ന്യൂഡല്‍ഹി: മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ജനിച്ചത് പത്രതലക്കെട്ടുകളിലൂടെയോ ടിവി സ്ക്രീനിലൂടെയോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ജീവിതത്തിലെ ഒരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയും നാടിന്റെ മഹത്തായ ഭാവിയ്ക്ക് വേണ്ടിയും സമര്‍പ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ വികസനം ചിലരെ നിരാശരാക്കിയെന്നും വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിപ്പോള്‍ രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്.
ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.
നന്ദി പ്രമേയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാനും മോദി മടികാണിച്ചില്ല. 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായിരുന്നു.ഈ കാലഘട്ടം അഴിമതികള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍, അത് ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ ശക്തി തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അഴിമതി കാരണം ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടെന്ന് മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.