' സ്രാവുകൾക്കൊപ്പം നീന്തിയ' മുന്‍ ഡിജിപി ജേക്കബ് തോമസ് ഇനി ബിജെപിയില്‍
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. "ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നു"മായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) മുൻ ഡയറക്ടർ ജനറലുമായിരുന്ന ഇദ്ദേഹം ജേക്കബ് തോമസ് കോട്ടയം ഈരാറ്റുപേട്ട തീക്കോയിസ്വദേശിയാണ്.
കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് കൃഷിശാസ്‌ത്രത്തിൽ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി.1984-ൽ സിവിൽ സർവീസ് പാസായി 1985-ൽ സർവ്വീസിൽ പ്രവേശിച്ചു.സർവ്വീസിന്റെ അവസാന വർഷങ്ങളിൽ ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. 2019 ഒക്ടോബറിലാണ് ഈ സ്ഥാനത്ത് നിയമിച്ചത്. സർക്കാരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് നിയമനത്തോട് തുടക്കത്തിൽ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 2020 മേയ് 31-ന് സർവ്വീസിൽ നിന്നും വിരമിച്ചു. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
advertisement
1987-ൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പോലീസിൽ സേവനം ആരംഭിച്ചു. 1989-ൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് 1991 വരെ ആ സ്ഥാനത്തു തുടർന്നു. 1991-ൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി.
1997-ൽ കൊച്ചി പോലീസ് കമ്മീഷണറായി വീണ്ടും കാക്കിയിട്ടു .എന്നാൽ 1998 ഏപ്രിൽ 2-ാം തിയതി കമ്മീഷണർ സ്ഥാനത്തു നിന്നും മാറ്റി.1998-ൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ |ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി നിയമിക്കപ്പെട്ടു. എന്നാൽ, അടുത്ത വർഷം തന്നെ അദ്ദേഹത്തെ കേരള വനിതാ കമ്മീഷൻ ഡയറക്ടറായി നിയമിച്ചു. ഇവിടെ 2003 വരെ സർവ്വീസിൽ ഉണ്ടായിരുന്നു. തുടർന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിൽ ഗതാഗത കമ്മീഷണറായി നിയമിതനായി.
advertisement
2010 വരെ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും നിയമിതനായി. പോർട്ടിന്റെ ഡയറക്ടർ സ്ഥാനവും വഹിച്ചു.
2014-ൽ അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ ആയി, പിന്നീട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറായി 2015 വരെ തുടർന്നു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ആന്റ് ഹോം ഗാർഡ്സ് എന്നിവയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു.
എന്നാൽ 2017 ഡിസംബറിൽ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിലായിരുന്നു ആദ്യം സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിനുശേഷം അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 2018 ഏപ്രിലിൽ രണ്ടാമത്തെ സസ്പെൻഷൻ നോട്ടീസ് നൽകി.സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതാണ് കാരണമായത്. 2018 ഡിസംബറിൽ സസ്‌പെൻഷൻ കാലാവധി ആറ് മാസം കൂടി നീട്ടി. ഇതേത്തുടർന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് രണ്ടുവർഷത്തെ സസ്പെൻഷനു ശേഷം മെറ്റൽ ഇൻഡസ്ട്രീസിലെ പദവി വഴി ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തി.
advertisement
സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എഴുതിയത് എന്നത് വിവാദം സൃഷ്ടിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എം എൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ചടങ്ങിൽ നിന്ന് പിന്മാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2021 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' സ്രാവുകൾക്കൊപ്പം നീന്തിയ' മുന്‍ ഡിജിപി ജേക്കബ് തോമസ് ഇനി ബിജെപിയില്‍