'പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച ശേഷം വെടിവെച്ചു'; പഹല്‍ഗാം ഭീകരാക്രമണത്തിലെ ദൃക്‌സാക്ഷികള്‍
- Published by:Rajesh V
- news18-malayalam
Last Updated:
പുരുഷന്മാരെ ഭീകരര്‍ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും രണ്ട് ഗ്രൂപ്പായി തിരിച്ചുവെന്നും അതില്‍ ഹിന്ദുക്കള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്
ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരര്‍ വെടിയുതിര്‍ക്കുന്നതിന് മുമ്പ് സ്ഥലത്തുണ്ടായിരുന്ന പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരരെത്തി വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അവിടെയുണ്ടായിരുന്നവരോട് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടുവെന്നും അതില്‍ പരാജയപ്പെട്ടവരെ കൊല്ലുകയായിരുന്നുവെന്നും നേരത്തെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുരുഷന്മാരെ ഭീകരര്‍ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും രണ്ട് ഗ്രൂപ്പായി തിരിച്ചുവെന്നും അതില്‍ ഹിന്ദുക്കള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
തങ്ങള്‍ പുല്‍മേട്ടില്‍ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് കൊല്ലപ്പെട്ട ശൈലേഷ് കലാത്തിയയുടെ ഭാര്യ ശീതല്‍ കലാത്തിയ പറഞ്ഞു. വെടിവെക്കുന്നതിന് മുമ്പ് തീവ്രവാദികള്‍ വിനോദസഞ്ചാരികളുടെ മതം തിരിച്ചറിയാന്‍ ശ്രമിച്ചതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു.
advertisement
''വെടിവെപ്പ് നടക്കുമ്പോള്‍ ഞങ്ങള്‍ 'മിനി സ്വിറ്റ്‌സര്‍ലന്‍ഡി'ല്‍ എത്തിയിരുന്നു. രണ്ടുതവണ വെടിവെപ്പുണ്ടായി. രണ്ടാമത്തെ വെടിവെപ്പിന് ശേഷം എല്ലാവരും ഓടാന്‍ തുടങ്ങി. അവര്‍ ഞങ്ങളെ വളഞ്ഞു. ഹിന്ദു പുരുഷന്മാരോട് മുസ്ലീം പുരുഷന്മാരില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എല്ലാവരും നിശബ്ദരായിരുന്നു. അവര്‍ പോകുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഒറ്റ നിമിഷം കൊണ്ട് എല്ലാം സംഭവിച്ചു. അവരെല്ലാം മരിച്ചുവീഴുന്നത് തീവ്രവാദികള്‍ നോക്കി നിന്നു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല,'' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ശീതല്‍ പറഞ്ഞു.
advertisement
തന്റെ ഭര്‍ത്താവിനെ ഭീകരവാദികള്‍ വെടിവെച്ച് കൊന്നശേഷം ചിരിക്കുകയായിരുന്നുവെന്ന് ശീതല്‍ പറഞ്ഞു. ''അവര്‍ക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിനെ വെടിവെച്ച് കൊന്നശേഷം അവര്‍ ചിരിക്കുകയായിരുന്നു. ആദ്യം ഒരു ഭീകരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭര്‍ത്താവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം വെടിവെച്ചു. അവിടെയുണ്ടായിരുന്ന മറ്റ് ഹിന്ദുക്കളായ പുരുഷന്മാരെ അവരവരുടെ കുട്ടികളുടെയും ഭാര്യമാരുടെയും മുന്നില്‍വെച്ച് വെടിവെച്ചു. വെടിവെച്ച ശേഷം ഒരു ദയയുമില്ലാതെ അയാള്‍ ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുന്നത് വരെ അയാള്‍ അവിടെ നിന്നു,'' ശീതള്‍ പറഞ്ഞു. ''വെടിയൊച്ച കേട്ടയുടനെ അവിടെയുണ്ടായിരുന്ന എല്ലാ വിനോദസഞ്ചാരികളും പഹല്‍ഗാമില്‍ അഭയം തേടി ഓടാന്‍ തുടങ്ങി. രണ്ട് തീവ്രവാദികള്‍ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവര്‍ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും. തുടര്‍ന്ന് എന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളായ എല്ലാ പുരുഷന്മാരെയും അവര്‍ വെടിവെച്ച് കൊന്നു,'' ശൈലേഷിന്റെ മകന്‍ നക്ഷ് പറഞ്ഞു.
advertisement
സ്ഥലത്ത് ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും ശീതല്‍ ആരോപിച്ചു. ''ഞങ്ങള്‍ സിനിമയില്‍ മാത്രമാണ് ഇത്തരത്തില്‍ സംഭവങ്ങള്‍ കണ്ടിട്ടുള്ളത്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് നിരാശ തോന്നി. ഒരൊറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ല എന്നതാണ് ഞങ്ങളെ ഏറ്റവും അധികം ഞെട്ടിച്ചകാര്യം. ഇത്തരം അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന സ്ഥലമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെങ്കില്‍ ആരെയും അവിടേക്ക് പോകാന്‍ അനുവദിക്കരുതായിരുന്നു,'' ശീതല്‍ കൂട്ടിച്ചേര്‍ത്തു.
''ആക്രമണം നടക്കുമ്പോള്‍ അവിടെ 20 മുതല്‍ 30 വിനോദസഞ്ചാരികള്‍ വരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഞാനും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടു. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തിരിച്ചശേഷം തീവ്രവാദികള്‍ അവരോട് കല്‍മ ചൊല്ലാന്‍ ആവശ്യപ്പെട്ടു. അത് ചൊല്ലിയ മുസ്ലീങ്ങളെ അവര്‍ വെറുതെവിട്ടു. അല്ലാത്തവരെ വെടിവെച്ച് കൊന്നു,'' ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്മിത് പര്‍മറിന്റെ ബന്ധു സാര്‍ത്ഥക് നാതാനി പറഞ്ഞു.
advertisement
വിനോദസഞ്ചാരികളെ രക്ഷിച്ചതായി ഷാള്‍ കച്ചവടക്കാര്‍
ബൈസരന്‍ താഴ് വരയിലെ ഭീകരാക്രമണത്തെക്കുറിച്ച് പഹല്‍ഗാം പോണി അസോസിയേഷന്റെ തലവനില്‍ നിന്നാണ് അറിഞ്ഞതെന്ന് ഷാള്‍ കച്ചവടക്കാരനായ സജാദ് അഹമ്മദ് ഭട്ട് പറഞ്ഞു. തന്നെപ്പോലെയുള്ള പ്രാദേശിക കച്ചവടക്കാര്‍ പരിക്കേറ്റവര്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുത്തുവെന്നും നടക്കാന്‍ കഴിയാത്ത വിനോദസഞ്ചാരികളെ എടുത്തുകൊണ്ടുപോകുകയും ചെയ്തതായി ഭട്ട് പറഞ്ഞു.
''മതത്തേക്കാള്‍ മനുഷ്യത്വത്തിനാണ് പ്രാധാന്യം. വിനോദസഞ്ചാരികള്‍ നമ്മുടെ അതിഥികളായതിനാല്‍ അവരെ സഹായിക്കണം. ഞങ്ങളുടെ ഉപജീവനമാര്‍ഗം അവരെ ആശ്രയിച്ചാണിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പലരെയും ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഞങ്ങള്‍ അവിടെ പോയപ്പോള്‍ ആളുകള്‍ സഹായത്തിനായി അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നിയില്ല. വിനോദസഞ്ചാരികള്‍ കരയുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു. അവര്‍ വരുമ്പോഴാണ് ഞങ്ങളുടെ വീട്ടില്‍ വെളിച്ചം തെളിയുന്നത്. അവരില്ലാതെ ഞങ്ങളുടെ ജീവിതം അപൂര്‍ണമാണ്,'' ഭട്ട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pahalgam,Anantnag,Jammu and Kashmir
First Published :
April 25, 2025 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച ശേഷം വെടിവെച്ചു'; പഹല്‍ഗാം ഭീകരാക്രമണത്തിലെ ദൃക്‌സാക്ഷികള്‍