കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി
Last Updated:
കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ബാധ്യത മുഴുവൻ സർക്കാരിനു മേൽ വരില്ലേ? അങ്ങനെ വരില്ലായെന്ന് ഉറപ്പു വരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. ഒരിക്കലും ബാധ്യത ആസ്തിയെ മറികടക്കില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് കിഫ്ബി നടത്തുന്നത്.
തിരുവനന്തപുരം: സിഎജി ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കിഫ്ബി സംബന്ധിച്ച് കരട് റിപ്പോർട്ടിന് എതിരെയാണ് ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയത്. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്നു മാത്രമല്ല, ഭരണഘടനാ വിരുദ്ധമാണെന്നു കൂടി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് സിഎജി നടത്തുന്നത് എന്നാണ് ഐസക്കിന്റെ കുറ്റപ്പെടുത്തൽ. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സർക്കാർ സിഎജിക്കു നൽകുന്ന പല കത്തുകളും പ്രതിപക്ഷത്തിന് ലഭിക്കുന്നു. തൃശൂർ രാമനിലയത്തിൽ ഗൂഢാലോചന നടന്നതായി തനിക്കറിയാമെന്നും ഐസക്ക് വെളിപ്പെടുത്തി. സിഎജിയുടെ നടപടികൾ ഭരണഘടനാ പദവിക്ക് യോജിച്ചതല്ല. കരട് റിപ്പോർട്ട് ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്കു നിർത്തി സേച്ഛപരമായ ഭരണത്തിനു കളമൊരുക്കലാണ്. സിഎജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തൽപ്പരകക്ഷികൾ ഉപയോഗപ്പെടുത്തുകയാണ്.
ലൈഫ് മിഷൻ പാർപ്പിട പദ്ധതി, കെ ഫോൺ ഇന്റർനെറ്റ് പദ്ധതി, ടോറസ് ഐടി പാർക്ക് പദ്ധതി, ഇമൊബിലിറ്റി ഇലക്ട്രിക് ബസ് നിർമാണ പദ്ധതി തുടങ്ങിയവയെ അട്ടിമറിക്കുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബിയെ തകർക്കാനുള്ള നീക്കവും ഇതിനോട് ചേർത്ത് വായിക്കണമെന്ന് ഐസക് പറഞ്ഞു.
റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും മുമ്പാണ് ഐസക് പ്രതിരോധവുമായി രംഗത്തുവരുന്നത്. കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് സി എ ജി നടത്തുന്നതെന്ന് ഐസക്ക് കുറ്റപ്പെടുത്തി. കേരളത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സിഎജി കരുതണ്ട. സർക്കാർ അക്കൗണ്ടന്റ് ജനറലിന് നൽകിയ കത്ത് പ്രതിപക്ഷത്തിന് എങ്ങനെ ലഭിച്ചു. ഇത് ഭരണഘടന പദവിക്ക് യോജിച്ചതല്ല. കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായും ഐസക്ക് കുറ്റപ്പെടുത്തി.
advertisement
You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]
advertisement
ഐസക്കിന്റെ വാദങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293(1) കിഫ്ബി ലംഘിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പരാമർശ വിധേയമാകുന്നത്. ഇത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സർക്കാരുകൾ വായ്പ എടുക്കണമെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ, ഇവിടെ സംസ്ഥാന സർക്കാരല്ല ഒരു കോർപ്പറേറ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി നൽകുന്നതു കൊണ്ട് തിരിച്ചടവ് സർക്കാരിന്റെ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ പ്രത്യക്ഷ് ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട.
advertisement
അധികാര കൊതി മൂത്ത് വികസനം തടസപ്പെടുത്തുകയാണ്. ബിജെപിയുമായി കൂട്ടു ചേർന്ന് സംസ്ഥാന വികസനത്തെ തുരങ്കം വയ്ക്കുന്ന ഗൂഢശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. കിഫ്ബിക്ക് എതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബിജെപിയും കോൺഗ്രസും വലിയൊരു രാഷ്ട്രീയ ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് കെ പി സി സി ഗൂഢാലോചനയിൽ മാത്യു കുഴൽനാടൻ വക്കീലായി കേരള ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത്ത് കാർത്തിക് നൽകിയിട്ടുള്ള റിട്ട് ഹർജി. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. 2019ൽ രണ്ടുതവണ ഇതുപോലെ ഹർജി നൽകിയതാണ്. രണ്ടു തവണയും പ്രാഥമിക വാദങ്ങൾക്കു ശേഷം കോടതിയുടെ അനുവാദത്തോടെ ഹർജി പിൻവലിക്കുകയാണ് ചെയ്തത്. ഈ ഫെബ്രുവരി മാസത്തിൽ നൽകിയ ഹർജി മൂന്നാമത്തേതാണ്. ഇത്തവണ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനും പുറമേ സിഎജിയെയും കക്ഷി ചേർത്തിട്ടുണ്ട്. കോടതി കേസ് അതിന്റെ മെറിറ്റിൽ തീർപ്പാക്കട്ടെ. പക്ഷേ, ഈ കേസ് ഉയർത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. അതിനു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി നൽകിയേ തീരൂവെന്ന് ഐസക് ആവശ്യപ്പെട്ടു.
advertisement
ഐസക് ഉയർത്തുന്ന ചോദ്യം
2017ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബി ബജറ്റ് പ്രസംഗത്തിൽ ലക്ഷ്യമിട്ട ചെലവ് കൈവരിച്ചില്ല എന്ന പരാമർശമേയുള്ളൂ. 2018ലെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്ന് പരാമർശമേയുള്ളൂ. ഇവിടെയെങ്ങും ഭരണഘടന വിരുദ്ധമാണെന്ന വാദമില്ല. പിന്നെ എങ്ങനെ 2020ലെ റിപ്പോർട്ടിൽ കടന്നുവന്നു? എജിയുടെ സമഗ്രമായ ഓഡിറ്റ് ജനുവരി മാസത്തിലാണ് ആരംഭിച്ചത്. ആവശ്യപ്പെട്ട രേഖകളെല്ലാം നൽകുക മാത്രമല്ല. ഏതാണ്ട് സമ്പൂർണമായും ഇ ഗവേണൻസ് നടപ്പാക്കിയിട്ടുള്ള കിഫ്ബിയുടെ ഏത് ഫയലും കാണുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പൂർണസ്വാതന്ത്ര്യം പാസ് വേർഡ് അടക്കം കൈമാറിക്കൊണ്ട് നൽകുകയാണ് ചെയ്തത്. 76 ഓഡിറ്റ് ക്വറികളാണ് എജിയുടെ ഓഫീസ് നൽകിയത്. അവയ്ക്കെല്ലാം വിശദമായ മറുപടികളും നൽകി. എക്സിറ്റ് മീറ്റിംഗുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടതായി ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ല. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്സിറ്റ് വേളയിലോ ഒരു ചോദ്യം പോലും ഉന്നയിക്കാതിരുന്ന എജി കരട് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ അത് മുഖ്യവിഷയമായി ഉയർത്തിയിരിക്കുകയാണ്. ഇതിന്റെ ദുഷ്ടലാക്ക് എന്താണെന്ന് തോമസ് ഐസക് ചോദിച്ചു.
advertisement
കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്നത് അടിസ്ഥാനരഹിതമാണ്. ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കീമുകൾ നടപ്പാക്കുന്നതിനു വേണ്ടി ബജറ്റിന് പുറത്ത് വായ്പയെടുത്ത് ചെലവാക്കുന്നതിനെയാണ് ഓഫ് ബജറ്റ് വായ്പകളെന്നു പറയുന്നത്. കിഫ്ബി ഫിനാൻസ് ചെയ്യുന്ന സ്കീമുകൾ ബജറ്റ് കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയല്ല. ആവ ഓഫ് ബജറ്റ് വായ്പകൾ പോലെ സംസ്ഥാന സർക്കാരിനു മേൽ ഭാവിയിൽ ഒരു ബാധ്യതയും വരുത്തുന്നില്ല. കാരണം എല്ലാ വർഷവും ബജറ്റ് കണക്കിൽ ഉൾപ്പെടുത്തി നിയമത്തിൽ വ്യവസ്ഥ ചെയ്ത പോലെ പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുടെ പകുതിയും നൽകുന്നതോടെ സർക്കാരിന്റെ ബാധ്യത തീർന്നു. യു ഡി എഫു കൂടി അംഗീകരിച്ചു പാസാക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്തതു പോലെ നികുതിവിഹിതം നൽകേണ്ട ബാധ്യത മാത്രമേ സർക്കാരിനുള്ളൂ.
advertisement
പക്ഷേ, കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ബാധ്യത മുഴുവൻ സർക്കാരിനു മേൽ വരില്ലേ? അങ്ങനെ വരില്ലായെന്ന് ഉറപ്പു വരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. ഒരിക്കലും ബാധ്യത ആസ്തിയെ മറികടക്കില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് കിഫ്ബി നടത്തുന്നത്. ഇതിനനുസരിച്ചാണ് പ്രൊജക്ടുകൾക്കു അനുവാദം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2020 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി