തോമസ് ചെറിയാൻ 56 വർഷത്തിന് ശേഷം പിറന്ന മണ്ണിലേക്ക് തിരിച്ചുവന്നു; അന്ത്യ വിശ്രമത്തിനായി
- Published by:Rajesh V
- news18-malayalam
Last Updated:
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു.
പത്തനംതിട്ട: 56 വർഷം മുമ്പ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു.
സർക്കാരിനായി മന്ത്രി വീണ ജോർജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30 ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. ഇവിടെ പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ചത്.
പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തിൽ തോമസ് ചെറിയാന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
advertisement
1965 ലാണ് തോമസ് ചെറിയാൻ സൈന്യത്തിൽ ചേർന്നത്. ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴാണ് അപകടം.
വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും സൈനികരായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിൽ കാണാതായ മറ്റു സൈനികര്‍ക്കായി ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
October 04, 2024 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോമസ് ചെറിയാൻ 56 വർഷത്തിന് ശേഷം പിറന്ന മണ്ണിലേക്ക് തിരിച്ചുവന്നു; അന്ത്യ വിശ്രമത്തിനായി