കാവലായി 4000 പൊലീസുകാര്‍ നില്‍ക്കെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണവും മൊബൈലും മോഷണം പോയി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന ചടങ്ങിനിടെയാണ് മോഷണപരമ്പര അരങ്ങേറിയത്
മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനില്‍ വെച്ച് നടന്ന ചടങ്ങിനിടെയാണ് മോഷണപരമ്പര അരങ്ങേറിയത്. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ രാഷ്ട്രീയരംഗത്തെ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 4000ലധികം പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. 40000ലധികം മഹായുതി സര്‍ക്കാര്‍ അനുകൂലികളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
'' രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന അവസരം മുതലെടുത്ത കള്ളന്‍മാര്‍ മോഷണം നടത്തുകയായിരുന്നു. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പഴ്‌സുകള്‍ എന്നിവ മോഷണം പോയി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്,'' ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
advertisement
ഡിസംബര്‍ അഞ്ചിനാണ് മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മുംബൈ ആസാദ് മൈതാനിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് എക്നാഥ് ഷിന്‍ഡേ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖര്‍ സത്യപ്രതിജ്ഞാചടങ്ങിന് സാക്ഷ്യം വഹിച്ചു.
advertisement
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡേ.
നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ച 54 കാരനായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് 132 സീറ്റുകള്‍ നേടി ബിജെപി മിന്നും വിജയം കാഴ്ചവച്ചത്. 288 നിയമസഭയില്‍ 230 സീറ്റുകളുമായാണ് മഹായുതി സഖ്യം അധികാരത്തിലെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
December 09, 2024 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാവലായി 4000 പൊലീസുകാര്‍ നില്‍ക്കെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണവും മൊബൈലും മോഷണം പോയി