Goa Elections 2022 | ഗോവ തെരഞ്ഞെടുപ്പ് 2022 : അച്ഛൻ കോൺഗ്രസ്, മകൻ ബിജെപി; ഗോവയിൽ അച്ഛൻ മകൻ മത്സരത്തിന് വഴി തെളിയുന്നു
- Published by:user_57
- news18-malayalam
Last Updated:
കോൺഗ്രസ് നേതാവായ പ്രതാപ്സിംഗ് റാണെ 6 തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു. മകൻ വിശ്വജിത് റാണെ ബി.ജെ.പി. സർക്കാരിൽ മന്ത്രിയാണ്
കുടുംബ രാഷ്ട്രീയം വേരൂന്നിയ ഇന്ത്യയിൽ കുടുംബാംഗങ്ങൾ ഒരേ പാർട്ടി ടിക്കറ്റിൽ മത്സരത്തിന് ഇറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. അടുത്ത ബന്ധുക്കൾ പരസ്പരം കൊമ്പുകോർക്കുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിന് പരിചിതം.1984ൽ അമേഠിയിലെ രാജീവ് ഗാന്ധി - മനേകാ ഗാന്ധി പോര് അടക്കം നിരവധി ഉദാഹരണങ്ങൾ. എന്നാൽ അച്ഛനും മകനും തെരെഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്നത് അധികം പരിചിതമല്ലാത്ത കാര്യമാണ്. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ (Goa Elections 2022) ഒരു അച്ഛൻ മകൻ മത്സരത്തിന് കളമൊരുങ്ങുകയാണ്.
സീനിയർ റാണെ Vs ജൂനിയർ റാണെ
30 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ ഉള്ളത് രണ്ടു എംഎൽഎമാർ മാത്രം; മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെയും ദിഗംബർ കാമത്തും. ബാക്കി 15 എംഎൽഎമാർ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൂടുമാറി. നിലവിൽ പോറിയം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രതാപ് സിംഗ് റാണെ. മകനും ബി.ജെ.പി. സർക്കാരിൽ മന്ത്രിയുമായ വിശ്വജിത് റാണെ സമീപ മണ്ഡലമായ വാൽപോയ് എംഎൽഎയും.
ഡിസംബർ 21ന് വിശ്വജിത് റാണെ നടത്തിയ പ്രസ്താവനയോടെയാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം. അച്ഛന് പ്രായം 83 പിന്നിട്ടുവെന്നും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നും വിശ്വജിത് പരസ്യമായി ആവശ്യപെട്ടു. വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് തീരുമാനമെങ്കിൽ എതിരാളിയായി താൻ ഉണ്ടാകുമെന്നും പതിനായിരം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തുമെന്നും വിശ്വജിത് വെല്ലുവിളിച്ചു. വിശ്വജിത്തിന്റെ വെല്ലുവിളിക്ക് പിന്നാലെ പ്രതാപ് സിംഗ് റാണെയെ തന്നെ പോറിയം മണ്ഡലത്തിലെ സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.
advertisement
ജനങ്ങൾക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, ബി.ജെ.പി. ഭരണത്തിൽ തൊഴിലില്ലായ്മ കുത്തനെ ഉയർന്നെന്നും വിമർശിച്ച് സീനിയർ റാണെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. പരാമർശം വിവാദമായതോടെ അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് വിശ്വജിത്ത് വ്യക്തമാക്കിയിട്ടുണ്ട്
ഔദ്യോഗിക പ്രഖ്യാപനം നടത്താതെ ബി.ജെ.പി.
സിറ്റിംഗ് മണ്ഡലമായ വാൽപോയിൽ നിന്ന് മാറി പോറിയം മണ്ഡലത്തിൽ മത്സരിക്കുമെന്ന് വിശ്വജിത് റാണെ പറഞ്ഞെങ്കിലും ബി.ജെ.പി. നേതൃത്വം സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രതാപ് സിംഗ് റാണെ ഇത്തവണ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു വിശ്വജിത്ത്. പോറിയം മണ്ഡലത്തിലേക്ക് മാറുമ്പോൾ താൻ പ്രതിനിധീകരിക്കുന്ന വാൽപോയി മണ്ഡലത്തിലെ സ്ഥാനാർഥിയായി ഭാര്യ ദിവ്യ റാണെയെ നിർദേശിക്കാനായിരുന്നു ആലോചന. ഈ കണക്കുകൂട്ടലുകളാണ് പ്രതാപ് സിംഗ് റാണെയുടെ സ്ഥാനാർഥിത്വത്തോടെ തകിടം മറിഞ്ഞത്.
advertisement
പോറിയം, വാൽപോയ് റാണെ കുടുംബത്തിന്റെ തട്ടകം
ഗോവയുടെ കിഴക്കൻ മേഖലയിൽ കർണാടക, അതിർത്തിയോട് ചേർന്നാണ് പോറിയം, വാൽപോയ് മണ്ഡലങ്ങൾ. റാണെ കുടുംബത്തിന്റെ ശക്തി കേന്ദ്രം. ഗോവയ്ക്ക് പൂർണ്ണ സംസ്ഥാന പദവി കിട്ടിയ 1987ന് മുൻപും ശേഷവുമായി പതിനൊന്നു തവണ എംഎൽഎയായിട്ടുണ്ട് പ്രതാപ് സിംഗ് റാണെ. ആറു തവണ മുഖ്യമന്ത്രിയുമായി. ഇതിൽ 1990 മുതൽ തുടർച്ചയായി ഏഴുതവണ പ്രതാപ് സിംഗ് റാണെ നിയമസഭയിൽ പ്രതിനിധീകരിച്ചത് പോറിയം മണ്ഡലത്തെ. അതുകൊണ്ട് തന്നെയാണ് പാർട്ടി പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലത്ത് പരീക്ഷണത്തിന് മുതിരാതെ പ്രതാപ് സിംഗ് റാണെയിൽ തന്നെ കോൺഗ്രസ് പ്രതീക്ഷ അർപ്പിക്കുന്നത്.
advertisement
വിശ്വജിത് - പഴയ കോൺഗ്രസ്സുകാരൻ
2007 മുതൽ വാൽപോയ് മണ്ഡലത്തിലെ എംഎൽഎയാണ് വിശ്വജിത് റാണെ. അച്ഛനൊപ്പം കോൺഗ്രസിലായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടി വിജയിച്ചു.17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പാർട്ടി നേതൃത്വത്തിന്റെ കഴിവുകേട് ചോദ്യം ചെയ്തു പുറത്തുപോയി, ബിജെപിയിൽ ചേരുകയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. വാൽപോയ് മണ്ഡലത്തിൽ നിന്ന് തന്നെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
ഏതായാലും അച്ഛനും മകനും നേർക്കുനേർ വരുന്നത്തോടെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ മത്സരമാകും പോറിയം മണ്ഡലത്തിലേതെന്ന് ഉറപ്പ്. അതിൽ വോട്ടർമാർ ആരെ പിന്തുണയ്ക്കുമെന്ന് കണ്ടറിയാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2021 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Goa Elections 2022 | ഗോവ തെരഞ്ഞെടുപ്പ് 2022 : അച്ഛൻ കോൺഗ്രസ്, മകൻ ബിജെപി; ഗോവയിൽ അച്ഛൻ മകൻ മത്സരത്തിന് വഴി തെളിയുന്നു