ഇന്ത്യ - ചൈന അതിർത്തി വീണ്ടും സംഘർഷഭരിതമാകുകയാണ്. ഇരുസൈന്യവും മുൻപും നേർക്കുനേർ എത്തിയിട്ടുണ്ട്. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സാധിച്ചു. വർഷങ്ങളുടെ പാരമ്പര്യമുണ്ട് ഇന്ത്യ - ചൈന തർക്കത്തിന്. 3488 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയെ ചൊല്ലിയാണ് എന്നും തർക്കമുണ്ടായത്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം ഇന്നും തുടരുന്നു. ഇന്ത്യ-ചൈന അതിർത്തിയെ പടിഞ്ഞാറൻ (ലഡാക്ക്), മിഡിൽ (ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്), കിഴക്കൻ (സിക്കിം, അരുണാചൽ പ്രദേശ്) എന്നിങ്ങനെ മൂന്ന് മേഖലകളായി വേർതിരിച്ചിട്ടുണ്ട്. ഇതിൽ കിഴക്കൻ മേഖലയും ലഡാക്ക് ഉൾപ്പെടുന്ന ഭാഗവുമാണ് ചൈനയുടെ നോട്ടത്തിലുള്ളത്. ഇതേ ചൊല്ലിയാണ് ഇരു രാജ്യങ്ങളും നേർക്കുനേർ എത്തിയത്. 2017ൽ ദോക്ലയ്ക്ക് ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്.
Realated News -
India-China Border Faceoff | ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു
1967ലെ നാഥുല- ചോ ല പോരാട്ടം
1962- 67 കാലഘട്ടമാണ് ഇന്ത്യ – ചൈന അതിർത്തിയിൽ ഏറ്റവുമധികം ചോര വീണത്. കശ്മീർ അതിർത്തിയിലുള്ള അക്സായ് ചിൻ, അരുണാചൽ അതിർത്തി എന്നിവിടങ്ങളിൽ 1962ൽ നടന്ന യുദ്ധത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യയ്ക്കു മേൽ ചൈന സമ്മർദം ശക്തമാക്കി. 1965ലെ ഇന്ത്യാ - പാകിസ്ഥാൻ യുദ്ധവേളയിൽ, നാഥുലാ നിരീക്ഷണ പോസ്റ്റിൽ നിന്ന് ഇന്ത്യയെ തുരത്താൻ ചൈന നീക്കം നടത്തി.
എന്നാൽ, നാഥുലയിൽ സേനയ്ക്കു നേതൃത്വം നൽകിയ മേജർ ജനറൽ സാഗത് സിങ് ചൈനയെ നേർക്കുനേർ നേരിട്ടു. നാഥുല കൈവിടുന്നതു ചൈനയ്ക്കു സൈനികപരമായി മേൽക്കൈ നൽകുമെന്ന് വിലയിരുത്തിയ സാഗത്, അയൽരാജ്യത്തു നിന്നുള്ള നിരന്തര സമ്മർദം അതിജീവിച്ചു.
ജീവൻ പോയാലും നാഥുല വിട്ടുകൊടുക്കില്ലെന്ന സാഗതിന്റെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടു. ഇന്നും കൈവശമുള്ള നാഥുല ചുരമാണു ചൈനയുടെ സൈനിക നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യയ്ക്കു കരുത്തു പകരുന്നത്. ചുരത്തിലെ ഉയർന്ന പ്രദേശങ്ങളായ കാമൽസ് ബാക്ക്, സേബു ലാ എന്നിവയുടെ നിയന്ത്രണം ഭൂമിശാസ്ത്രപരമായി ഇന്ത്യയ്ക്കു കരുത്തു പകരുന്നു. ഉയരത്തിലുള്ള ഇവിടെ നിന്നു ചൈനയെ കൃത്യമായി ഉന്നമിട്ട് ആക്രമിക്കാൻ ഇന്ത്യയ്ക്കു സാധിക്കും.
രണ്ടുമാസത്തോളം പോരാട്ടം നീണ്ടുനിന്നു. ഇരുന്നൂറോളം ഇന്ത്യൻ സൈനികരും മുന്നൂറോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
1987ലെ സംഘർഷം
1987 മേയിൽ അരുണാചൽ പ്രദേശിലെ തവാങ് പ്രദേശത്ത് ഇന്ത്യ നടത്തിയ നീക്കങ്ങൾ ചൈനയെ പ്രകോപിപ്പിച്ചു. 1980കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ കീഴിൽ ഈ പ്രദേശങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തുന്ന നടപടികൾ ഇന്ത്യ ആരംഭിച്ചിരുന്നു. അരുണാചൽ പ്രദേശ് പൂർണ്ണമായി തങ്ങളുടെ ഭാഗമാണെന്ന വാദമാണ് അന്ന് ചൈന മുന്നോട്ട് വെച്ചത്. ഇതിനിടെ 1986ൽ രാജീവ് ഗാന്ധി അരുണാചലിന് സംസ്ഥാനപദവി നൽകി. ഏപ്രിൽ മാസം ഇരു വിഭാഗം സൈനികരും നേർക്കുനേർ എത്തി. വിദേശകാര്യ മന്ത്രി എൻ.ഡി തിവാരി നടത്തിയ ചർച്ചകളാണ് സംഘർഷ സാധ്യതകൾ ഇല്ലാതാക്കിയത്.
2017ലെ ദോക്ലാം സംഘർഷം
ചൈനയും ഭൂട്ടാനും അവകാശമുന്നയിക്കുന്ന ദോക്‌ലാം പ്രദേശത്തെ റോഡ് നിർമ്മാണത്തെ ചൊല്ലി ഇന്ത്യൻ സൈന്യവും ചൈനയും നേർക്കുനേർ എത്തിയത് ശ്രദ്ധേയമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 72 ദിവസം നീണ്ടുനിന്നു. ചർച്ചകൾക്ക് ശേഷം റോഡ് നിർമ്മാണം ഉപേക്ഷിച്ചു. ഈതോടെയാണ് ഇരു വിഭാഗം സൈനികരും പ്രദേശത്ത് നിന്നും പിൻവാങ്ങി. ഇതിന് മുൻപായി 2013ലാണ് അതിർത്തിയിൽ തർക്കമുണ്ടായത്. അക്‌സായി അതിർത്തിയിലെ ദൗളത് ബേഗ് ഓൾഡിയിൽ നിന്ന് 30 കിലോമീറ്റർ തെക്കായി റാക്കി നുളയിലെ അതിർത്തിയിൽ ചൈനീസ് സംഘം ക്യാമ്പ് ആരംഭിച്ചു. ഇതിന് പ്രതികാരമായി ഇന്ത്യൻ സൈന്യം 300 മീറ്റർ അകലെ സ്വന്തം ക്യാമ്പുകൾ നിർമ്മിച്ചു. ഹെലികോപ്‌റ്ററുകളും ട്രക്കുകളും പ്രദേശത്ത് എത്തിച്ച് ചൈന സാഹചര്യം വഷളാക്കി. മൂന്നാഴ്ചയോളമാണ് ഈ തർക്കം നീണ്ടുനിന്നത്.
ഏറ്റവും പുതിയ സംഘർഷം
മെയ് 5ന് പങ്ഗോങ് തടാകത്തിനടുത്ത് ഒരു വിഭാഗം സൈനികരും നേർക്കുനേർ എത്തുകയും കയ്യാങ്കളി വരെയെത്തിയ സ്ഥിതിയുണ്ടാകുകയും ചെയ്‌തു. മെയ് ഒൻപതിന് സിക്കിമിലെ നകു ലാ പാസിൽ സമുദ്രനിരപ്പിൽ നിന്ന് 19,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന അതിർത്തി പ്രദേശത്തൂടെ സഞ്ചരിച്ച ചൈനയുടെ പട്രോളിങ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതും സാഹചര്യം വഷളാക്കി. ഇതോടെ ചൈനീസ് ഭരണകൂടം വിഷയത്തിൽ കൂടുതലായി ഇടപെട്ടു. അതിർത്തിയിൽ സേന വിന്യാസം ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകുകയുമായിരുന്നു.
1962ലെ ഇന്ത്യ - ചൈന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച അക്‌സായി മേഖലയിലെ ഗാൽവാൻ വാലി മേഖലയിലാണ് ഇരു വിഭാഗം സൈന്യവും നേർക്കുനേർ എത്തിയത്. പ്രദേശത്ത് ഇന്ത്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ചൈന ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഷ്യോക് - ദൗളത് ബേഗ് ഓൾഡി റോഡ് നിർമ്മിച്ചതിനെതിരെയും ചൈന രംഗത്തുവന്നു. ഇതിനിടെ 2009ൽ ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അയൽരാജ്യത്തെ ചൊടിപ്പിച്ചു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യ പ്രഖ്യാപിച്ചതാണ് ചൈനയുടെ എതിർപ്പിന് കാരണമായത്.
ഇന്ന് ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിൽ ഒരു സൈനിക ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ ആർമി ഒദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.