HOME /NEWS /Kerala / 'ആർച്ച് ബിഷപ്പ് ഗുണ്ടാ നേതാവ്'; കാല് തല്ലിയൊടിക്കുമെന്ന് വിമത വിഭാഗം; കാര്യങ്ങൾ കൈവിട്ട് സിറോ മലബാർ സഭാ തർക്കം

'ആർച്ച് ബിഷപ്പ് ഗുണ്ടാ നേതാവ്'; കാല് തല്ലിയൊടിക്കുമെന്ന് വിമത വിഭാഗം; കാര്യങ്ങൾ കൈവിട്ട് സിറോ മലബാർ സഭാ തർക്കം

bishop_andrew-thazhathu

bishop_andrew-thazhathu

വിശ്വാസ സംരക്ഷണ സംഗമത്തിൽ വിമത വിഭാഗം അവതരിപ്പിച്ച പ്രമേയം കൈമാറാനാണ് എന്ന പേരിലാണ്  ഒരു സംഘം ആളുകൾ ബിഷപ്പ് ഹൗസിൽ എത്തിയത്

  • Share this:

    കൊച്ചി: സിറോ മലബാർ സഭാ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ആൻഡ്രൂസ് താഴത്തിൻ്റെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി വിമത പക്ഷം, ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതർ  അധിക്ഷേപിച്ചു.

    എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രശ്നങ്ങൾ നാൾക്കുനാൾ സങ്കീർണ്ണമാകുന്നു എന്നതിൻറെ  ഒടുവിലത്തെ ഉദാഹരണമാണിത്.  വിശ്വാസ സംരക്ഷണ സംഗമത്തിൽ വിമത വിഭാഗം അവതരിപ്പിച്ച പ്രമേയം കൈമാറാനാണ് എന്ന പേരിലാണ്  ഒരു സംഘം ആളുകൾ ബിഷപ്പ് ഹൗസിൽ എത്തിയത്. എന്നാൽ സംഭാഷണം പിന്നീട് ഭീഷണിയും അധിക്ഷേപവുമായി   മാറുകയായിരുന്നു.

    സ്ഥാനമൊഴിഞ്ഞതിനുശേഷം ബിഷപ്പ് ആൻ്റണി കരിയൽ അതിരൂപതയ്ക്ക് നൽകിയ കത്ത് പിൻവലിക്കണമെന്ന് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു എന്നാണ് വിമതരുടെ ആക്ഷേപം. ഇതിനായി ചാലക്കുടിയിൽ ആൻറണി കരിയൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നേരിട്ട് ചെന്നുവെന്നും ഇവർ പറയുന്നു. കത്ത് പിൻവലിക്കണം എന്ന് ഭീഷണിയുടെ സ്വരത്തിലാണ് ആവശ്യപ്പെട്ടത് .ഇല്ലായെങ്കിൽ അതിൻറെ വരും വരായ്കകൾ ഗുരുതരമാകും എന്നും ആർച്ച് ബിഷപ്പ് താഴത്ത് പറഞ്ഞതായും വിമതർ കുറ്റപ്പെടുത്തി.

    ഇത് ചോദ്യം ചെയ്യേണ്ടതാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിമത വിഭാഗം. ആൻഡ്രൂസ് താഴത്തിനോട് സംസാരിക്കുന്നതിനിടെ വിമത വിഭാഗം നേതാക്കളിൽ പലരുടെയും നിയന്ത്രണം വിട്ടു. മര്യാദയ്ക്ക് അല്ലെങ്കിൽ കാല് തല്ലിയൊടിക്കും എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഭീഷണിപ്പെടുത്തൽ ഉണ്ടായി. ആരെയും അറിയിക്കാതെ രഹസ്യമായാണ് ബിഷപ്പ് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല ഏറ്റെടുത്തതെന്നും ഇവർ പറയുന്നു. ഗുണ്ടാ നേതാവിനെ പോലെയാണ് ആൻഡ്രൂസ് താഴത്തിന്റെ പെരുമാറ്റം എന്നും വിമതർ  കുറ്റപ്പെടുത്തി.

    ചോദ്യം ചെയ്യലിന്റെയും ഭീഷണിയുടെയും എല്ലാം മൊബൈൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വത്തിക്കാൻ ഉത്തരവ് പ്രകാരം പുതിയ ചുമതലക്കാരൻ എത്തിയിട്ടും എറണാകുളം അങ്കമാലി അതിരൂപതയിൽ കാര്യങ്ങൾ ഒട്ടും സുഗമമല്ല. വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.

    അതേ സമയം വിമതർ അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തിയപ്പോൾ ബിഷപ്പ് ഹൗസിന്റെ ഭരണ ചുമതലയിലുള്ള വൈദികർ നോക്കി നിന്നെന്നും  പോലീസിനെ വിളിച്ചില്ലെന്നും കർദിനാൾ അനുകൂലികൾ ആരോപിച്ചു.

    First published:

    Tags: Syro Malabar Church