണ് അറിയുന്നത്. അതുതന്നെയാണ് ശരി എന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഈയുള്ളവന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
advertisement
അതായത് എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്ന് ചുരുക്കം.
മിക്ക പോക്സോ കേസുകളും കോടതിയിൽ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നത്.
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കേരള പോലീസിൻറെ മുഖം രക്ഷിക്കുന്ന ഒരു ആക്ട് കൂടിയാണ് പോക്സോ ആക്ട്. സാധാരണഗതിയിൽ പോലീസിന്റെ കഴിവും പ്രാപ്തിയും കണക്കാക്കുന്നത് പോലീസ് അന്വേഷിച്ച കേസുകളിൽ ലഭിച്ചിട്ടുള്ള കൺവിക്ഷൻ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ൻ്റെ കണക്ക് പ്രകാരം 2019 കാലഘട്ടത്തിൽ പോക്‌സോ കേസുകളുടെ കൺവിക്ഷൻ റേറ്റ് 73.89% ആണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം.
advertisement
എന്നാൽ ഈ കേസുകളിൽ എത്രമാത്രം നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കെടുക്കേണ്ടത് നിയമ വ്യവസ്ഥയോട് ചെയ്യുന്ന പുണ്യകരമായ കാര്യമായിരിക്കും. ഒരുപക്ഷേ, പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവൻ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കിൽ അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിൻറെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉൽബോധിപ്പിക്കുന്നത്.
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. നീതി പാലിക്കുക; അതാണ് തഖവയോട് ഏറ്റവും അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
advertisement
(വിശുദ്ധ ഖുർആൻ 5 :8 ) 2012ൽ കൊണ്ടുവന്ന ആക്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ നിന്നും എന്തുമാത്രം തടഞ്ഞിട്ടുണ്ടെന്നും, ഈ ആക്ട് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തേണ്ട ഒരു അവസരം കൂടിയാണ് ഇത്.
തലശ്ശേരി അതിവേഗ പോക്സോ കോടതി അടുത്തിടെയാണ് ബി.ജെ.പി. നേതാവും അധ്യാപകനുമായിരുന്ന പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 എബി വകുപ്പ് പ്രകാരമുള്ള ജീവപര്യന്തം തടവ് ജീവിതാന്ത്യംവരെയാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.ടി. ജലജാറാണി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ വകുപ്പില്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.. പോക്‌സോ നിയമത്തിലെ അഞ്ച് (എഫ്), (എല്‍) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പോക്‌സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കും മുന്‍പ് പോക്‌സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 24, 2025 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലത്തായി കേസ് പോക്സോ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ അവസാനത്തെ ഉദാഹരണം'; റിട്ടേർഡ് DYSP റഹീം


