അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (Assembly Elections) നേരിട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് നേരിടേണ്ടി വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ശശി തരൂർ എംപി (Shashi Tharoor, MP). രാജ്യത്തെ എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോൺഗ്രസാണെന്നുമാണ് തരൂർ പ്രതികരിച്ചത്. കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചു.
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംഎല്‍എമാരുടെ എണ്ണവും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബിജെപിക്ക് 1443 എംഎല്‍എമാരും കോണ്‍ഗ്രസിന് 753 എംഎല്‍എമാരുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരും ആം ആദ്മിക്ക് 156 എംഎല്‍എമാരുമുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 151ഉം ഡിഎംകെയ്ക്ക് 139ഉം ബിജു ജനതാദളിന് 114ഉം തെലങ്കാന രാഷ്ട്രീയ സമിതിക്ക് 103ഉം സിപിഎമ്മിന് 88ഉം എംഎല്‍എമാരുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇനി കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. - "ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ് - നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്."
Also read-
Shashi Tharoor | ഇനി കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യം: ശശി തരൂർ എം പി
5 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരം കൈയ്യിലുണ്ടായിരുന്ന പഞ്ചാബിലടക്കം കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഒരുകാലത്ത് തുടർച്ചയായി ഭരിച്ച ഉത്തർപ്രദേശിലും കോൺഗ്രസ് നാമാവശേഷമായി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഇത്തവണ പിന്നിൽ പോയി. ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് ഭേദപ്പെട്ട പ്രകടനം നടത്താൻ ശ്രമിച്ചത്.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നിലായതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.
അതേസമയം കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോഴത്തേത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടി, ഏറ്റവും പുതിയ പാർട്ടിയായ ആം ആദ്മിക്കൊപ്പം എത്തിയിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇന്ത്യയിലാകെ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തർപ്രദേശിൽ 3 ശതമാനം വോട്ട് നേടാൻ പോലും കഴിയാതെ കോൺഗ്രസ് കിതക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ചു സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ വിജയിക്കാനായത് 55 സീറ്റുകളിൽ മാത്രം. യുപിയിൽ 403 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലീഡ് പിടിക്കാനായത് 3 സീറ്റുകളിലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.