• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ട് കൊല്ലത്തിനിപ്പുറവും പൂർത്തിയാകാതെ ചാലിയാർ കണ്ണൻ കുണ്ട് മാതൃക ഗ്രാമം പദ്ധതി; ആദിവാസികൾ ഇപ്പോഴും പ്ലാസ്റ്റിക് ഷീറ്റിന് താഴെ

രണ്ട് കൊല്ലത്തിനിപ്പുറവും പൂർത്തിയാകാതെ ചാലിയാർ കണ്ണൻ കുണ്ട് മാതൃക ഗ്രാമം പദ്ധതി; ആദിവാസികൾ ഇപ്പോഴും പ്ലാസ്റ്റിക് ഷീറ്റിന് താഴെ

നാടിന് അഭിമാനമാകേണ്ട മാതൃക പുനരധിവാസ പദ്ധതി അഭിപ്രായ വ്യത്യാസം കാരണം എങ്ങും എത്താത്ത നിലയിൽ ആണിപ്പോൾ. 

  • Last Updated :
  • Share this:
മലപ്പുറം:  നിലമ്പൂരിൽ 2018 ലെ ഉരുൾപൊട്ടലിൽ നഷ്ടം ഉണ്ടായ ആദിവാസി വിഭാഗക്കാരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട്  ചാലിയാർ പഞ്ചായത്തിലെ കണ്ണൻ കുണ്ടിൽ തുടങ്ങിയ മാതൃക ഗ്രാമം പദ്ധതി രണ്ട് വർഷത്തിന് ഇപ്പുറവും പൂർത്തിയായില്ല. വീടുകളുടെ നിർമാണത്തെ ചൊല്ലി ജില്ലാ ഭരണകൂടവും ആദിവാസികളും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം കാരണം പദ്ധതി പാതി വഴിയിൽ നിലച്ച അവസ്ഥയിലാണ്.
മണിയും കുടുംബവും കരിങ്കൽ തറക്ക് അടുത്ത്  ഷീറ്റ് കെട്ടി താമസിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകാൻ പോകുന്നു. മണിക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ തറ കെട്ടിയ കരിങ്കല്ലുകൾ ഇളകാൻ തുടങ്ങിയിട്ടുണ്ട്.. മാനത്ത് മഴക്കാറ് ഉരുണ്ട് കേറുമ്പോൾ തന്നെ ഇവർക്ക് ആധി പെയ്ത് തുടങ്ങും.

"എങ്ങനെ ആണ് ഈ ഷീറ്റിന് താഴെ മഴക്കാലത്ത് കഴിയുന്നത് എന്ന് പറയാൻ വയ്യ. കാറ്റ് അടിക്കുമ്പോൾ എല്ലാം പറന്നു പോകുമോ എന്ന് പേടിക്കും.. മറ്റ് എവിടെ എങ്കിലും പോകാം എന്ന് വെച്ചാൽ സ്ഥലം ഇല്ല, വാടക നൽകാൻ പണവും".മണിയുടെ ഭാര്യ ശ്രുതി രണ്ട് കുട്ടികളെ ചേർത്ത് പിടിച്ച് പറയുന്നു.34 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആണ് 2019 ൽ മാതൃക ഗ്രാമം പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. വനം വകുപ്പിൽ നിന്നും ഭൂമി ഏറ്റെടുത്ത് 34 വീടുകളും അനുബന്ധ സൗകര്യങ്ങളും നിർമിച്ചു നൽകാൻ ആയിരുന്നു സർക്കാർ ശ്രമം. വീട് നിർമാണം തുടങ്ങിയപ്പോൾ തന്നെ ആദിവാസി വിഭാഗക്കാർ പദ്ധതിക്കെതിരെ വന്നു. നിർമിതി കേന്ദ്രം നിർമിക്കുന്ന തരത്തിൽ ഉള്ള വീട് വേണ്ടെന്നാണ് ഇവരുടെ നിലപാട്..കോൺക്രീറ്റ് വീടാണ് വേണ്ടത്

"നിർമിതി കേന്ദ്രം അവർ ഉദ്ദേശിക്കുന്ന തരത്തിൽ ഉണ്ടാക്കുന്ന വീടുകൾ ഞങ്ങൾക്ക് വേണ്ട. അതിന് ബലം ഇല്ല. മാത്രമല്ല ചെറിയ മുറികൾ ആണ്. സ്ഥല സൗകര്യം തീരെ ഇല്ല. അത് കൊണ്ടാണ് ഞങ്ങൾ കോൺക്രീറ്റ് വീട് തന്നെ വേണം എന്ന് പറഞ്ഞത്. " മണി പറഞ്ഞു. 34 ഗുണഭോക്താക്കളിൽ 9 പേര് നിർമിതി മാതൃക വീടുകൾ മതി എന്ന് സമ്മതിച്ചു. അങ്ങനെ  ഉണ്ടാക്കിയ 9 വീടുകളുടെ നിർമ്മാണം പൂർത്തിയായി. പക്ഷേ ഇവ കൈമാറിയിട്ടില്ല.എതിർപ്പ് ഉയർന്നതോടെ  ബാക്കി വീടുകളുടെ നിർമാണം തുടങ്ങിയതും ഇല്ല. നിർമാണം നിർമിതി കേന്ദ്രത്തിൽ നിന്നും മാറ്റണം എന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. പണം നൽകിയാൽ വീടുകൾ അവർ തന്നെ നിർമിക്കാം എന്ന് ആണ് ആദിവാസി വിഭാഗക്കാരുടെ നിലപാട്. ഇതിനോടു യോജിക്കാൻ ജില്ലാ ഭരണകൂടം തയ്യാറുമല്ല.

അതെ സമയം മാതൃക ഗ്രാമം പദ്ധതിയെ ജില്ലാ ഭരണകൂടം അവഗണിക്കുക ആണെന്ന് ചാലിയാർ ഗ്രാമ പഞ്ചായത്ത് കുറ്റപ്പെടുത്തി. കലക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡൻ്റ് കുറ്റപ്പെടുത്തുന്നു."9 പേരൊഴികെ മറ്റുള്ളവർക്ക് കോൺക്രീറ്റ് വീട് വേണം എന്ന് അധികൃതരെ അറിയിച്ചിരുന്നു. ജാഫർ മാലിക് ഐഎഎസിന് പകരം ഗോപാലകൃഷ്ണൻ സർ ചാർജ് എടുത്തപ്പോൾ ഇക്കാര്യം അദ്ദേഹത്തെയും അറിയിച്ചു. അങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞു എങ്കിലും പിന്നീട് ഒരു യോഗം പോലും വിളിച്ചിട്ടില്ല. എസ്റ്റിമേറ്റ് തയ്യാറാക്കുകയോ പഞ്ചായത്ത് ഊരുകൂട്ടം വിളിക്കുകയോ ചെയ്തിട്ടില്ല" എല്ലാ ഉറപ്പും വെറും വാക്കിൽ ഒതുങ്ങി എന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉസ്മാൻ പറഞ്ഞു.

കലക്ടർ ആദിവാസി വിഭാഗക്കാരെ അവഗണിക്കുകയാണ്. അത് കൊണ്ടാണ് പ്രശ്നപരിഹാരം ആകാതെ പദ്ധതി മുടങ്ങിയിരിക്കുന്നത് എന്ന് ആണ് ചാലിയാർ പഞ്ചായത്തു പ്രസിഡൻ്റ് മനോഹരൻ പറയുന്നത് "ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിക്കുമ്പോൾ കളക്ടർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പറയുന്നത്. കടുത്ത അവഗണനയാണ് കളക്ടർ ആദിവാസി മേഖലയോട് കാണിക്കുന്നത്."

530 ചതുരശ്ര അടി വിസ്തീണമുള്ള വീടുകൾ 7 ലക്ഷം രൂപ ചെലവിൽ അണ് നിർമിക്കുന്നത്.. 6 ലക്ഷം സർക്കാരും ഒരു ലക്ഷം മറ്റ് സംഘടനകളും നൽകുമെന്നായിരുന്നു അന്നത്തെ ധാരണ. നിർമാണ രീതി മാറ്റിയാൽ ഈ തുകക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് അധികൃതർക്ക്. നാടിന് അഭിമാനമാകേണ്ട മാതൃക പുനരധിവാസ പദ്ധതി അഭിപ്രായ വ്യത്യാസം കാരണം എങ്ങും എത്താത്ത നിലയിൽ ആണിപ്പോൾ.
Published by:Asha Sulfiker
First published: