ബംഗാളിലെ മുതിർന്ന സിപിഎം നേതാവുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിൽ തൃണമൂൽ കോൺഗ്രസ് ആശങ്കപ്പെടേണ്ടതുണ്ടോ?
- Published by:user_57
- news18-malayalam
Last Updated:
വടക്കൻ മേഖലയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപിയുടെ ശ്രമം എന്നാണ് തൃണമൂലിൻെറ ആരോപണം
വടക്കൻ ബംഗാളിലെ മുതിർന്ന സിപിഎം നേതാവ് അശോക് ഭട്ടാചാര്യയെ (Ashok Bhattacharya) സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപിയുടെ ഡാർജിലിങ് എംപി രാജു ബിസ്തയും സിലിഗുരി എംഎൽഎ ശങ്കർ ഘോഷുമാണ് ദീപാവലി ദിനത്തിൽ ഭട്ടാചാര്യയെ സന്ദർശിച്ചത്. തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളിൽ ഇപ്പോൾ തന്നെ ഈ സന്ദർശനം വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്. മുൻ സിലിഗുരി മേയറും മുൻ ബംഗാൾ മന്ത്രിയുമാണ് അശോക് ഭട്ടാചാര്യ.
വടക്കൻ മേഖലയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപിയുടെ ശ്രമം എന്നാണ് തൃണമൂലിൻെറ ആരോപണം. ഇതൊരു സാധാരണ സന്ദർശനം മാത്രമായിരുന്നുവെന്ന് ബിജെപി നേതാക്കളും സിപിഎം നേതാവും വ്യക്തമാക്കിയെങ്കിലും ടിഎംസി തൃപ്തരല്ല. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വടക്കൻ ബംഗാളിൽ കൂടുതൽ ശക്തി സംഭരിക്കുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ ശ്രമമാണ് സന്ദർശനത്തിന് പിന്നിലെന്നാണ് ടിഎംസിയുടെ വിലയിരുത്തൽ.
വടക്കൻ ബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടമാണുള്ളത്. ഭട്ടാചാര്യയെ പോലുള്ള ഒരു നേതാവിൻെറ സഹായം ബിജെപിക്ക് ലഭിച്ചാൽ ടിഎംസിയുടെ പദ്ധതികളെല്ലാം പ്രതിസന്ധിയിലാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ എട്ടിൽ ഏഴ് ലോക്സഭാ സീറ്റുകളും ബിജെപിക്കാണ് ലഭിച്ചത്. ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെങ്കിൽ ഈ മേഖലയിൽ 54ൽ 30 സീറ്റും ബി.ജെ.പി. നേടിയിരുന്നു.
advertisement
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ചേർന്ന് ഭരണകക്ഷിക്കെതിരെ സഖ്യം ഉണ്ടാക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് തവണ എംഎൽഎയായിരുന്ന ഭട്ടാചാര്യ സംസ്ഥാനത്തെ മന്ത്രിയുമായിരുന്നു. ഇടതുപക്ഷത്തിന് ബംഗാളിൽ ഇപ്പോൾ വലിയ ശക്തിയില്ലെങ്കിലും ഭട്ടാചാര്യയെ പോലുള്ള നേതാക്കൾക്കുണ്ടായിരുന്ന ജനസ്വാധീനം തങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് ടിഎംസി കരുതുന്നുണ്ട്.
“സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. വടക്കൻ മേഖലയിലാണ് ഇത് കാര്യമായി നടക്കുന്നത്. വടക്കൻ ബംഗാളിന് ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന് ബിജെപി വൈകാതെ ആവശ്യപ്പെടാനും സാധ്യതയുണ്ട്,” ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. വടക്കൻ ബംഗാൾ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയോ ചെയ്യണമെന്ന് മുതിർന്ന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഘോഷ് ചൂണ്ടിക്കാട്ടി. അതേ സമയം ദീപാവലി ആശംസ അറിയിക്കുന്നതിന് വേണ്ടിയാണ് ഭട്ടാചാര്യയെ സന്ദർശിച്ചതെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും തന്നെ ഇല്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
advertisement
1991ലാണ് അശോക് ഭട്ടാചാര്യ ആദ്യമായി സിലിഗുരിയിൽ നിന്ന് വിജയിച്ച് ബംഗാൾ അസംബ്ലിയിലെത്തുന്നത്. 1996ൽ ജ്യോതിബസുവിൻെറ സർക്കാരിൽ അദ്ദേഹം മന്ത്രിയായി. പിന്നീട് ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി ആയപ്പോഴും അദ്ദേഹം മന്ത്രിയായി തുടർന്നു. 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ രുദ്ര നാഥ് ഭട്ടാചാര്യയോട് അദ്ദേഹം പരാജയപ്പെട്ടു. പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അശോക് ഭട്ടാചാര്യ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കി സിലിഗുരി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. മേയറായ അദ്ദേഹം 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ഫുട്ബോളർ ബൈചുങ് ബൂട്ടിയയെ തോൽപ്പിച്ച് വീണ്ടും എംഎൽഎയാവുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2022 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാളിലെ മുതിർന്ന സിപിഎം നേതാവുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിൽ തൃണമൂൽ കോൺഗ്രസ് ആശങ്കപ്പെടേണ്ടതുണ്ടോ?