കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് (CPM Conference) ഇന്ന് കൊച്ചിയില്‍ തുടക്കമാകും. 3ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ബി രാഘവന് നഗറില്‍ രാവിലെ 9.30ന് ആരംഭിക്കും. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെയാണ് സമ്മേളനം. പ്രതിനിധി സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തിന്റെ സമാപനദിവസമായ വെള്ളി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. മറൈന്‍ഡ്രൈവിലെ ഇ ബാലാനന്ദന് നഗറില്‍ പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും കോടിയേരി ബാലകൃഷ്ണന് തുടരും. റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. അതേസമയം താന്‍ മന്ത്രിസഭയിലേക്ക് വരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. ന്യൂസ് 18 കേരളത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച മുതല്‍ എറണാകുളത്ത് ആരംഭിക്കും.
വീണ്ടും തുടര്‍ഭരണത്തിന് ജനങ്ങളുടെ പിന്തുണ നേടുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. ഇതിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ മുന്നോട്ടുവെക്കും. ഇക്കാര്യം വിശദമായി സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ടിയുടെ ബഹുജന പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
Also Read-CPM Conference | 'അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം'; കുറിപ്പുമായി അച്യുതാനന്ദന്റെ മകന് അരുണ്‍കുമാര്‍
പാര്‍ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം കുറഞ്ഞുവരുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും, ജില്ലാ സമ്മേളനങ്ങളില്‍ വിമര്ശനങ്ങളുണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഏറ്റവുമധികം ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ വ്യക്തികേന്ദ്രീകൃതമായി ആരെയെങ്കിലും എതിര്‍ക്കുന്നതിന് വേണ്ടിയാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.