തിരുവനന്തപുരം: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം. പുതുവർഷത്തിലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യ (21) യിലൂടെയായിരുന്നു. ഡിസംബര്‍ 29ന് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിലാണ് ആദിത്യന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷം തന്നെ അവയവങ്ങള്‍ ദാനം ചെയ്യാൻ പിതാവ് മനോജ് തീരുമാനിക്കുകയായിരുന്നു.
മകന്റെ വേർപാട് താങ്ങാവുന്നതിലപ്പുറമാണെങ്കിലും അമ്മ ബിന്ദുവും ആദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍ മുരളീധരന്‍ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. എ. റംലാബീവി അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു.
Also Read- പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവന്‍റെ ആയുരാരോഗ്യ സൗഖ്യത്തിന് ശബരീശ സന്നിധിയിൽ വഴിപാട്
ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും നല്‍കി. മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ അജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മാർ ഗ്രിഗോറീസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ. ഡിസംബര്‍ 29 ന് ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ രാത്രി 8 30 വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടത്തിപ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ വെച്ച് ആദിത്യന്‍ ഓടിച്ചിരുന്ന ബൈക്കിലും മറ്റൊരു ബൈക്ക് യാത്രക്കാരനായ നെടുമങ്ങാട് സ്വദേശിയും യൂബര്‍ ഇറ്റ്‌സ് ജീവനക്കാരനുമായ അബ്ദുള്‍ റഹിമിനെയും ഇടിച്ചിട്ടു നിർത്താതെ പോവുകയായിരുന്നു. അബ്ദുള്‍ റഹിം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദിത്യയുടെ ഇളയ സഹോദരി സ്വാതിക് സര്‍വോദയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ആദിത്യയുടെ ശവസംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് ശാസ്തമംഗലത്തുള്ള ബിന്ദുല വീട്ടില്‍ വെച്ച് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in Thiruvananthapuram, Organ donation myths, Thiruvananthapuram