Shawarma| ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; കൂൾ ബാർ മാനേജിങ് പാർട്ണറും ഷവർമ മേക്കറും അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 40 കടന്നു.
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ (Shawarma) കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് (Food poisoning)വിദ്യാർഥിനി മരിച്ച സംഭവത്തിൽ കൂൾ ബാർ മാനേജിങ് പാർട്ണർ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. നേപ്പാൾ, മംഗളൂരു സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. കൂൾബാറിന്റെ മറ്റൊരു മാനേജിങ് പാർട്നറായ അഹമ്മദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂൾ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 40 കടന്നു. ഭക്ഷ്യവിഷബാധയിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്
advertisement
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 37 പേരും, ചെറുവത്തൂർ CHCയിൽ 9 പേരും ചികിൽസയിലാണ്. ആറുപേരെ പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലർ സ്വകാര്യ ആശുപത്രിയിലും ഒരു വിദ്യാർഥി മംഗളുരുവിലും ചികിൽസയിൽ തുടരുന്നു. ജില്ലാശുപത്രിയിൽ ഉള്ള രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
advertisement
കണ്ണൂര്‍ കരിവെള്ളൂര്‍ പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഏപ്രിൽ 29ന് ചെറുവത്തുരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളിൽ നിരവധി പേരാണ് ശനി, ഞായർ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവർമ കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂൾബാർ അടപ്പിച്ചതായി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്നും പ്രമീള അറിയിച്ചു. കടയിൽ നിന്ന് ഭക്ഷ്യ സാംപിളുകൾ ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2022 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Shawarma| ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; കൂൾ ബാർ മാനേജിങ് പാർട്ണറും ഷവർമ മേക്കറും അറസ്റ്റിൽ