E.A. Rajendran | അവജ്ഞയോടെയുള്ള നോട്ടത്തിൽ തുടങ്ങിയ പരിചയം; രാജേന്ദ്രന്റെയും സന്ധ്യയുടെയും പ്രണയവിവാഹം
- Published by:meera_57
- news18-malayalam
Last Updated:
രാജേന്ദ്രൻ, സന്ധ്യ ദമ്പതികളുടെ മകൻ ദിവ്യദർശനും സിനിമയിലെത്തി. നടൻ മുകേഷിന്റെ അനുജത്തിയാണ് സന്ധ്യ
മലയാള സിനിമ ഈ വർഷം നേരിട്ട ഏറ്റവും വലിയ നഷ്‌ടങ്ങളിൽ ഒന്നാണ് നടൻ ഇ.എ. രാജേന്ദ്രന്റെ വിടവാങ്ങൽ. അഭിനയകുലപതിയായ ഒ. മാധവന്റെ കലാകുടുംബത്തിലേക്ക് കടന്നുവന്ന മരുമകനും കറയറ്റ അഭിനേതാവായിരുന്നു. നാടകരംഗത്ത് ശക്തമായ രീതിയിൽ കഴിവ് തെളിയിച്ച ശേഷമാണ് മാധവനും ഭാര്യ വിജയകുമാരിയും മക്കളായ മുകേഷും സന്ധ്യയും സന്ധ്യയുടെ ഭർത്താവ് രാജേന്ദ്രനുമെല്ലാം സിനിമയിൽ മാറ്റുരച്ചത്. വില്ലനിസം തുടങ്ങിയാൽ, കണ്ടിരിക്കുന്നവർക്ക് ആ വില്ലനോട് ഈർഷ്യ തോന്നുന്നെങ്കിൽ, അതിനു കാരണം രാജേന്ദ്രന്റെ അഭിനയപ്രതിഭയല്ലാതെ മറ്റൊന്നല്ല
advertisement
ഒരു മികച്ച സ്വഭാവനടനുള്ള ഏല്ലാ സവിശേഷതയും നിറഞ്ഞ രാജേന്ദ്രൻ, മികച്ച വിദ്യാഭ്യാസം നേടിയ ശേഷമാണ് സിനിമയിൽ വരുന്നത്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും അക്കാലത്ത് പഠനം പൂർത്തിയാക്കിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു രാജേന്ദ്രൻ. കളിയാട്ടത്തിലെ പ്രതിനായകവേഷമാണ് രാജേന്ദ്രന്റെ കരിയറിലെ ഏറ്റവും മികച്ച ബ്രേക്ക് നൽകിയ റോൾ. 1981ൽ 'ഗ്രീഷ്മം' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. പിൽക്കാലത്ത് രാജേന്ദ്രൻ, സന്ധ്യ ദമ്പതികളുടെ മകൻ ദിവ്യദർശനും സിനിമയിലെത്തി. നടൻ മുകേഷിന്റെ അനുജത്തിയാണ് സന്ധ്യ (തുടർന്ന് വായിക്കുക)
advertisement
ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ജയരാജ് ചിത്രം 'പെരുങ്കളിയാട്ടം' ആണ് രാജേന്ദ്രന്റെ ഏറ്റവും അവസാന ചിത്രം. കരിയറിന്റെ അവസാന നാളുകളിൽ അഭിനേതാവ് എന്നതിനേക്കാൾ നിർമാതാവ് എന്ന നിലയിൽ രാജേന്ദ്രൻ സജീവമായിരുന്നു. മലയാള മിനിസ്ക്രീൻ രംഗത്തെ ശ്രദ്ധേയ പരമ്പരകളിൽ പലതും നിർമ്മിച്ചത് രാജേന്ദ്രന്റെ നേതൃത്വത്തിലാണ്. അതിനു പുറമേ, ഭാര്യാപിതാവ് ഒ. മാധവൻ തുടക്കമിട്ട കാളിദാസ കലാകേന്ദ്രം നിലനിർത്തിക്കൊണ്ടു പോയതും രാജേന്ദ്രന്റെ നേതൃത്വത്തിലാണ്. വിടവാങ്ങുമ്പോൾ, അദ്ദേഹം മലയാള സിനിമയിൽ നാല് പതിറ്റാണ്ടു കാലത്തെ അനുഭവസമ്പത്ത് നേടിയിരുന്നു
advertisement
പോയവർഷം താരസംഘടനായ അമ്മയുടെ വോട്ടിങ്ങിനെത്തിയ രാജേന്ദ്രന്റെ ലുക്ക് കണ്ട് പലതരത്തിൽ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സാധാരണഗതിയിൽ ഊർജസ്വലമായ ശരീരഭാഷയുള്ള രാജേന്ദ്രൻ, നന്നേ മെലിഞ്ഞ ലുക്കിലാണ് അന്നവിടെ എത്തിച്ചേർന്നത്. അദ്ദേഹത്തിന് ഏതോ രോഗം ബാധിച്ചു എന്ന് പറഞ്ഞ് പരത്തിയവർക്ക് മുന്നിൽ, ഭാര്യ സന്ധ്യ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. പ്രമേഹം ആയതിനാൽ, ഭക്ഷണം കുറച്ച് ഡയറ്റ് നോക്കിയിരുന്നു എന്നല്ലാതെ പറഞ്ഞ് പരത്തിയത് പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ രാജേന്ദ്രൻ നേരിട്ടിരുന്നില്ല
advertisement
രാജേന്ദ്രന്റെയും സന്ധ്യയുടെയും പ്രണയവിവാഹമായിരുന്നു. അമിതസ്നേഹപ്രകടനമോ ചേഷ്‌ടകളോ ഒന്നുമില്ലാത്ത ആ പഴയകാല പ്രണയം തുടങ്ങിയതിനെ കുറിച്ച് സന്ധ്യ പോയവർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒപ്പം ഭർത്താവ് രാജേന്ദ്രനും ഉണ്ടായിരുന്നു. ആദ്യമായി കാണുമ്പോൾ, സന്ധ്യ ഒന്ന് ചിരിച്ചുവെങ്കിലും, രാജേന്ദ്രൻ കണ്ടഭാവം കാട്ടിയില്ല. രണ്ടാമത് വീണ്ടും കാണുമ്പോൾ, വിദ്യാർത്ഥിനിയായ സന്ധ്യയുടെ മനസ്സിൽ ആദ്യകൂടിക്കാഴ്ചയിൽ ഉണ്ടായ ആ അനുഭവം മനസ്സിൽ നിഴലിച്ചു നിൽപ്പുണ്ടായിരുന്നു
advertisement
പരിചയപ്പെടുമ്പോൾ വളരെ അവജ്ഞയോടുകൂടിയാണ് അദ്ദേഹം നോക്കിയത്. സാധാരണഗതിയിൽ ഒരാളെ പരിചയപ്പെടുമ്പോൾ ഒന്ന് തലകുലുക്കുകയെങ്കിലും വേണ്ടിയതല്ലേ, അത്രപോലും അന്ന് രാജേന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പുഞ്ചിരിച്ചു പോലുമില്ല. അത് സന്ധ്യക്ക് മനസിൽക്കൊണ്ടു. അതുകഴിഞ്ഞ് മൂന്നു വർഷങ്ങൾക്ക് ശേഷമാണ് സന്ധ്യയും രാജേന്ദ്രനും കാണുന്നത്. ഡിഗ്രി പൂർത്തിയാക്കും വരെ രാജേന്ദ്രൻ എവിടെയെന്ന് സന്ധ്യ അന്വേഷിക്കുകയും ചെയ്തില്ല. ഡിഗ്രി കഴിഞ്ഞ നാളുകളിൽ അവിചാരിതമായി കാണുകയായിരുന്നു. ചിരിക്കരുത് എന്ന് മനസ്സിൽ കരുതിയെങ്കിലും, സന്ധ്യ അറിയാതെ ചിരിച്ചുപോയി. അന്ന് പക്ഷേ രാജേന്ദ്രനും തിരിച്ച് ചിരിച്ചു. അതിൽപ്പിന്നെ വേർപിരിയേണ്ടി വന്നിട്ടില്ല എന്ന് സന്ധ്യ; അദ്ദേഹം വിടപറയും വരെ









