കര്‍ണാടകയില്‍ ജോലി സമയം 10 മണിക്കൂറായി വര്‍ധിപ്പിക്കുന്നു
- Published by:Sarika N
- news18-malayalam
Last Updated:
നിര്‍ദിഷ്ട മാറ്റങ്ങളിലൂടെ ഒരു ദിവസത്തെ പരമാവധി ജോലി സമയം പത്ത് മണിക്കൂറായും പരമാവധി ഓവര്‍ടൈം ഒരു ദിവസം 12 മണിക്കൂറായും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്
ബെംഗളൂരു: കര്‍ണാടകയില്‍ ജോലി സമയം പത്ത് മണിക്കൂറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി രണ്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാൻ സർക്കാർ നിര്‍ദേശം നല്‍കി. ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒമ്പതില്‍ നിന്ന് 10 മണിക്കൂറായി ഉയര്‍ത്താനും 10ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുമായാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കർണാടകയിലെ തൊഴിൽ ശക്തിയിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
1961ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒന്‍പത് മണിക്കൂറാണ്. ഓവര്‍ ടൈം പത്ത് മണിക്കൂറില്‍ കൂടരുതെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നു. മൂന്ന് മാസത്തേക്ക് പരമാവധി 50 മണിക്കൂര്‍ ഓവർ ടൈം ചെയ്യാനും അനുമതിയുണ്ട്.
നിര്‍ദിഷ്ട മാറ്റങ്ങളിലൂടെ ഒരു ദിവസത്തെ പരമാവധി ജോലി സമയം പത്ത് മണിക്കൂറായും പരമാവധി ഓവര്‍ടൈം ഒരു ദിവസം 12 മണിക്കൂറായും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്ന് മാസത്തിനുള്ളിലെ ഓവര്‍ടൈം പരിധി 50ല്‍ നിന്ന് 144 മണിക്കൂറായി ഉയര്‍ത്താനും പുതിയ മാറ്റങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നു.
advertisement
ജോലി സമയം വര്‍ധിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ജോലി സമയപരിധി ഭേദഗതി ചെയ്യാന്‍ 'നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്' ഈ നിര്‍ദേശങ്ങളെ ന്യായീകരിച്ച് കര്‍ണാടകയിലെ തൊഴില്‍വകുപ്പ് വാദിച്ചത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം സമാനമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
1963ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് റൂള്‍സിലെ ചട്ടം 24 ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. രജിസ്റ്ററുകള്‍, രേഖകള്‍ സൂക്ഷിക്കല്‍, നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കല്‍, ലേബര്‍ ഇന്‍സ്‌പെക്ടര്‍ സന്ദര്‍ശിക്കുമ്പോള്‍ വിസിറ്റിംഗ് ബുക്ക് കരുതല്‍ തുടങ്ങിയവാണ് ചട്ടം 24-ല്‍ ഉള്‍പ്പെടുന്നത്. നിലവിലെ നിയമങ്ങള്‍ ഒരു ജീവനക്കാരന്‍ പോലുമില്ലാത്ത വ്യവസായങ്ങള്‍ക്കും ബാധകമാണെങ്കിലും നിര്‍ദ്ദിഷ്ട നിയമത്തില്‍ 10ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിക്കുന്നു.
advertisement
20ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളും വകുപ്പ് പരാമര്‍ശിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഹോള്‍സെയില്‍ ക്ലോത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷനും കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെറിയ സ്ഥാപനങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഇളവ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(എഫ്‌കെസിസിഐ) രണ്ട് ഭേദഗതികളെയും സ്വാഗതം ചെയ്തു. ''ജോലി സമയം വര്‍ധിപ്പിക്കുന്നത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. ഇത് ആഗോളവിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്. കൂടാതെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ കഴിയുന്ന യുവ തൊഴില്‍ ശക്തിയും ഇന്ന് നമുക്കുണ്ട്,'' എഫ്‌കെസിസിഐ പ്രസിഡന്റ് എംജി ബാലകൃഷ്ണ പറഞ്ഞു.
advertisement
അതേസമയം, 'പീഡനം' തടയുന്നതിന് ചെറുകിട സ്ഥാപനങ്ങളെ ചട്ടം 24ല്‍ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍ (എഐസിസിടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി മൈത്രേയി കൃഷ്ണന്‍ പറഞ്ഞു. ഇത് സംസ്ഥാ നയത്തിന്റെ നിര്‍ദേശക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ''കര്‍ണാടകയിലെ തൊഴിലാളികല്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. എന്നാല്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ തൊഴിലാളികള്‍ കര്‍ണാടകയിലേക്ക് കുടിയേറുന്നുണ്ട്. ഇത്തരത്തില്‍ ഒരു തെറ്റായ നയം പിന്തുടരുന്നതിലൂടെ കര്‍ണാടകയിലെ തൊഴിലാളികള്‍ സംസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെടും,'' മൈത്രേയി പറഞ്ഞു.
advertisement
നിര്‍ദേശിച്ച ഭേദഗതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി തൊഴില്‍വകുപ്പ് സര്‍ക്കാര്‍, വ്യവസായ, തൊഴിലാളിക പ്രതിനിധികളുടെ ഒരു യോഗം ബുധനാഴ്ച കർണാടക സർക്കാർ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
June 18, 2025 9:59 AM IST