മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കമെന്ന് റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
വോട്ട് മോഷണം സംബന്ധിച്ച ആരോപണങ്ങൾ തുടരുന്നതിനിടയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കമെന്ന് റിപ്പോർട്ട്.പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യമെങ്കിൽ ഇംപീച്ച്‌മെന്റ് പ്രമേയം ഉൾപ്പെടെ എല്ലാ ജനാധിപത്യ ഉപകരണങ്ങളും ഉപയോഗിക്കാൻ പാർട്ടി തയ്യാറാണെന്ന് കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ഇംപീച്ച്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് വിവരം.
വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇലക്ഷൻ കമ്മിഷനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഭരണഘടനയെ അപമാനിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുൽ ഗാന്ധി ഒപ്പിട്ട സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ തന്റെ പരാമർശത്തിന് രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്നും സിഇസി ആവശ്യപ്പെട്ടു.കമ്മിഷനും വോട്ടർമാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
advertisement
ഇതേ ആരോപണങ്ങൾ ബിജെപി എംപി അനുരാഗ് താക്കൂർ ഉന്നയിക്കുമ്പോൾ എന്ത്കൊണ്ട് ഇലകഷൻ കമ്മിഷൻ സത്യവാങ്മൂലം ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്.
"തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ പറയുന്ന അതേ കാര്യം അനുരാഗ് താക്കൂർ പറയുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നില്ല," രാഹുൽ ഗാന്ധി പറഞ്ഞു. സത്യവാങ്മൂലം നൽകില്ലെന്ന് പറഞ്ഞ രാഹുൽ വോട്ട് മോഷണത്തിന് തെളിവ് നൽകുന്നതിനായി കോൺഗ്രസ് വിശകലനം ചെയ്ത ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് എടുത്തതാണെന്ന് വാദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 18, 2025 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കമെന്ന് റിപ്പോർട്ട്