'ഞങ്ങൾ വിഐപികൾ, ക്യൂ നിൽക്കാനാകില്ല' ഓരോ എംഎൽഎയ്ക്കും 5 ഐപിഎൽ ടിക്കറ്റുകൾ വേണമെന്ന് കർണാടക നിയമസഭാംഗം
- Published by:Rajesh V
- news18-malayalam
Last Updated:
ഐപിഎൽ ടിക്കറ്റുകൾക്കായി അവകാശവാദമുന്നയിച്ച് കർണാടകയിലെ നിയമസഭാംഗങ്ങൾ
ഐപിഎൽ മത്സരങ്ങൾക്കുള്ള സൗജന്യ ടിക്കറ്റുകൾ ആവശ്യപ്പെട്ട് കർണാടകയിലെ നിയമസഭാംഗങ്ങൾ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ വീതം നൽകണമെന്നും, ജനപ്രതിനിധികൾ വിഐപികൾ ആയതിനാൽ അവർക്ക് ക്യൂവിൽ നിൽക്കാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ വാദിച്ചത്.
2026 ഐപിഎൽ സീസണിലെ ബംഗളൂരുവിലെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് കാശപ്പനവർ ഈ ആവശ്യം ഉന്നയിച്ചത്. സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) ജനപ്രതിനിധികളെ ബഹുമാനിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഈ മാസം 28-ന് ഐപിഎൽ മത്സരം തുടങ്ങുകയാണ്. അസോസിയേഷൻ എംഎൽഎമാർക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ടിക്കറ്റുകൾ നൽകുന്നില്ല. അവർ സർക്കാരിൽ നിന്ന് എല്ലാ സൗകര്യങ്ങളും സുരക്ഷയും കൈപ്പറ്റുന്നുണ്ട്. എന്നാൽ എംഎൽഎമാരെ അവർ ബഹുമാനിക്കുന്നില്ല," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ കരിഞ്ചന്ത നടക്കുന്നുണ്ടെന്നും ഹുംഗുണ്ട് എംഎൽഎ ആരോപിച്ചു. ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ വീതം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ സ്പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ പൊതുജനത്തിനൊപ്പം ഇരുത്തരുതെന്നും സ്റ്റേഡിയത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കണമെന്നും കാശപ്പനവർ ആവശ്യപ്പെട്ടു. "ഞങ്ങൾ വിഐപികളാണ്. ഞങ്ങൾക്ക് ക്യൂവിൽ പോയി നിൽക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഞങ്ങൾ ക്യൂവിൽ നിന്നു. അവർ ഞങ്ങളെ പൊതുജനത്തിനൊപ്പം ഗാലറിയിലേക്കാണ് അയക്കുന്നത്. ഇത് അനുവദിക്കാനാവില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കെഎസ്സിഎ ആർക്കും വഴങ്ങാത്ത രീതിയിൽ അമിത അധികാരം കാണിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ ആർ അശോകും ഈ ആവശ്യത്തെ പിന്തുണച്ചു. സർക്കാർ ഭൂമി നാമമാത്രമായ നിരക്കിൽ കൈവശം വെച്ചിട്ടും കെഎസ്സിഎ എന്തിനാണ് ഇത്രയും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.
എംഎൽഎമാർക്ക് കുറഞ്ഞത് നാല് ടിക്കറ്റുകൾ ഉറപ്പാക്കാൻ സർക്കാർ കെഎസ്സിഎയുമായി സംസാരിക്കണമെന്ന് സ്പീക്കർ യു ടി ഖാദർ നിർദ്ദേശിച്ചു. എംഎൽഎമാർക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവകാശമുണ്ടെന്നും കെഎസ്സിഎ അധികൃതരുമായി സംസാരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സഭയ്ക്ക് ഉറപ്പുനൽകി.
advertisement
ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ പുതിയ ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെയാണ് രാഷ്ട്രീയവും ആനുകൂല്യങ്ങളും തമ്മിലുള്ള ഈ തർക്കം വാർത്തകളിൽ ഇടംപിടിക്കുന്നത്.
Summary: A political row has broken out in Karnataka as state legislators demand complimentary tickets and VIP treatment for the upcoming 2026 IPL season in Bengaluru. The demand was spearheaded by Congress MLA Vijayanand Kashappanavar, who argued that elected representatives are "VIPs" and should not be expected to stand in queues or sit with the general public. MLAs are requesting a minimum of five free tickets each for matches involving Royal Challengers Bengaluru (RCB), along with separate, exclusive seating arrangements.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Mar 27, 2026 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞങ്ങൾ വിഐപികൾ, ക്യൂ നിൽക്കാനാകില്ല' ഓരോ എംഎൽഎയ്ക്കും 5 ഐപിഎൽ ടിക്കറ്റുകൾ വേണമെന്ന് കർണാടക നിയമസഭാംഗം







