കോട്ടയം: രണ്ടു വർഷം മുമ്പുണ്ടായ പ്രകൃതി ദുരന്തത്തിൽ കൂട്ടിക്കലിൽ വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി സിപിഎമ്മിന്റെ പായസമേള. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മേളയിൽ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്യത്തിലാണ് പായസമുണ്ടാക്കിയത്.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണ് 25 വീട് വച്ച് നൽകുന്നത്. വീട് നഷ്ടപ്പെട്ടവർക്കായി കൂട്ടിക്കൽ തേൻപുഴയിൽ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി വാങ്ങിയ 2 ഏക്കർ 10 സെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്. 15 വീടുകളുടെ നിർമാണം പൂർത്തിയായി. അടുത്ത 10 വീടുകളുടെ നിർമാണം ആരംഭിച്ചു. സഥലത്തിന് നൽകാനുള്ള തുകയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു സംരഭത്തിന് മുതിർന്നത്.
‘കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയിലെ പാർട്ടി അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനം കൊണ്ടാണ് സ്ഥലം വാങ്ങാൻ ഉദ്ദേശിച്ചത്.എന്നാൽ സ്ഥലത്തിന് ആ പണം തികയാതെ വന്നു. ആ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായാണ് പായസമേള നടത്തിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 22 പേരടങ്ങുന്ന സംഘം കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നാലു ദിവസം താമസിച്ചാണ് പായസം ഒരുക്കിയത്. പഴയിടം മോഹനൻ നമ്പൂതിരി തികച്ചും സൗജന്യമായാണ് പായസം ഒരുക്കിയത്. ഗുണമേന്മയുള്ള സാധനങ്ങളുടെ വില, മറ്റു ചിലവുകൾ, പാക്കിങ്, വീടുകളിൽ എത്തിക്കുന്നതിന്റെ ചെലവ്, എല്ലാം കഴിഞ്ഞ് സ്ഥലത്തിന് നല്കാൻ ഉദ്ദേശിച്ച ബാക്കി പണം ഇതിൽ നിന്നും കണ്ടെത്താൻ സാധിച്ചു,’ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് ന്യൂസ് 18 നോട് പറഞ്ഞു.
ആധാരവും മറ്റ് രേഖകളും ഇല്ലാതെ പുറമ്പോക്കുകളിൽ താമസിച്ചിരുന്നവർക്കും സർക്കാരിൽനിന്നും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ സഹായം ലഭിക്കുവാൻ സാങ്കേതിക തടസമുള്ള കുടുംബങ്ങളെയും കണ്ടത്തിയാണ് സിപിഎം വീട് വച്ച് നൽകുന്നത്. 5 മുതൽ 7 സെന്റ് സ്ഥലവും വീടുമാണ് ഒരു കുടുംബത്തിന് ലഭിക്കുക. നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കൾക്ക് സ്ഥലം അനുവദിച്ചത്. ഇത് സൗജന്യമായി രെജിസ്റ്റർ ചെയ്തു നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Also Read- ‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?’ ചിന്ത ജെറോമിനെ മനഃപൂർവം വേട്ടയാടുന്നുവെന്ന് ഇ.പി. ജയരാജന്‍
12 ലോക്കൽ കമ്മിറ്റികളിലെ 25,000 പേർക്കാണ് പായസം എത്തിക്കാൻ തീരുമാനമെടുത്തത്. എന്നാൽ ആവശ്യക്കാരേറിയതോടെ ഇത് 30,000 ലീറ്റർ ആക്കി.നാലു ദിവസങ്ങളിലായാണ് മേള നടത്തപ്പെട്ടത്. 200 രൂപ നിരക്കിലായിരുന്നു വിൽപ്പന.
ജനുവരി 21 മുതൽ നാലു ദിവസമായി കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലെ മുണ്ടക്കയം, മുണ്ടക്കയം സൗത്ത്, കൂട്ടിക്കൽ, മണിമല, കാഞ്ഞിരപ്പള്ളി നോർത്ത്, പാറത്തോട്, കാഞ്ഞിരപ്പള്ളി ടൗൺ, കാഞ്ഞിരപ്പള്ളി സൗത്ത്, എലിക്കുളം, എരുമേലി, മുക്കൂട്ടുതറ, കോരുത്തോട് എന്നീ ലോക്കൽ കമ്മറ്റികൾക്ക് കീഴിലായി പായസം വിതരണം നടത്തി.പഴയിടം തയാറാക്കിയ പായസം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.