Toxic: ഗീതു മോഹൻദാസിൻ്റെ യാഷ് ചിത്രം 'ടോക്‌സിക്' കുരുക്കില്‍; വനഭൂമിയില്‍ നിന്ന് മരം മുറിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരേ കേസ്
- Published by:Rajesh V
- trending desk
Last Updated:
കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്
യാഷ് നായകനായെത്തുന്ന 'ടോക്‌സിക്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനഭൂമിയില്‍നിന്ന് നിയമവിരുദ്ധമായി മരം മുറിച്ചതിന് നിർമാതാക്കൾക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കനറാ ബാങ്ക് ജനറല്‍ മാനേജര്‍, ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗീതു മോഹൻദാസ് ആണ് ചിത്രത്തിന്റെ സംവിധായിക.
കര്‍ണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പീന്യയിലെ സ്ഥലം സന്ദര്‍ശിച്ച് വനനശീകരണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങളും അദ്ദേഹം വിശകലനം ചെയ്തു. എച്ച്എംടി കൈവശപ്പെടുത്തിയ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടും സ്ഥലത്തെ മരം മുറിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
''ടോക്‌സിക് സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലം ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചു. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിയമപരമായ അനുമതിയില്ലാതെ വനഭൂമിയില്‍ മരംമുറിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്,'' അദ്ദേഹം വ്യക്തമാക്കി. ടോക്‌സിക്കിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് മരങ്ങള്‍ മുറിച്ചതായി മന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
advertisement
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെവിഎന്‍ പ്രോഡക്ഷന്‍സും മോണ്‍സറ്റര്‍ മൈന്‍ഡ് ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു. മയക്കുമരുന്നു മാഫിയയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍-ഓറിയന്റഡ് സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബോളിവുഡ് നടി കരീന കപൂര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിലെ നായികയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി ‘തട്ടിയെടുത്ത’ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
November 13, 2024 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Toxic: ഗീതു മോഹൻദാസിൻ്റെ യാഷ് ചിത്രം 'ടോക്‌സിക്' കുരുക്കില്‍; വനഭൂമിയില്‍ നിന്ന് മരം മുറിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരേ കേസ്