വ്യാജ ഐഡി കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ്
- Published by:Rajesh V
- news18-malayalam
Last Updated:
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നു
തിരുവനന്തപുരം: ലൈംഗിക ആരോപണൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്‍റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍.
യുവതികളുടെ ആരോപണ പരമ്പരകളില്‍പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നഷ്ടമായ രാഹുലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഒരാഴ്ചയായി അടൂരിലെ വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് രാഹുൽ. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്‍റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.
advertisement
രാഹുലിന്‍റെ സന്തതസഹചാരിയായ ഫെനി നൈനാന്‍ ഉള്‍പ്പടെ 4 വിശ്വസ്തരും വ്യാജകാര്‍ഡ് ഉണ്ടാക്കാനുള്ള ആപ്പ് തയാറാക്കിയ കാസര്‍ഗോഡുള്ള യൂത്ത്കോണ്‍ഗ്രസ് നേതാവ് ജയ്സനുമടക്കം ആറ് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വീണ്ടെടുത്ത ശബ്ദരേഖകളിലൊന്നില്‍ രാഹുലിന്‍റെ പേര് പരാമര്‍ശിക്കുന്നുണ്ട്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിന്‍റിടയിലാണ് മൂന്നാം പ്രതിയായ അഭിനന്ദ് വിക്രം രാഹുലിന്‍റെ പേര് പറയുന്നത്. ഇത് കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലിനാണ് വിളിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം തെളിവ് ലഭിച്ചാല്‍ മാത്രം പ്രതിചേര്‍ക്കും. ഇല്ലെങ്കില്‍ സാക്ഷിയാക്കി കുറ്റപത്രം നല്‍കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 27, 2025 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ഐഡി കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ്