കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളത്തിലെ സംഘപരിവാര്‍ അനുഭാവികൾക്കിടയിൽ സൈബർ പോര് ശക്തം. ശബരിമലയിൽ ആചാര സംരക്ഷണത്തിനായുള്ള സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാറിനുള്ള ഭിന്നത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആര്‍എസ്എസ് ബൗദ്ധിക വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ ആര്‍ ഹരിയെ വിമര്‍ശിച്ച് ശങ്കു ടി ദാസ് ഇട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന് റെഡി ടു വെയ്റ്റ് ക്യാംപയിൻ വക്താവ് പത്മ പിള്ള ഇട്ട കമന്റിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ വാദവും പ്രതിവാദവുമായി ഇരുവിഭാഗങ്ങളും സംഘടിച്ചു.
ശബരിമലയിലെ യുവതിപ്രവേശനത്തെ ആദ്യംമുതൽ അനുകൂലിച്ച ആർ ഹരിക്ക് അതിന് പിന്നിൽ ചില വ്യക്തിപരമായ താൽപര്യങ്ങൾ ഉണ്ടെന്നാണ് ശങ്കു ടി ദാസിന്റെ ആരോപണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ടാണ് യുവതി പ്രവേശന വിവാദങ്ങള്‍ തലപൊക്കുന്നതെന്ന വാദങ്ങളുമായി ബന്ധപ്പെടുത്തിയും ആർ ഹരിക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് വിഷയത്തിൽ 'ഗോസ്പല്‍ ഫോര്‍ ഏഷ്യ'യുടെ സ്ഥാപകനും പ്രസിഡന്റുമായ കെ പി യോഹന്നാന് വേണ്ടി ഹാജരാകുന്നത് ആര്‍ ഹരിയുടെ സഹോദരനായ ആര്‍ ഡി ഷേണായി ആണെന്നും ശങ്കു ടി ദാസ് പറയുന്നു. 'ശബരിമല 365 ദിവസവും നട തുറക്കുന്ന, എല്ലാ ദിവസവും എല്ലാവര്‍ക്കും വരാവുന്ന, വിദേശത്തു നിന്നുള്‍പ്പെടെയുള്ള സന്ദര്‍ശക തിരക്ക് കാരണം ഒരു വിമാനത്താവളം ഒക്കെ അധികം ദൂരെയല്ലാതെ ആവശ്യമായി വരുന്നൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കാന്‍ ടിയാന്‍ നടത്തുന്ന പരിശ്രമങ്ങളെ സദ്ദുദ്ദേശപരവും നവോത്ഥാന ദാഹം മൂലവും ആയിരിക്കുമെന്ന് കരുതാനുള്ള നിഷ്‌കളങ്കത ഒന്നും എനിക്കില്ല. ക്ഷമിക്കുമല്ലോ. അയാള്‍ക്ക് ശബരിമല വിഷയത്തില്‍ താല്പര്യ വൈരുധ്യം ഉണ്ടെന്ന് തന്നെ ഞാന്‍ പറയും.'- ശങ്കു ടി ദാസ് വിമർശിക്കുന്നു.
ആർ ഹരി കേരളീയ താന്ത്രിക പദ്ധതിയിൽ യാതൊരു വിശ്വാസവുമില്ലാത്ത മാധവ ദ്വൈതിയും വൈഷ്ണവ സമ്പ്രദായിയുമായ ഗൗഡ സാരസ്വത ബ്രാഹ്മണൻ (ജിഎസ്ബി) ആണെന്നതാണ് മറ്റൊരു ആരോപണം. 'ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനാആയ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയാണ് അയ്യപ്പൻ ദൈവമല്ലെന്നും, കറുത്ത വസ്ത്രം ധരിച്ചു മാലയിട്ട് ശരണം വിളിച്ചു ക്ഷേത്രത്തിൽ പോവുന്നത് നമ്മുടെ സമ്പ്രദായം അല്ലെന്നും, അയ്യപ്പന് കൊടുക്കുന്നതിനു പകരം തിരുമലയിൽ പോയി ആ നെയ്യ് നിങ്ങൾ വെങ്കിട്ടരമണന് കൊടുക്കണമെന്നും മറ്റും സമുദായ അംഗങ്ങളോട് പരസ്യമായി പറഞ്ഞത്.
ആർ ഹരി ആവട്ടെ തന്റെ ജിഎസ്ബി സ്വത്വം മുറുകെ പിടിക്കുന്നയാളും, 16ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശത്തിൽ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലേക്ക് പലായനം ചെയ്യേണ്ടി വന്ന തന്റെ സമുദായത്തെ പറ്റി 'വിസ്താപനാച്ചി കഥ' എന്ന ഹൃദയഭേദകമായ കവിത കൊങ്കിണി ഭാഷയിൽ എഴുതിയ ആളുമാണ്. അങ്ങനെ നോക്കുമ്പോൾ ശബരിമലയുടെ കാര്യത്തിൽ ആർ ഹരിക്ക് സാമുദായികമായ താല്പര്യ വൈരുദ്ധ്യവും ഉണ്ടെന്ന് അനുമാനിക്കേണ്ടി വരും. ആർ ഹരിയുടെ കുലദേവതാ ക്ഷേത്രത്തിൽ സ്വസമുദായം നിലനിർത്തി പോരുന്ന ഈ അയിത്താചരണത്തിൽ അയാൾക്ക് യാതൊരു ആക്ഷേപമോ പരിഷ്കരണ ദാഹമോ ഇല്ല'- ഫേസ്ബുക്ക് പോസ്റ്റിൽ ശങ്കു ടി ദാസ് പറയുന്നു.
ആർ ഹരി ഉന്നയിച്ച വാദങ്ങളെ കൂട്ടുപിടിച്ചാണ് യുവതിപ്രവേശനത്തെ അനുകൂലിക്കുന്നവർ ആചാരസംരക്ഷകരെ നേരിട്ടതെന്ന ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. യുവതികൾ മുന്നിൽ ചെന്നാൽ അയ്യപ്പന്റെ ബ്രഹ്മചര്യം ഒലിച്ചു പോവില്ല തുടങ്ങി പിണറായി വിജയനും കൂട്ടാളികളും ഉന്നയിച്ച സകലമാന വാദങ്ങളും ആർ ഹരിയുടെ സൃഷ്ടികൾ ആയിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയെ പറ്റി സി പി എം അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയിൽ പോലും ആർ ഹരിയുടെ ലേഖനങ്ങളിൽ നിന്നുള്ള വാചകങ്ങളും ഉദ്ധരണികളും ആണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയുള്ള ആർ ഹരിയെ രൂക്ഷമായി തിരിച്ചാക്രമിക്കാൻ അയാളുടെ സംഘ സപര്യ വിശ്വാസി ഹിന്ദുക്കൾക്ക് തടസ്സമേയല്ല. സംഘത്തിനുള്ളിൽ നിൽക്കുന്നവർക്ക് അയാൾ ഋഷിയും മഹാമേരുവും ദൈവതുല്യനുമൊക്കെയാവാം.
പുറത്തു നിൽക്കുന്ന വിശ്വാസിക്ക് എന്തായാലും അയാൾ അയ്യപ്പനെക്കാൾ വല്യ ദൈവമല്ല- കുറിപ്പിൽ ശങ്കു ടി ദാസ് വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെയാണ് ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാറിലെ ഒരു വിഭാഗം ഉപയോഗിച്ചുവെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ റെഡി ടു വെയിറ്റ് വക്താവ് പത്മ പിള്ള രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.