മുത്തങ്ങ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും പഴി എനിക്കു മാത്രം; എ.കെ ആന്റണി
- Published by:ASHLI
- news18-malayalam
Last Updated:
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്
തിരുവനന്തപുരം: മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ പോലീസ് നടപടിയിലും തന്നെ മാത്രം പഴിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്നു തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീതിനു ശേഷമാണ് അവിടെ നടപടിയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതുപോലെ, 1995-ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ്. സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല അതെന്നും ആന്റണി പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
മുത്തങ്ങ സംഭവത്തിൽ തനിക്ക് അതിയായ ഖേദമുണ്ടെന്ന് എ.കെ. ആന്റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി അനുവദിച്ചത് തന്റെ ഭരണകാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തങ്ങയിൽ ആദിവാസികൾ കുടിൽ കെട്ടിയപ്പോൾ അവരെ ഒഴിപ്പിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് നടപടിക്ക് ശേഷം പലരും നിലപാട് മാറ്റി.
advertisement
സംഘർഷത്തിൽ ഒരു ആദിവാസിയും ഒരു പോലീസുകാരനും മരിച്ചെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെ നിയോഗിച്ചെന്നും ആന്റണി പറഞ്ഞു. അന്നത്തെ കേന്ദ്ര സർക്കാർ വാജ്പേയിയുടെ നേതൃത്വത്തിലായിരുന്നു. സി.ബി.ഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും, അത് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "സത്യം ജനങ്ങൾ അറിയട്ടെ," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി തന്റെ പോലീസ് പഞ്ചസാരയും മണ്ണെണ്ണയും ചേർത്ത് ആദിവാസികളെ ചുട്ടുകരിച്ചുവെന്ന് ആരോപിച്ചതായും ആന്റണി പറഞ്ഞു.
മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്ന് തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് ലഭിച്ചതിന് ശേഷമാണ് അവിടെ നടപടിയുണ്ടായത്. കഴിഞ്ഞ 21 വർഷമായി താൻ കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും, അതിനുശേഷം നിരവധി സർക്കാരുകൾ വന്നിട്ടും ആരും മുത്തങ്ങയിൽ ആദിവാസികളെ വീണ്ടും പാർപ്പിക്കാനോ ഭൂമി നൽകാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
യഥാർത്ഥത്തിൽ അത് സാധ്യമല്ല എന്നതാണ് വസ്തുത. എന്നാൽ തനിക്ക് മാത്രമാണ് ഇതിന്റെ പേരിൽ പഴികേൾക്കേണ്ടി വന്നത്. താൻ ഡൽഹിയിലേക്ക് പോയതുകൊണ്ട് ഈ സത്യം പറയാൻ ആരും ഉണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.
1995-ൽ ശിവഗിരിയിലേക്ക് പോലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്നും, അത് സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും എ.കെ. ആന്റണി പറഞ്ഞു. അന്ന് അവിടെ നടന്ന സംഭവങ്ങൾ ഏറെ ദുഃഖകരമായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ പരാജയപ്പെട്ടവർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടതും, പോലീസ് നടപടി ആവശ്യമായതും.
advertisement
കഴിഞ്ഞ 21 വർഷമായി എൽഡിഎഫ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മറുപടി പറയാനാണ് ആദ്യം കരുതിയതെങ്കിലും, ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ അത്രയും കാത്തിരിക്കേണ്ടതില്ലെന്ന് തോന്നി. ഇന്നലെയും തനിക്കെതിരെ വിമർശനങ്ങളുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് 1995-ലെ ശിവഗിരിയിലെ പോലീസ് നടപടിയാണ്. ചെറുപ്പം മുതൽ ശ്രീനാരായണ ഗുരുദേവനെ ഏറ്റവും കൂടുതൽ ആദരിക്കുന്ന വ്യക്തിയാണ് താൻ. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി ശിവഗിരിയിലേക്ക് പോലീസിനെ അയക്കേണ്ടി വന്നത്. അവിടെ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. എന്നാൽ, പോലീസ് നടപടി ഹൈക്കോടതിയുടെ നിർദേശം പാലിക്കാൻ വേണ്ടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തങ്ങ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും പഴി എനിക്കു മാത്രം; എ.കെ ആന്റണി