Rain Alert| ന്യൂനമർദം; ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീലങ്കൻ തീരുത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ (Low Pressure) സ്വാധീനത്തിൽ ഇന്നുമുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്നു മുതൽ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ ലഭിക്കുക.
ശ്രീലങ്കൻ തീരുത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്നാടിന്റെ വടക്കു ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ മഴയോടൊപ്പം കേരള തീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. ഏപ്രിലിൽ കൂടുതൽ മഴ ലഭിക്കും. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് ശരാശരി 361.5 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇതിനെക്കാൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ പകൽ സമയങ്ങളിൽ ചൂടും രാത്രിയും പുലർച്ചെയും കടുത്ത തണുപ്പുമാണ്. രാത്രിയിൽ വടക്കുകിഴക്കൻ ഭാഗത്തുനിന്ന് തണുത്ത വായുപ്രവാഹം ഉണ്ടാകുന്നതുകൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നത്. അതിനും മാറ്റംവരും.
advertisement
സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും
സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ മാർച്ച് മാസം നടത്തും. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രിൽ 10 നകം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ SSLC, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം ആരംഭിക്കുന്നതിനാൽ, അതിന് മുൻപ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.
advertisement
ഈ മാസം 31 മുതലാണ് SSLC പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകൾ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റർ, റംസാൻ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്ക് പകരം വർക്ക്ഷീറ്റുകൾ നൽകും. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകൾ നടത്തുക.
മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങൾ പൂർത്തികരിച്ചതിനാൽ മാർച്ച് 31നുള്ളിൽ പരീക്ഷ നടത്തുന്നതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പില്ല. കോവിഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താൻ തീരുമാനിച്ചതോടെ വിദ്യാർത്ഥികൾക്ക് രണ്ട് മാസത്തെ വേനലാവധിയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2022 11:05 AM IST